തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തില്‍ സര്‍വ്വകാല റിക്കോര്‍ഡ്. ഇന്നലെ സംസ്ഥാനത്ത് ഉപയോഗിച്ചത് 60.5 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ആദ്യമായാണ് സംസ്ഥനത്ത് പ്രതിദിന ഉപഭോഗത്തില്‍ 59 ദശലക്ഷം യൂണിറ്റ് മറികടക്കുന്നത്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പുതിയ കണക്കുകള്‍ വൈദ്യുതി ബോര്‍ഡിനെ ആശങ്കപ്പെടുത്തുന്നുണ്ട്. വര്‍ദ്ധിച്ചു വരുന്ന ചൂടും പരീക്ഷക്കാലമായതും വൈദ്യുതി ഉപഭോഗത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. വീടുകളില്‍ എ. സി അടക്കമുള്ള കൂളിങ്ങ് സംവിധാനങ്ങള്‍ ധാരാളമായി ഉപയോഗിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. ഇതു കൂടാതെ കച്ചവട സ്ഥാപനങ്ങളുടേയും മറ്റും പരസ്യങ്ങള്‍/ അലങ്കാര ഡിസ്‌പ്ലേകള്‍ എന്നിവയ്ക്കും ധാരാളം വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. വര്‍ദ്ധിച്ചു വരുന്ന വൈദ്യുതിയുടെ ഉപഭോഗത്തിനനുസരിച്ച് ആനുപാതികമായി ഉല്പാദനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നില്ല. വൈദ്യുതി ഉപയോഗം കുറക്കുവാനായില്ലെങ്കില്‍ സംസ്ഥാനം കനത്ത വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് വൈദ്യുതി ബോര്‍ഡും ഈ രംഗത്തെ വിദഗ്ദരും പലതവണ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.