തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനകാര്യ മന്ത്രി കെ. എം. മാണി കൈക്കൂലി വാങ്ങിയതു സംബന്ധിച്ച് മതിയായ തെളിവുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണമെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാല കൃഷ്ണന്‍ . മാണിയെ പുറത്താക്കുവാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തയ്യാറല്ലെങ്കില്‍ ഗവര്‍ണര്‍ ഇടപെടണം. നിയമ വാഴ്ചയ്ക്കെതിരെ ഉള്ള വെല്ലുവിളിയാണ് ഇനിയും കെ. എം. മാണി മന്ത്രി സഭയില്‍ തുടരുന്നത്. മാണിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ് യു. ഡി. എഫില്‍ തുടരുന്ന മാണി ജയിലില്‍ പോകുന്നത് ഒഴിവാക്കാനാണെന്നും തന്നെ പ്രതി ചേര്‍ക്കുവാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ കരയാനോ പ്രതിഷേധിക്കാനോ കഴിയാത്ത അവസ്ഥയിലാണ് മാണിയെന്നും കോടിയേരി പറഞ്ഞു. മാണിയെ ഉമ്മന്‍ ചാണ്ടി പുറത്താക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ഇടതു പക്ഷ മുന്നണി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രക്ഷോഭ പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ഈ മാസം 31 ന് ഇടതു മുന്നണി യോഗം ചേരും.
ബാര്‍ കോഴക്കേസിലെ ദൃസാക്ഷിയും ബാര്‍ ഉടമ ബിജു രമേശിന്റെ ഡ്രൈവറുമായ അബിളിയുടെ നുണ പരിശോധനാ ഫലം വിശ്വസനീയമാണെന്ന റിപ്പോര്‍ട്ട് പുറത്തായതോടെ സര്‍ക്കാര്‍ പ്രതിസന്ധി യിലായിരിക്കുകയാണ്. മാണിക്ക് കൈക്കൂലി നല്‍കുന്നത് നേരില്‍ കണ്ടു എന്നത് ഉള്‍പ്പെടെയുള്ള അമ്പിളിയുടെ മൊഴി വിശ്വസനീയ മാണെന്നാണ് നുണ പരിശോധനാ റിപ്പോര്‍ട്ടില്‍ ഉള്ളതെന്നാണ് സൂചന. ഈ മാസം 18നാണ് അമ്പിളിയെ പോലീസ് ആസ്ഥാനത്തെ ഫോറന്‍സിക് ലാബില്‍ നുണ പരിശോധനയ്ക്ക് വിധേയനാക്കിയത്. റിപ്പോര്‍ട്ട് ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ്, വിവാദം