കുമളി:പെരിയാര്‍ കടുവ-വന്യജീവി സങ്കേതത്തിലെ വനമേഘലയില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ പിടിയാന ആന്ത്രാക്സ് മൂലമാണ് മരിച്ചതെന്ന് പ്രാഥമിക കണ്ടെത്തല്‍. വള്ളക്കടവ് റേഞ്ചിന്റെ പരിധിയില്‍ വരുന്ന മച്ചാന്‍ പ്രദേശത്ത് 25 നും 30 നും ഇടയില്‍ പ്രായം വരുന്ന പിടിയാനയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വനം വകുപ്പിലെ വെറ്റിനറി സര്‍ജനായ ഡോ.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉളള സംഘം പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം ആനയുടെ ജഡം ദഹിപ്പിച്ചു. ആന്തരാവയവങ്ങളുടെയും മറ്റും സാമ്പിള്‍ പാലോടുള്ള വനം വകുപ്പിന്റെ വെറ്റിനറി ലാബിലേക്ക് വിദഗ്ദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഈ പ്രദേശാത്ത് 2006-ല്‍ മറ്റൊരാനയേയും ആന്ത്രാക്സ് ബാധിച്ച് ചരിഞ്ഞതായി കണ്ടെത്തിയിരുന്നു. ബാസിലസ് ആന്ത്രാക്സ് എന്ന രോഗാണു മനുഷ്യര്‍ ഉള്‍പ്പെടെ ഉള്ള ജീവികളില്‍ ബാധിച്ചാല്‍ ആന്തരാവയവങ്ങളെ ആണ് പ്രധാനമായും ബാധിക്കുക. രോഗം ബാധിച്ച ജീവിയുടെ കുളമ്പ് നഖം എന്നിവ ചീഞ്ഞ് ശരീരത്തില്‍ നിന്നു വേര്‍പെടുകയും ആന്തരാവയവങ്ങള്‍ അഴുകുന്നതിന്റെ ഭാഗമായി വായ, മൂക്ക് തുടങ്ങി ശരീരത്തിലെ ദ്വാരങ്ങളിലൂടെ രക്തവും പഴുപ്പും പുറത്തേക്ക് ഒഴുകുന്നു . ഇത് മറ്റു ജീവികളിലേക്കും രോഗം പടരുവാന്‍ ഇടയാക്കുന്നു. മുപ്പത് വര്‍ഷത്തോളം ജീവിക്കുവാന്‍ ശേഷിയുണ്ട് ആന്ത്രാക്സ് പരത്തുന്ന രോഗാണുവിന്. ധാരാളം ജീവികള്‍ ഉള്ള പെരിയാര്‍ വന്യജീവി കേന്ദ്രത്തില്‍ ആന്ത്രാക്സ് രോഗം മൂലം ആന ചരിഞ്ഞത് ആശങ്കയുണ്ടാക്കുന്നതാണ്. മറ്റു ജീവികളിലേക്ക് ഇത് പടര്‍ന്നു പിടിച്ചാല്‍ അവ കൂട്ടത്തോടെ ചത്തൊടുങ്ങുവാന്‍ ഇടയുണ്ട്.
രോഗം പടരുന്നത് തടയുന്നതിനായി സാധാരണ രീതിയില്‍ പ്രതിരോധ കുത്തിവെപ്പ് നടത്തുകയാണ് പതിവ്. എന്നാല്‍ വന്യജീവികളില്‍ മുഴുവന്‍ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നത് പ്രായോഗികമല്ല. വനമേഘലയോട് ചേര്‍ന്ന പ്രദേശങ്ങളിലും മറ്റും കന്നുകാലികളില്‍ ആന്ത്രാക്സിനെ പ്രതിരോധിക്കുവാനായി “ആന്ത്രാക്സ് പോര്‍ വാക്സിന്‍“ എന്ന പ്രതിരോധ കുത്തിവെപ്പ് നടത്താറുണ്ട്.ഈ രോഗം ബാധിച്ച് കൊല്ലപ്പെടുന്ന ജീവികളുടെ ജഡം കത്തിച്ചു കളയുകയാണ് ചെയ്യുക.ആഴമുള്ള കുഴികളില്‍ കുമ്മായമുള്‍പ്പെടെ പല അണുനാശിനികളും ചേര്‍ത്ത് കുഴിച്ചിടുന്ന പതിവുമുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, വന്യജീവി, വൈദ്യശാസ്ത്രം