കൊച്ചി : ബഹറൈനില്‍ നിന്നും 137 യാത്രക്കാരുമായി കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയ ഗള്‍ഫ് എയര്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നി മാറി ഉണ്ടായ അപകടത്തില്‍ 7 യാത്രക്കാര്‍ക്ക് പരിക്ക് പറ്റി. ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് വലിയ വിമാനങ്ങള്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നത് അധികൃതര്‍ വിലക്കിയിട്ടുണ്ട്. എന്നാല്‍ വിമാനത്താവളം പൂര്‍ണമായി അടച്ചിട്ടിട്ടില്ല. ചെറു വിമാനങ്ങള്‍ക്ക് ഇപ്പോഴും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങാവുന്നതാണ് എന്ന് വിമാനത്താവള മേധാവി എ. സി. കെ. നായര്‍ അറിയിച്ചു.
ഗള്‍ഫ് എയറിന്റെ ജി. എഫ്. 270 എന്ന ഫ്ലൈറ്റാണ് ഇന്ന് പുലര്‍ച്ചെ 4:10ന് 137 യാത്രക്കാരും 7 ജീവനക്കാരുമായി ബഹറൈനില്‍ നിന്നും എത്തിയ വിമാനം ലാന്‍ഡ് ചെയ്യുവാനുള്ള ശ്രമത്തില്‍ റണ്‍വേയില്‍ നിന്നും തെന്നി പോവുകയാണ് ഉണ്ടായത്. ഇതേ തുടര്‍ന്ന് പരിഭ്രാന്തരായ യാത്രക്കാരില്‍ ചിലര്‍ അടിയന്തിര നിര്‍ഗ്ഗമന വാതില്‍ തുറന്ന് പുറത്തേയ്ക്ക് ചാടി. ഇതേ തുടര്‍ന്ന് കാല്‍ ഒടിഞ്ഞ ഒരു യാത്രക്കാരനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കുകള്‍ ഉള്ള മറ്റു യാത്രക്കാരെ പ്രഥമ ശ്രുശ്രൂഷ നല്‍കി വിട്ടയച്ചു.
കാറ്റും മഴയും മൂലമാവും അപകടം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, വിമാന സര്‍വീസ്