എറണാകുളം : മത്സ്യബന്ധന തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പലിലെ സൈനികര്‍ വെടിവെച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിലെ കത്തോലിക്കാ മന്ത്രിമാരെ താന്‍ സമീപിച്ചു എന്നും കേസില്‍ നീതി നടപ്പിലാക്കാന്‍ താന്‍ ഇടപെടും എന്നുമുള്ള കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയ വിവാദ പ്രസ്താവന ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ ഏജന്സിയ ഫീദെസ് തങ്ങളുടെ വെബ് സൈറ്റില്‍ നിന്നും പിന്‍വലിച്ചു.
നേരത്തെ വാര്‍ത്ത നല്‍കിയ പേജില്‍ ഇപ്പോള്‍ “ഈ വാര്‍ത്ത ഇപ്പോള്‍ ലഭ്യമല്ല” എന്ന ഒരു അറിയിപ്പാണ് ഉള്ളത്.
നേരത്തെ നല്‍കിയ വാര്‍ത്തയില്‍ വാര്‍ത്താ ഏജന്‍സിയോട് കര്‍ദ്ദിനാള്‍ പറഞ്ഞത് ഇപ്രകാരമാണ് :
രണ്ടു കത്തോലിക്കാ തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച കഥ ഞാന്‍ കേട്ടു. വേദനാജനകമാണ് അത്. ഉടന്‍ തന്നെ താന്‍ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരെ ബന്ധപ്പെട്ട് കേസില്‍ സര്‍ക്കാര്‍ തിടുക്കത്തില്‍ തീരുമാനങ്ങളൊന്നും എടുക്കരുത് എന്ന് നിര്‍ദ്ദേശിച്ചു. സംഭവത്തില്‍ വ്യക്തമായും ചില പിഴവുകള്‍ ഉണ്ട്. മത്സ്യബന്ധന തൊഴിലാളികള്‍ കടല്‍കൊള്ളക്കാര്‍ ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. എന്നാല്‍ കാര്യം അതല്ല. “വിദേശ ശക്തികള്‍” എന്നും “അമേരിക്കന്‍ ആധിപത്യം” എന്നൊക്കെ പറഞ്ഞ് തെരഞ്ഞെടുപ്പ് ലക്‌ഷ്യം വെച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സംഭവത്തില്‍ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷമാണ് കേരളത്തില്‍ ഉള്ളത്.
പ്രശ്നം രമ്യമായി പരിഹരിക്കാന്‍ താന്‍ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരുമായി നിരന്തര സമ്പര്‍ക്കത്തിലാണ്. പ്രത്യേകിച്ചും കഴിഞ്ഞ ദിവസങ്ങളില്‍ റോമില്‍ വിശുദ്ധ പിതാവിനോടും പുതിയ കര്‍ദ്ദിനാള്‍മാരോടും ഒപ്പം കുര്‍ബ്ബാനയില്‍ പങ്കെടുത്ത കത്തോലിക്കനായ ടൂറിസം മന്ത്രി കെ. വി. തോമസിന്റെ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് തികഞ്ഞ വിശ്വാസമുണ്ട്. സംസ്ഥാന സര്‍ക്കാരിലും കേന്ദ്ര സര്‍ക്കാരിലും അദ്ദേഹത്തിന് ഏറെ പിടിപാടും സ്വാധീന ശക്തിയുമുണ്ട്. ഈ പ്രശ്നത്തില്‍ താന്‍ പരമാവധി ഇടപെടാം എന്ന് അദ്ദേഹം തനിക്ക് ഉറപ്പു നല്‍കിയിട്ടുമുണ്ട്. അടുത്ത ദിവസങ്ങളില്‍ ഇന്ത്യന്‍ അധികൃതരുമായി താന്‍ നിരന്തരമായി ബന്ധപ്പെട്ട് കൊള്ളാം എന്ന് ഉറപ്പു നല്‍കുന്നു.