ഇടമലയാര്‍ കേസില്‍ തന്നെ ഒരു വര്‍ഷം കഠിന തടവിനു ശിക്ഷിച്ച വിധി പുനപരിശോധി ക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ആര്‍. ബാലകൃഷ്ണ പിള്ള നല്‍കിയ റിവ്യൂ ഹര്‍ജി സുപ്രീം കോടതി തള്ളി. പിള്ളയ്ക്കൊപ്പം ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട പി. കെ. സജീവന്‍ എന്ന കരാറുകാരന്റെ ഹര്‍ജിയും കോടതി തള്ളി. തന്നെ ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ വസ്തുതാ പരമായ തെറ്റുകള്‍ ഉണ്ടെന്നും, ഏതു വകുപ്പ് പ്രകാരമാണ് ശിക്ഷയെന്നത് വിധിയില്‍ പറയുന്നില്ലെന്നും മറ്റും ചൂണ്ടി കാണിച്ചായിരുന്നു ബാലകൃഷ്ണ പിള്ള റിവ്യൂ ഹര്‍ജി നല്‍കിയത്. റിവ്യൂ ഹര്‍ജിയുടെ വാദം തുറന്ന കോടതിയില്‍ ആകണമെന്ന് പിള്ളയുടെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചെങ്കിലും അത് പരിഗണിക്കാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി.
ഇടമലയാര്‍ കേസില്‍ മുന്‍പ് വിചാരണ കോടതി 20 ആരോപണങ്ങളില്‍ 14 എണ്ണത്തില്‍ പിള്ളയെ കുറ്റ വിമുക്തന്‍ ആക്കിയിരുന്നു. എന്നാല്‍ സുപ്രീം കോടതി ഇതിലും പിള്ളയെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഒരു വര്‍ഷത്തെ തടവിനും പതിനായിരം രൂപ പിഴ അടയ്ക്കുവാനും ശിക്ഷ വിധിച്ചത്. ബാലകൃഷ്ണ പിള്ള ഇപ്പോള്‍ പൂജപ്പുര ജെയിലിലാണ്. കേരള രാഷ്ടീയത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴി വച്ച ഇടമലയാര്‍ കേസില്‍ ആര്‍. ബാലകൃഷ്ണ പിള്ളയെ ശിക്ഷിച്ചതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മുന്‍ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യ മന്ത്രിയുമായ വി. എസ്. അച്യുതാനന്ദന്‍ ദീര്‍ഘ കാലം നടത്തിയ നിയമ പോരാട്ടമാണ് ഇടമലയാര്‍ അഴിമതി കേസില്‍ പിള്ളയെ ശിക്ഷിക്കുന്നതിന് ഇട വരുത്തിയത്. ഇടമലയാര്‍ കേസില്‍ ശിക്ഷാ വിധി വന്നതിനെ തുടര്‍ന്ന് വി. എസിനെതിരെ പ്രതിപക്ഷം രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പിള്ളയുടെ റിവ്യൂ ഹര്‍ജി തള്ളിയത് യു. ഡി. എഫിനു വലിയ തിരിച്ചടിയാകും എന്ന് രാഷ്ടീയ നിരീക്ഷകര്‍ കരുതുന്നു.