തിരുവനന്തപുരം : ജൈവ മാലിന്യങ്ങളെ സംബന്ധിച്ച് ജനീവയില്‍ നടന്ന സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ അപകടകാരികളായ മാലിന്യങ്ങളെ ആഗോള തലത്തില്‍ നിരോധിക്കുവാനുള്ള കരാറിന്റെ ഭാഗമാക്കി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ തീരുമാനിച്ചു.
സൈലന്റ് വാലി സമരത്തിന് ശേഷം ഇന്ത്യയില്‍ ഇത്രയേറെ ജനശ്രദ്ധ ആകര്‍ഷിച്ച പരിസ്ഥിതി പ്രക്ഷോഭമായ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭം കഴിഞ്ഞ ദിവസം മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ നടത്തിയ നിരാഹാര സമരത്തോടെ ലോക ശ്രദ്ധ തന്നെ പിടിച്ചു പറ്റിയിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള തീരുമാനം ജനീവയില്‍ നിന്നും പുറത്തു വന്നതോടെ ഇതിനായി അശ്രാന്തം പരിശ്രമിച്ച പ്രവര്‍ത്തകര്‍ വിജയാഹ്ലാദ പ്രകടനങ്ങളുമായി രംഗത്തെത്തി.
വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തുന്ന പ്രവര്‍ത്തകര്‍
കീടനാശിനി ഉല്‍പ്പാദകരുടെ താളത്തിനൊത്ത് നൃത്തം ചെയ്തു കൊണ്ട് ആഗോള നിരോധനത്തെ സമ്മേളനത്തില്‍ എതിര്‍ത്ത് കൊണ്ട് നിലപാട് എടുത്ത ഇന്ത്യക്ക് വന്‍ തിരിച്ചടിയായി ഈ നിരോധനം. എന്‍ഡോസള്‍ഫാന്‍ അപകടകാരിയല്ല എന്നായിരുന്നു കോര്‍പ്പൊറേറ്റ് ഏറാന്‍മൂളികളായ കേന്ദ്ര ഭരണാധികാരികള്‍ ഇത്രയും നാള്‍ പറഞ്ഞു പോന്നത്. ഈ നിലപാട് കഴിഞ്ഞ ദിവസങ്ങളില്‍ പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഇനിയും മന്ത്രി സ്ഥാനത്ത് തുടരാന്‍ രമേഷ് അര്‍ഹനല്ല എന്ന് കോണ്ഗ്രസ് നേതാവ് വി. എം. സുധീരന്‍ തന്നെ പ്രസ്താവിച്ചത് യു. പി. എ. സര്‍ക്കാരിനും വിശിഷ്യ കേരളത്തിലെ യു. ഡി. എഫ്. നേതൃത്വത്തിനും വന്‍ നാണക്കേടുമായി.
നാണം കെട്ടവര്‍ക്ക് ഇതൊന്നും പുത്തരി അല്ലെങ്കിലും നാണക്കേടിന്റെ കണക്കുകള്‍ ഈ കാര്യത്തില്‍ എടുത്തു പറയാതെ വയ്യ. കേരളത്തില്‍ മാത്രമല്ലേ ഈ പ്രശ്നമുള്ളൂ? അവിടെ നിങ്ങള്‍ ഇത് നിരോധിക്കുകയും ചെയ്തു. പിന്നെ, ഇന്ത്യ മുഴുവന്‍ നിരോധിക്കണം എന്നും പറഞ്ഞു എന്തിനാ നിങ്ങള്‍ സമരം ചെയ്യുന്നത് എന്നായിരുന്നു കേന്ദ്ര കൃഷി മന്ത്രി ശരദ് പവാറിന്റെ ചോദ്യം.
നിങ്ങള്‍ കാണിക്കുന്ന പഠന റിപ്പോര്‍ട്ട് ഒന്നും പോര. ഇനി പുതിയ ഒരു പഠനം ഞങ്ങള്‍ നടത്തട്ടെ. എന്നിട്ട് തീരുമാനിക്കാം എന്ന് പറഞ്ഞ പഠിപ്പുള്ള പ്രധാന മന്ത്രിക്ക് ഇനി പ്രശ്നം നേരിട്ട് കണ്ടു പഠിക്കാന്‍ കാസര്‍കോട് വരേണ്ടി വരില്ല.
കേരളത്തില്‍ നിന്നും സ്റ്റോക്ക്‌ഹോം കണ്‍വെന്ഷനില്‍ പങ്കെടുത്ത പ്രതിനിധികള്‍ നല്‍കിയ പഠന റിപ്പോര്‍ട്ടുകളുടെ കോപ്പികള്‍ എടുത്ത് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ അംഗങ്ങള്‍ക്കിടയില്‍ മറ്റു രാഷ്ട്രങ്ങള്‍ വിതരണം ചെയ്തതോടെ ഇന്ത്യയുടെ ഔദ്യോഗിക റിപ്പോര്‍ട്ടിലും കൂടുതല്‍ മതിപ്പ് കേരളത്തിന്റെ റിപ്പോര്‍ട്ടിന് വന്നതിലും വലിയ ഒരു മാനഹാനി എന്തുണ്ട്?
കേരള മുഖ്യ മന്ത്രി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനായി നിരാഹാരം കിടക്കുന്നതിന്റെ തല്‍സമയ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ് വഴി ജനീവയില്‍ പ്രദര്‍ശിപ്പിച്ചതും ഇത് ലോക നേതാക്കള്‍ ഗൌരവമായി തന്നെ നിരീക്ഷിച്ചതും ശ്രദ്ധേയമായി.
മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നടത്തിയ നിരാഹാര സമരം
ഏതായാലും അണ്ണാ ഹസാരെ തുടങ്ങി വെച്ച ജനകീയ മുന്നേറ്റത്തിന്റെ പുതിയ സാദ്ധ്യതകള്‍ വീണ്ടും വ്യക്തമാക്കിയ എന്‍ഡോസള്‍ഫാന്‍ സമരത്തിന്റെ വിജയം തങ്ങള്‍ക്കു സമ്മാനിച്ച ജാള്യത ഭരണമാറ്റം എന്ന പഞ്ചവത്സര സര്‍ക്കസിലൂടെ കേരള ജനത മെയ് 13 ന് മാറ്റി തരും എന്ന പ്രതീക്ഷയിലാണ് കേരളത്തിലെ യു. ഡി. എഫ്. നേതാക്കള്‍.