കാസര്‍ഗോഡ് : എന്‍ഡോള്‍ഫാന്‍ വിരുദ്ധ സമിതി കാസര്‍കോഡ് സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തിയ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവ ശരത് പവാറിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ നടത്തി. ശരത് പവാര്‍ അഴിമതി ക്കാരനായ തിനാലാണ് എന്‍ഡോസള്‍ഫാന്‍ ലോബിയുടെ പക്ഷത്ത് നിന്നു കൊണ്ട് പ്രവര്‍ത്തി ക്കുന്നതെന്നും, ക്രിക്കറ്റിനു വേണ്ടി ഏറെ സമയം ചെലവഴിക്കുന്ന ശരത് പവാറിനു കൃഷിയുടെ കാര്യത്തിലും എന്‍ഡോസള്‍ഫാന്‍ മൂലം ഏറെ ദുരിത മനുഭവിക്കുന്ന ഇരകളുടെ വേദന കാണാനോ സമയമില്ലെന്നും, കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നികുതി ഇളവിലൂടെ ഐ. ഐ. സി. ക്ക് ലഭിച്ച തുകയെങ്കിലും ദുരിത ബാധിതരെ സഹായിക്കാന്‍ ഉപയോഗിക്കണമെന്നും അല്ലാത്ത പക്ഷം അദ്ദേഹം കൃഷി മന്ത്രി സ്ഥാനം രാജി വെയ്ക്കണമെന്നും വന്ദന ശിവ ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം അന്തര്‍ ദേശീയ തലത്തിലേക്ക് ഉയര്‍ത്തി കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. 25നു സ്റ്റോക്ക് ഹോമില്‍ നടക്കുന്ന ലോക പരിസ്ഥിതി സമ്മേളനത്തില്‍ ഇന്ത്യ എന്‍ഡോസള്‍ഫാനെതിരെ നിലപാട് സ്വീകരിക്കുവാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് കണ്‍വെന്‍ഷനിലൂടെ ലക്ഷ്യമിടുന്നത്.
ഇത്തവണ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഇനി പത്തു വര്‍ഷത്തോളം കാത്തിരിക്കേണ്ടി വരുമെന്നും അതിനാല്‍ ഈ ലോക പരിസ്ഥിതി സമ്മേളനത്തില്‍ തന്നെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കാസര്‍കോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ വനം പരിസ്ഥിതി മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ഡോ. രവീന്ദ്രനാഥ് ഷാന്‍ ഭോഗ്, വി. എം. സുധീരന്‍, എം. എ. റഹ്മാന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
എന്‍ഡോസള്‍ഫാനെതിരെ സ്ഥാപിച്ചിട്ടുള്ള ഒപ്പു മരത്തില്‍ ഇതിനകം ആയിരങ്ങളാണ് ഒപ്പു വെച്ചത്.
- സ്വന്തം ലേഖകന്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പരിസ്ഥിതി, മനുഷ്യാവകാശം, വിവാദം