തിരുവനന്തപുരം: കനത്ത ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട് നീരൊലിച്ച് നില്‍ക്കുന്ന ഒരു ആന എങ്ങിനെ വോട്ടറെ സ്വാധീനിക്കും എന്ന് ചോദിച്ചാല്‍ കഴക്കൂട്ടത്തുകാര്‍ പറയും തീര്‍ച്ചയായും സ്വാധീനിക്കും എന്ന്. അത് പക്ഷെ അവനില്‍ നിന്നും ഏതെങ്കിലും വിധത്തില്‍ ഉള്ള ഭീഷണിയോ മറ്റു പ്രലോഭനമോ ഒന്നുമല്ല ഇങ്ങനെ പറയുവാന്‍ അവരെ പ്രേരിപ്പിക്കുന്നത്, മറിച്ച് കഴക്കൂട്ടം മണ്ഡലത്തില്‍ ബി. എസ്. പി. സ്ഥാനാര്‍ഥിയുടെ ചിഹ്നം ആനയാണെന്നത് മാത്രമാണ് കാരണം. തിരഞ്ഞെടുപ്പിന്റെ ചൂടും വാശിയുമൊന്നും മദക്കോളിന്റെ വന്യമായ മാനസികാവസ്ഥയില്‍ നില്‍ക്കുന്ന കാര്‍ത്തികേയനെ ബാധിക്കുന്നതേയില്ല. എങ്കിലും ചിലര്‍ക്ക് കാര്‍ത്തികേയന്റെ സാന്നിധ്യം തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന് തോന്നിയെന്ന് മാത്രം.
കഴക്കൂട്ടം മണ്ഡലത്തിലെ പോളിങ്ങ് ബൂത്തുകളില്‍ ഒന്നായ തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ ഉള്ളൂര്‍ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസിന്റെ സമീപത്താണ് തിരുവിതാംകൂര്‍ ദേവസ്വം കാര്‍ത്തികേയനെ തളച്ചിരുന്നത്. വോട്ടു ചെയ്യാന്‍ പോളിങ്ങ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് സ്ഥാനാര്‍ഥികളില്‍ ഒരാളുടെ ചിഹ്നം തൊട്ടപ്പുറത്ത് ജീവനോടെ നില്‍ക്കുന്നത് വോട്ടിങ്ങിനെ സ്വാധീനിച്ചേക്കാം എന്ന് കരുതി അവനെ മാറ്റിക്കെട്ടണമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ ദേവസ്വം അധികൃതരോട് ആവശ്യപ്പെട്ടു. എന്നാല്‍ കാര്‍ത്തികേയന്‍ നീരില്‍ നില്‍ക്കുന്നതിനാല്‍ അത് സാധ്യമല്ലെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് വോട്ടു ചെയ്യുന്നവര്‍ കാര്‍ത്തികേയനെ കാണാത്ത വിധം ടാര്‍പ്പോളിന്‍ ഷീറ്റു കൊണ്ട് മറച്ചു കെട്ടി പ്രശ്നം പരിഹരിച്ചു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, തിരഞ്ഞെടുപ്പ്