തിരുവനന്തപുരം : വയനാട്ടിലെ കളക്ട്രേറ്റില്‍ നടന്ന പി. എസ്. സി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമ സഭ ഇന്നത്തേക്ക് പിരിഞ്ഞു. റവന്യൂ മന്ത്രി കെ. പി. രാജേന്ദ്രനെ മാറ്റി നിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗം തിരുവഞ്ചൂര്‍ രാധാകൃഷണന്‍ ആണ് അടിയന്തിര പ്രമേയത്തിനു അപേക്ഷ നല്‍കിയത്. ഈ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചതായും അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തിര പ്രമേയത്തിനു പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ സഭയില്‍ വിശദീകരണം നല്‍കി. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെയ്ക്കുകയായിരുന്നു.
പോലീസ് വെരിഫിക്കേഷനില്‍ പോലും കൃത്രിമം കാണിക്കുകയും പി. എസ്. സി. യുടെ നിയമനത്തെ അട്ടിമറിച്ചു കൊണ്ട് പണം കൈപ്പറ്റി സര്‍ക്കാര്‍ ജോലിയില്‍ നിയമനം നടത്തുകയും ചെയ്തത് അങ്ങേയറ്റം ഗുരുതരമായി കണക്കാക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.



കൊല്ലം : തീവണ്ടി വരുന്ന സമയം അറിയാന്‍ പറവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രാത്രി കാലങ്ങളില്‍ വിളിച്ചിട്ട് കാര്യമില്ല എന്ന് കൊല്ലത്തുകാര്‍ക്ക് നന്നായിട്ടറിയാം. കാരണം വിളിച്ചിട്ട് ഫലമില്ലാതായി നേരിട്ട് സ്റ്റേഷനില്‍ ചെന്ന പലരും കണ്ടത് പുതച്ചു മൂടി ഉറങ്ങുന്ന “അന്വേഷണ” ഉദ്യോഗസ്ഥനെയാണ്. പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ല എന്നും ഇവര്‍ പറയുന്നുണ്ട്. അടുത്ത കാലത്താണ് ഈ പരിപാടി തുടങ്ങിയതത്രെ. സ്റ്റേഷനിലേക്ക് വിളിച്ചാല്‍ ഈയിടെയായി രാത്രി ഫോണ്‍ എടുക്കാറേയില്ല. രാത്രി വണ്ടികളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഇത് മൂലം ഉണ്ടാകുന്നു. തീവണ്ടി വൈകിയാണ് എത്തുന്നത് എന്ന് അറിഞ്ഞാല്‍ അതിന് അനുസരിച്ച് മാത്രം വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ മതിയല്ലോ എന്ന് കരുതി റേയില്‍വേ സ്റ്റേഷനിലേക്ക് വിളിക്കുന്നവര്‍ക്ക് ഇവിടെ നിന്നും മറുപടി ലഭിക്കാറേയില്ല. 



























