ചിറ്റൂര്‍ : വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താന്‍ കള്ളു കച്ചവടം നിര്‍ത്തുന്നതായി ചിറ്റൂര്‍ എം. എല്‍. എ. കെ.അച്യുതന് പ്രഖ്യാപിച്ചത് കോണ്ഗ്രസില്‍ ആശയ കുഴപ്പത്തിന് ഇടയാക്കി. മുപ്പതു വര്‍ഷത്തോളമായി കള്ളു വ്യവസായ രംഗത്തുള്ള എം.എല്‍.എ വ്യാജക്കള്ള് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനം എടുത്തതില്‍ അപാകത ഉണ്ടെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. പ്രത്യേകിച്ചും താന്‍ വ്യാജക്കള്ള് കൊണ്ട് വന്നത് ചിറ്റൂരില്‍ നിന്നുമാണെന്ന് പിടിയിലായ ദ്രവ്യന്‍ പോലീസിനോട് പറഞ്ഞ സാഹചര്യത്തില്‍ അച്യുതന്റെ പ്രഖ്യാപനം അണികളില്‍ ആശങ്ക ഉളവാക്കും എന്ന് ഇവര്‍ കരുതുന്നു.
മലപ്പുറത്തെ ദുരന്തത്തില്‍ തനിക്കോ കുടുംബത്തിനോ യാതൊരു പങ്കുമില്ലെന്നും സി.പി.എം തന്നെ വേട്ടയാടുകയാണെന്നും എം. എല്‍. എ. പറയുന്നുണ്ടെങ്കിലും കള്ള് കച്ചവടം നിര്‍ത്താനുള്ള പ്രഖ്യാപനം അച്യുതന് കേസുമായുള്ള ബന്ധത്തിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെടാന്‍ ഇടയാക്കും എന്നാണ് നേതാക്കളുടെ ഭയം.
താന്‍ കാരണം യു.ഡി.എഫിനും പാര്ട്ടിക്കും പ്രശ്നം ഉണ്ടാകാന്‍ പാടില്ലെന്നും, ഇതു സംബന്ധിച്ച് നേതാക്കളുമായി സംസാരിച്ചതിന്റെ പശ്ചാത്തലത്തില്‍ ആണ് തീരുമാനത്തില്‍ എത്തിയതെന്നും അച്യുതന്‍ പറഞ്ഞു.
ചിറ്റൂരില്‍ നിന്നും ആരും വ്യാജക്കള്ളു കൊണ്ടു പോകുന്നില്ലെന്നും, ചിറ്റൂരില്‍ നിന്ന് പോകുന്ന ഓരോ കുപ്പി കള്ളിനും തനിക്ക് കമ്മീഷന്‍ കിട്ടുന്നുണ്ടെന്ന ആരോപണം സത്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കേണ്ട സമയത്ത് ഇത്തരമൊരു കുറ്റസമ്മതം നടത്തിയത് അച്യുതന് വ്യാജക്കള്ള് ദുരന്തവുമായി ബന്ധമുണ്ടെന്ന സംശയം ജനിപ്പിക്കുന്നു എന്ന് ഒരു വിഭാഗം നേതാക്കള്‍ കരുതുന്നു. തന്റെ വീടിനോട് ചേര്‍ന്നുള്ള ഗൊഡൗണില്‍ കള്ളു കച്ചവടം നടത്തുന്നുണ്ടെന്ന ആരോപണം നിഷേധിച്ച ഇദ്ദേഹം അവിടെ തന്റെ അനിയനും സുഹൃത്തുക്കളും പാര്‍ട്ടി ഓഫീസായി ഉപയോഗിക്കുകയാണ് എന്ന് പത്ര സമ്മേളനത്തിനിടെ പറഞ്ഞതും കോണ്ഗ്രസിന് ക്ഷീണമായി.
കോണ്ഗ്രസ് തത്തമംഗലം മണ്ഡലം കമ്മിറ്റി ഓഫീസ് പള്ളിമുക്കില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇങ്ങനെയൊരു കള്ളം പറഞ്ഞത് അണികളില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം