കോട്ടയം: മോഷിടിച്ച കിണ്ടിയുമായി അലങ്കരിച്ച തുറന്ന വാഹനത്തില് നാടുനീളെ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് മുന്നേറുന്ന കള്ളന്‍ കോരമാണി, അകമ്പടിയായി അനൌണ്‍സ്‌മെന്റും നൂറുകണക്കിനു ബൈക്കുകളും. കാഴ്ചക്കാര്‍ ആദ്യം ഒന്ന് അമ്പരന്നു പിന്നെയാണ് കാര്യം മനസ്സിലായത്. കോഴയാരോപണം നേരിടുന്ന ധനകാര്യമന്ത്രി കെ.എം.മാണിയ്ക്ക് പാലായില്‍ കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കുന്നതിനെ പരിഹസിച്ചു കൊണ്ട് ഡി.വൈ.എഫ്.ഐ നടത്തിയ ആക്ഷേപ റാലിയാണതെന്ന്. നൂറു മോഷണം പൂര്‍ത്തിയാക്കിയ കോരമാണി എന്ന സാങ്കല്പിക “കള്ളന്“ സ്വീകരണം നല്‍കിക്കൊണ്ടുള്ള വ്യത്യസ്ഥമായ പ്രതിഷേധ രൂപം കുറിക്ക് കൊണ്ടു. നൂറാമത്തെ മോഷണ മുതല്‍ ഒരു കിണ്ടിയുമായാണ് “പാലായുടെ സ്വന്തം കള്ളന്‍ കോര“ ചിരിച്ചും കൈകൂപ്പിയും കൈവീശിക്കാട്ടിയും കൊട്ടാരമറ്റം ബസ്റ്റാന്റ് മുതല്‍ നഗരത്തെ അഭിസംബോധന ചെയ്തു മുന്നോട്ട് നീങ്ങിയത്.
പ്രകടനം അവസാനിപ്പിച്ചപ്പോള്‍ കോരയെ അഭിനന്ദിച്ച് മുഖ്യമന്ത്രിയുടേയും മറ്റും പ്രച്ഛന്ന വേഷങ്ങളും ഉണ്ടായിരുന്നു. ചുറ്റും കൂടിയ ആളുകള്‍ കോരയെ ചുമ്പനവും ലഡ്ഡുവും നല്‍കി അഭിനന്ദിക്കുകയും ചെയ്തു. കോരയുടെ യാത്രയെ മൊബൈലില്‍ പകര്‍ത്തുവാനും പ്രകടനം കഴിഞ്ഞ് കള്ളന്‍ കോരയ്ക്കൊപ്പം സെല്ഫിയെടുക്കുവാനുംവലിയ തിരക്കായിരുന്നു. ഫേസ്ബുക്ക് ഉള്‍പ്പെടെ ഉള്ള സോഷ്യല്‍ മീഡിയായിലും “കള്ളന്‍ കോര” വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.
ബാര്‍ കോഴ ഉള്‍പ്പെടെ അഴിമതിയുമായി ബന്ധപ്പെട്ട് കെ.എം.മാണിയ്ക്കെതിരെ പ്രതിപക്ഷം നിയമ സഭയ്ക്ക്കത്തും പുറത്തും ശക്തമായ പ്രക്ഷോഭങ്ങളാണ് നടത്തിവരുന്നത്. ഇപ്പോള്‍ അദ്ദേഹത്തിനെതിരായി സ്വന്തം പാര്‍ട്ടിയില്‍ തന്നെ അഭിപ്രായങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിലെ ഒരു വിഭാഗവും മാണിയുടെ രാജിയ്ക്കായി രഹസ്യമായി നീക്കങ്ങള്‍ നടത്തുന്നുണ്ട്. കോണ്‍ഗ്രസ് വക്താവ് കൂടെയായ പന്തളം സുധാകരന്‍ കഴിഞ്ഞ ദിവസം ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ മാണിക്ക് വിശ്രമം നല്‍കണമെന്നും ആ ചുമതല മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം