തിരുവനന്തപുരം: എസ്. എന്‍. സി. ലാവ്‌ലിന്‍ കേസിന്റെ പ്രതിപട്ടികയില്‍ നിന്നും സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഒഴിവാക്കിക്കൊണ്ടുള്ള സി. ബി. ഐ. കോടതിയുടെ വിധി കേരള രാഷ്ടീയത്തില്‍ നിര്‍ണ്ണായകമാകുന്നു. കേരളത്തില്‍ ഒരു ഭരണമാറ്റത്തിലേക്ക് ഈ വിധി എത്തിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ലാവ്‌ലിന്‍ കേസില്‍ പിണറായി ഉള്‍പ്പെട്ടതോടെ ഉണ്ടായതിനേക്കാള്‍ വലിയ മാറ്റമായിരിക്കും അദ്ദേഹം ഈ കേസില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ ഉണ്ടാകുക. രാഷ്ടീയ ശത്രുക്കളും പാര്‍ട്ടിയിലെ വിമതരും നിരന്തരം ഈ കേസിന്റെ പേരില്‍ പിണറായിയെ വേട്ടയാടിക്കൊണ്ടിരുന്നു. എന്നാല്‍ ചങ്കൂറ്റത്തോടെ അത്തരം ആരോപണങ്ങളെ നേരിട്ടു എങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അഴിമതിക്കാരന്‍ എന്ന കരിനിഴല്‍ പേറി നില്‍ക്കേണ്ടി വന്ന പിണറായി വിജയന്‍ ആ ആരോപണത്തില്‍ നിന്നും വിമുക്തനാക്കപ്പെട്ടിരിക്കുന്നു. വേട്ടയാടലിന്റെ ഒരു ഘട്ടം അവസാനിച്ചു, മഹാ നേതാക്കന്മാർ, മുന്‍ കമ്യൂണിസ്റ്റുകള്‍ മുതല്‍ ആന്റി കമ്യൂണിസ്റ്റുകള്‍ വരെ എനിക്കെതിരെ ഒന്നിച്ചു എന്നാണ് വിധിയെ തുടര്‍ന്ന് നടത്തിയ പ്രതികരണത്തില്‍ പിണറായി വിജയന്‍ പറഞ്ഞത്.
സി. പി. എമ്മിലെ വിഭാഗീയതയെ രൂക്ഷമാക്കിയതില്‍ ഈ കേസ് വലിയ പ്രാധാന്യം വഹിച്ചിട്ടുണ്ട്. സി. പി. എമ്മിലെ ഉള്‍പ്പാര്‍ട്ടി പോരാട്ടങ്ങളില്‍ വി. എസ്. അച്യുതാനന്ദൻ എന്നും ഒളിഞ്ഞും തെളിഞ്ഞും ആയുധമാക്കിയിരുന്നതില്‍ പ്രധാനപ്പെട്ടത് ലാവ്‌ലിന്‍ കേസായിരുന്നു. ജനകീയനായ വി. എസ്. ലാവ്‌ലിന്‍ കേസില്‍ താന്‍ സി. എ. ജി. റിപ്പോര്‍ട്ടിനെ വിശ്വസിക്കുന്നു എന്ന് പറഞ്ഞ് പിണറായി വിജയനെ പ്രതിരോധത്തിലാക്കിയപ്പോള്‍ പാര്‍ട്ടി ദേശീയ നേതൃത്വം പിണറായി വിജയനൊപ്പം നിലകൊണ്ടു. പാര്‍ട്ടി വിഭാഗീയതയുടേ പെരില്‍ പോളിറ്റ് ബ്യൂറോ വി. എസ്. അച്യുതാനന്ദനെതിരെ നിരവധി തവണ നടപടിയെടുത്തു. ലാവ്‌ലിന്‍ കേസിന്റെ പേരില്‍ ഉയര്‍ത്തിയ ആരോപണങ്ങളുടെ പേരില്‍ കൂടെയാണ് പാര്‍ട്ടിയുടെ പരമോന്നത കമ്മറ്റിയായ പോളിറ്റ് ബ്യൂറോയില്‍ നിന്നും വി. എസിനു പുറത്ത് പോകേണ്ടി വന്നത്. നിരന്തരമായി അച്ചടക്ക നടപടികള്‍ക്ക് വിധേയനാകുന്ന വി. എസ്. പാര്‍ട്ടിയ്ക്ക് അനഭിമതനായിട്ട് കാലമേറെയായി. വി. എസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന അഭിപ്രായം ശക്തമാണ്. എന്നാല്‍ ജനങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണയാണ് വി. എസിന്റെ വലിയ ബലം.
പിണറായിക്ക് അനുകൂലമായ ഈ വിധിയോടെ വരാനിരിക്കുന്നത് വലിയ രാഷ്ടീയ മാറ്റങ്ങള്‍ ആയിരിക്കുമെന്നാണ് രാഷ്ടീയ നിരീക്ഷകര്‍ കരുതുന്നത്. നേരിയ ഭൂരിപക്ഷം മാത്രം ഉള്ള ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഉള്ള യു. ഡി. എഫ്. ഭരണം താഴെ വീഴുന്നതും പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും വി. എസ്. അച്യുതാനന്ദനെ സി. പി. എം. മാറ്റുന്നതും ഉള്‍പ്പെടെ ഉള്ള സംഭവ വികാസങ്ങള്‍ക്ക് വരും ദിനങ്ങള്‍ സാക്ഷ്യം വഹിച്ചേക്കാം എന്ന് കരുതുന്നവര്‍ ഉണ്ട്. ലാവ്‌ലിന്‍ കേസ് നില നില്‍ക്കുന്ന പശ്ചാത്തലത്തില്‍ എൽ. ഡി. എഫ്. അധികാരത്തില്‍ വന്നാല്‍ പിണറായി വിജയന് മുഖ്യമന്ത്രിയാകുവാന്‍ തടസ്സങ്ങള്‍ ഉണ്ട്. എന്നാല്‍ പ്രതിപട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതോടെ ആ പ്രതിസന്ധി മാറിയിരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ യു. ഡി. എഫ്. ഭരണത്തിനെതിരെ ശക്തമായ ജനവികാരമാണ് നിലനില്‍ക്കുന്നത്. അതോടൊപ്പം യു. ഡി. എഫില്‍ പ്രശ്നങ്ങള്‍ രൂക്ഷവുമാണ്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയും മുഖ്യമന്ത്രിയും തമ്മിലും ഘടക കക്ഷികള്‍ തമ്മിലും ഉള്ള ഏകോപനം പലപ്പോഴും നഷ്ടപ്പെടുന്നു. ഭരണവും പാര്‍ട്ടിയും രണ്ടു വഴിക്കാണെന്ന് ഭരണ കക്ഷി നേതാക്കന്മാര്‍ക്ക് തന്നെ അഭിപ്രായമുണ്ട്. സോളാര്‍ വിവാദവും മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന്‍ സലിം രാജിന്റെ വിഷയവും സര്‍ക്കാറിന്റെ പ്രതിച്ഛായയ്ക്ക് മങ്ങല്‍ ഏല്പിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എൽ. ഡി. എഫ്. സമരങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.
ഇപ്പോള്‍ ഭരണത്തെ തള്ളി താഴെയിട്ടാല്‍ സ്വാഭാവികമായും വി. എസ്. വീണ്ടും മുഖ്യമന്ത്രിയാകണം എന്ന ആവശ്യം സമൂഹത്തില്‍ നിന്നും ഉയരാന്‍ ഇടയുണ്ട്. എം. എൽ. എ. മാരെ വിലക്കെടുത്ത് ഭരണം അട്ടിമറിക്കുവാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് സി. പി. എം. നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. അങ്ങിനെയെങ്കില്‍ 2014-ലെ ലോൿ സഭാ തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനം ഒരു നിയമ സഭാ തിരഞ്ഞെടുപ്പിലേക്ക് പോയാലും അല്‍ഭുതപ്പെടാനില്ല എന്നാണ് രാഷ്ടീയ നിരീക്ഷകര്‍ നല്‍കുന്ന സൂചന.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം