പാലക്കാട്: മലപ്പുറം വ്യാജക്കള്ള് ദുരന്തത്തെ തുടര്‍ന്ന് സംസ്ഥാനത്തെ പലയിടങ്ങളിലും കള്ളു ഷാപ്പുകള്‍ അടച്ചു. മലപ്പുറം, തൃശ്ശൂര്‍ തുടങ്ങി ചിലയിടങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം അടച്ചതു കൂടാതെ അബ്കാരികള്‍ സ്വന്തം നിലയ്ക്കും ഷാപ്പുകള്‍ അടച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കള്ളെത്തിയിരുന്നത് പാലക്കാട്ടെ ചിറ്റൂര്‍ മേഖലയില്‍ നിന്നും ആയിരുന്നു. അവിടെ ഏകദേശം ആയിരത്തിനടുത്ത് തോട്ടങ്ങളില്‍ നിന്നും ചെത്തുന്ന കള്ളാണ് സംസ്ഥാനത്തിന്റെ ഭൂരിഭാഗം ഷാപ്പുകളിലേക്കും എത്തിയിരുന്നത്. മൂന്നു ലക്ഷത്തോളം ലിറ്റര്‍ കള്ളാണ് ഇവിടെ നിന്നും വിതരണം ചെയ്തിരുന്നത്. എന്നാല്‍ ചിറ്റൂരിലെ കള്ള് അന്യ ജില്ലകളിലേക്ക് കൊണ്ടു പോകുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഷാപ്പുകളില്‍ കള്ളിനു ദൌര്‍ലഭ്യം ആയി. അതാതു ഷാപ്പിന്റെ പരിധിയില്‍ ഉള്ള ചെത്തുകാര്‍ അളക്കുന്ന കള്ള് ഒരു മണിക്കൂര്‍ പോലും വില്‍ക്കുവാന്‍ തികയില്ല. ചിറ്റൂര്‍ കള്ളിന്റെ കൂടെ പിന്‍ബലത്തില്‍ ആയിരുന്നു ഒട്ടുമിക്ക ഷാപ്പുകളും പ്രവര്‍ത്തിച്ചിരുന്നത്.
കേരളത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ചിറ്റൂരിലെ തെങ്ങുകളില്‍ നിന്നും കള്ളിന്റെ ലഭ്യത കൂടുതലാണ്. ഇവിടെ വലിയ തോട്ടങ്ങളില്‍ കൂലിക്ക് ആളെ നിര്‍ത്തി ചെത്തിക്കുകയാണ് പതിവ്. എന്നാല്‍ ജില്ലക്ക് പുറത്തേക്ക് കള്ള് കൊണ്ടു പോകുവാന്‍ ആകില്ലെന്ന് വന്നതോടെ ആവശ്യക്കാര്‍ ഇല്ലാത്തതിനാല്‍ ഇവിടെ ചെത്തുന്ന കള്ള് ഒഴുക്കി കളയേണ്ട അവസ്ഥയുമായി. അബ്കാരികളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളും ഇതോടെ പ്രതിസന്ധിയില്‍ ആയി. പല തൊഴിലാളികളും തല്‍ക്കാലം ചെത്തു നിര്‍ത്തുവാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഇത് തെങ്ങിനേയും ദോഷകരമായി ബാധിക്കും. പെട്ടെന്ന് ചെത്ത് നിര്‍ത്തിയാല്‍ ആ കുലകളില്‍ നിന്നും പിന്നെ കള്ളു ചെത്തുവാന്‍ പറ്റില്ല. മാത്രമല്ല ചിലപ്പോള്‍ തെങ്ങ് തന്നെ നശിച്ചു പോകുവാനും ഇടയുണ്ട്.
കള്ള് ഷാപ്പിനോടനുബന്ധിച്ച് കറിക്കച്ചവടം നടത്തുന്ന ധാരാളം ആളുകള്‍ ഉണ്ട്. ഈ മേഖലയിലും പ്രതിസന്ധിയായിട്ടുണ്ട്. കള്ളിനേക്കാള്‍ കറിക്ക് പ്രസിദ്ധമായ ഷാപ്പുകള്‍ ഉണ്ട് കേരളത്തില്‍ പലയിടത്തും. ഇരിങ്ങാലക്കുടയ്ക്കടുത്ത് മാപ്രാണം ഷാപ്പ് ഇത്തരത്തില്‍ ഏറെ പ്രസിദ്ധമാണ്. അമ്പതോളം വരുന്ന വൈവിധ്യമാര്‍ന്ന കറികള്‍ ഉണ്ട് അവിടെ. ധാരാളം ആളുകള്‍ ശുദ്ധമായ കള്ള് കുടിക്കുന്നതിനൊപ്പം ഭക്ഷണം കഴിക്കുവാനും ഇത്തരം ഷാപ്പുകളെ തേടിയെത്തുന്നു. എന്നാല്‍ കള്ള് ഷാപ്പിന്റെ മറവില്‍ വ്യാജ കള്ള് വ്യാപകമായി വിതരണം ചെയ്തതാണ് ഈ മേഖലയെ മൊത്തത്തില്‍ ദോഷകരമായി ബാധിക്കുന്ന വിധത്തിലേക്ക് എത്തിച്ചത്.
(ഫോട്ടോകള്‍ “മാപ്രാണം കള്ളുഷാപ്പ്” എന്ന ബ്ലോഗില്‍ നിന്നും. ഈ ബ്ലോഗ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.)
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തട്ടിപ്പ്, തൊഴിലാളി, വ്യവസായം