കണ്ണൂര്‍ : ഷാര്‍ജയില്‍ തൊഴിലുടമ മുങ്ങിയതിനാല്‍ ആറു മാസം ശമ്പളം ലഭിക്കാതെ ദുരിതത്തിലായ തൊഴിലാളികള്‍ക്ക് പോലീസിന്റെ മദ്ധ്യസ്ഥതയില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ ഫലമായി കമ്പനി ഉടമയുടെ ബന്ധുക്കള്‍ നല്‍കാമെന്ന് ഏറ്റ തുകയ്ക്കുള്ള ചെക്ക് കൈമാറി. ഇന്നലെ രാവിലെയാണ് 20 ലക്ഷം രൂപ 10 ലക്ഷം രൂപയുടെ രണ്ടു ചെക്കുകളായി സി. പി. ഐ. (എം.) മട്ടന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് കമ്പനി ഉടമയുടെ ബന്ധുക്കള്‍ കൈമാറിയത്. ജൂലൈ 31നു കൈമാറാവുന്ന ചെക്കുകളാണ് നല്‍കിയത്. ചില തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള തുകയെ പറ്റിയുള്ള തര്‍ക്കങ്ങള്‍ മാത്രമാണ് ഇനി ബാക്കി നില്‍ക്കുന്നത്.
തൊഴില്‍ ഉടമയുടെ കണ്ണൂരിലെ വസതിയില്‍ തങ്ങള്‍ക്കു ലഭിക്കാനുള്ള ശമ്പള കുടിശിക ചോദിച്ചെത്തിയ തൊഴിലാളികളുമായി ഉടമയുടെ ബന്ധുക്കള്‍ വാക്കേറ്റത്തിനു മുതിര്ന്നതിനെ തുടര്‍ന്ന് പോലീസ് ഇടപെടുകയും, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഉടമയുടെ ബന്ധുക്കള്‍ തയ്യാറാവുകയുമായിരുന്നു എന്ന് പ്രശ്നത്തില്‍ ആദ്യം മുതല്‍ ഇടപെട്ട പ്രവാസി മലയാളി പഠന കേന്ദ്രം അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, തട്ടിപ്പ്, തൊഴിലാളി