തിരുവനന്തപുരം : ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്റെ മരുമകന്‍ പി. വി. ശ്രീനിജന് എതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ കേരള മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഉത്തരവിട്ടു. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതാണ് വിജിലന്‍സ് അന്വേഷിക്കുക. ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്റെ കുടുംബാംഗങ്ങളില്‍ പലരും വന്‍ തോതില്‍ സ്വത്തും പണവും സമ്പാദിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ ആരോപണം ഉയര്‍ന്നിരുന്നു.
2006ല്‍ ഞാറയ്ക്കലില്‍ നിന്നും കോണ്ഗ്രസ് സ്ഥാനാര്‍ത്ഥിയായി അസംബ്ലി യിലേക്ക് മത്സരിച്ച പി. വി ശ്രീനിജന്‍ അന്ന് കേവലം 25,000 രൂപയാണ് തന്റെ സ്വത്തായി പ്രഖാപിച്ചിരുന്നത്. എന്നാല്‍ ഇന്ന് തൃശൂര്‍ അന്നമനടയില്‍ പുഴയോരത്തുള്ള രണ്ടര ഏക്കര്‍ ഭൂമി, നഗരത്തില്‍ ഒരു ഫ്ലാറ്റ്, ഹൈക്കോടതിയ്ക്ക് സമീപം ആഡംബര പൂര്‍ണ്ണമായ ഒരു ഓഫീസ് സൗകര്യം, എളമക്കരയില്‍ 25 സെന്റ് സ്ഥലത്ത് ഒരു വീടിന്റെ നിര്‍മ്മാണം എന്നിങ്ങനെ ഒട്ടേറെ സ്വത്തുക്കളുടെ ഉടമയാണ് അദ്ദേഹം എന്നാണ് ആരോപണം.