തിരുവനന്തപുരം : സംസ്ഥാന സ്കൂള്‍ കായിക മേളയുടെ ട്രാക്കിലെ കുതിപ്പില്‍ റിക്കോര്‍ഡിട്ട് സ്വര്‍ണ്ണവുമായി സുജിത് കുട്ടന്‍ തിരഞ്ഞെടുക്കപ്പെട്ടു. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ 10.9 സെക്കന്റില്‍ ഓടിയെത്തിയ സുജിത് കുട്ടന്റെ ആഹ്ലാദം പക്ഷെ അധിക സമയം നീണ്ടു നിന്നില്ല. മകന്റെ ഓരോ കുതിപ്പിലും പ്രോത്സാഹനമായി നിന്നിരുന്ന തന്റെ പിതാവിന്റെ മരണ വിവരം ആയിരുന്നു അവനെ കാത്തിരുന്നത്.
ഇന്ത്യയുടെ അന്തര്‍ ദേശീയ താരങ്ങളായ മുരളി കുട്ടന്റേയും ഒളിമ്പ്യന്‍ മേഴ്സി കുട്ടന്റേയും മകനായ സുജിത്തിന്റെ ട്രാക്കിലെ ആദ്യത്തെ റിക്കോര്‍ഡായിരുന്നു ഇന്ന് കുറിച്ചത്. ഇന്നു പുലര്‍ച്ചയോടെ മുരളിക്കുട്ടന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണ മടഞ്ഞുവെങ്കിലും സംഘാടകരും മാധ്യമങ്ങളും മറ്റു ബന്ധുക്കളും വിവരം സുജിത്തിനെ അറിയിച്ചിരുന്നില്ല. സുജിത്ത് കുട്ടന്റെ കായിക ജീവിതത്തിലെ ഒരു നിര്‍ണ്ണായകമായ മത്സരം എന്ന നിലയ്ക്കായിരുന്നു അവര്‍ അത് മറച്ചു വെച്ച് സുജിത്തിനെ മത്സരത്തിനായി ഇറക്കിയത്.
1975 മുതല്‍ 1981 വരെ വിവിധ മത്സരങ്ങളില്‍ സ്വര്‍ണ്ണമുള്‍പ്പെടെ നിരവധി മെഡലുകള്‍ മുരളിക്കുട്ടന്‍ നേടിയിരുന്നു. റിലേ യിലായിരുന്നു തന്റെ മികവ് പ്രകടിപ്പിച്ചിരുന്നത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ പല തവണ പങ്കെടുക്കുകയും തുടര്‍ന്ന് തന്റെ കഴിവും അനുഭവ പരിചയവും വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കുകയും ചെയ്ത മുരളിക്കുട്ടന്റെ അകാല വിയോഗം കായിക രംഗത്തിനു കനത്ത നഷ്ടമാണ് വരുത്തി യിരിക്കുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം
മുരളിക്കുട്ടന്റെ അപ്രതീക്ഷിതമരണവും അതറിയിക്കതെ മേഴ്സി കുട്ടന്‍ മകനെ കളിക്കളത്തിലേക്കയച്ച് സ്വര്‍ണ്ണം നേടിയതും വളരെ വേദനാജനകമായ ഒരു സംഭവം തന്നെ. ഈ സംഭവത്തെ അഭിനന്ദിക്കണോ അതോ തെറ്റായി എന്ന് പറയണോ എന്ന് അറിയില്ല.