തിരുവനന്തപുരം: രണ്ടു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന ഇടമലയാര്‍ അഴിമതി കേസില്‍ സുപ്രീം കോടതി ശിക്ഷിച്ച മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്സ് (ബി) ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണ പിള്ളയെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. ഇന്നു രാവിലെ എറണാകുളത്തെ ഇടമലയാര്‍ പ്രത്യേക കോടതിയില്‍ കീഴടങ്ങിയ ആര്‍. ബാലകൃഷ്ണ പിള്ള തനിക്ക് ജയിലില്‍ ‘എ‘ ക്ലാസ് സൌകര്യങ്ങള്‍ വേണമെന്നും അഭിഭാഷകന്‍ വഴി ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. തനിക്ക് ഹൃദ്രോഗമുണ്ടെന്നും സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടെന്നും ഉള്ള പിള്ളയുടെ വാദത്തിന് ആവശ്യമായ സൌകര്യങ്ങള്‍ ജയില്‍ അധികൃതര്‍ സ്വീകരിക്കുമെന്ന് കോടതി പറഞ്ഞു.
വൈകീട്ട് അഞ്ചേ മുക്കാലോടെ പിള്ളയേയും കൂട്ടു പ്രതിയായ സജീവനേയും കൊണ്ട് പോലീസ് വാഹനം ജയില്‍ കവാടത്തില്‍ എത്തി. ഈ സമയം അഴിമതി ക്കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ളയെ കാത്ത് നൂറു കണക്കിനു അനുയായികള്‍ ജയില്‍ കവാടത്തില്‍ തടിച്ചു കൂടിയിരുന്നു. അവരുടെ മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെ ആണ് പിള്ള ജയിലിലേക്ക് പോയത്. പിള്ളയ്ക്കൊപ്പം മകനും എം. എല്‍. എ. യുമായ ചലച്ചിത്ര താരം കെ. ബി. ഗണേശ് കുമാറും മറ്റൊരു വാഹനത്തില്‍ എത്തിയിരുന്നു. കൂടാതെ വി. എസ്. ശിവകുമാര്‍, ടി. യു. കുരുവിള തുടങ്ങിയ നേതാക്കന്മാരും ജയില്‍ കവാടത്തില്‍ എത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകരേയും മറ്റും ജയില്‍ കവാടത്തി നപ്പുറത്തേക്ക് കടത്തി വിട്ടില്ല.
ജയിലിലെ ഔപചാരികമായ നടപടി ക്രമങ്ങള്‍ക്ക് ശേഷം ബാലകൃഷ്ണ പിള്ളയെ ജയിലിലെ ആശുപത്രി ബ്ലോക്കില്‍ പ്രത്യേകം മുറിയില്‍ പാര്‍പ്പിച്ചിരി ക്കുകയാണ്. സി. 5990 എന്ന നമ്പര്‍ ആയിരിക്കും പിള്ളക്ക്.
“ബാലകൃഷണ പിള്ളയെ ജയിലിലാക്കി രാഷ്ടീയ നേട്ടം ഉണ്ടാക്കാമെന്ന് ആരും കരുതേണ്ടെന്നും അനേകായിരം ആളുകള്‍ പ്രാര്‍ഥനയോടെ അദ്ദേഹത്തിന്റെ മടങ്ങി വരവിനായി കാത്തിരിക്കുന്നുണ്ടെന്നും ഒരു ഫീനിക്സ് പക്ഷിയെ പോലെ അച്ഛന്‍ തിരിച്ചു വരുമെന്നും” ജയിലിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതിനു ശേഷം പുറത്ത് വന്ന് മാധ്യമ പ്രവര്‍ത്തകരോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ഗണേഷ് കുമാര്‍ പറഞ്ഞു. ഇന്നലെ വൈകീട്ടാണ് ബാലകൃഷ്ണ പിള്ളയും മകന്‍ ഗണേശ് കുമാര്‍ എം. എല്‍. എ. യും കൊച്ചിയില്‍ എത്തിയത്. രാവിലെ ഗണേശ് കുമാറിനും മരുമകനും വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനുമായ ടി. ബാലകൃഷ്ണന്‍ ഐ. എ. എസിനുമൊപ്പമാണ് പിള്ള കോടതിയിലേക്ക് പുറപ്പെട്ടത്. കോടതി പരിസരത്തും ധാരാളം യു. ഡി. എഫ്. പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിരുന്നു.
ഇടമലയാര്‍ ജല വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് വൈദ്യുതി ബോര്‍ഡിനു രണ്ടരക്കോടി നഷ്ടമുണ്ടാക്കി എന്നതാണ് ഇടമലയാര്‍ കേസ്. ഈ കേസില്‍ ബാലകൃഷ്ണ പിള്ളയേയും മുന്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ രാമഭദ്രന്‍ നായര്‍, കരാറു കാരനായിരുന്ന പി. കെ. സജീവന്‍ എന്നീ പ്രതികളേയും കുറ്റ വിമുക്തരാക്കി ക്കൊണ്ടുള്ള ഹൈക്കോടതി വിധിയെ തുടര്‍ന്ന് അന്നത്തെ യു. ഡി. എഫ്. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീലിനു പോയിരുന്നില്ല. ഇതേ തുടര്‍ന്ന് 2003-ല്‍ അന്നത്തെ പ്രതിപക്ഷ നേതാവും ഇന്നത്തെ മുഖ്യമന്ത്രി യുമായ വി. എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഒരു വര്‍ഷത്തെ തടവും പതിനായിരം രൂപ പിഴയും വിധിച്ചത്.
അഴിമതി ക്കേസുകളും ആരോപണങ്ങളും ധാരാളമായി ഉയരാറുണ്ടെങ്കിലും ആദ്യമായി അഴിമതി ക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ പോകുന്ന മുന്‍ മന്ത്രിയാണ് ബാലകൃഷ്ണ പിള്ള. വിട്ടു വീഴ്ചക്ക് തയ്യാറാകെ നീതി പീഠങ്ങള്‍ക്ക് മുന്‍പില്‍ കൃത്യമായി കേസു നടത്തി വി. എസ്. അച്യുതാനന്ദന്‍ നടത്തിയ സുദീര്‍ഘമായ പോരാട്ടമാണ് മുന്‍ മന്ത്രിയും കേരള രാഷ്ടീയത്തിലെ അതികായനുമായ ആര്‍. ബാലകൃഷ്ണ പിള്ളയ്ക്ക് ശിക്ഷ വാങ്ങിക്കൊടുത്തത്. വി. എസ്. അച്യുതാനന്ദനു വേണ്ടി സുപ്രീം കോടതിയില്‍ മാലിനി പൊതുവാള്‍, ദീപക് പ്രകാശ് തുടങ്ങിയ പ്രമുഖ അഭിഭാഷകര്‍ ഹാജരായിരുന്നു.