തൃശൂര് : പ്രമുഖ തൊഴിലാളി നേതാവും അറിയപ്പെടുന്ന പരിസ്ഥിതി മനുഷ്യാവകാശ പ്രവര്ത്തകനുമായ ആയിനൂര് വാസു എന്ന ഗ്രോ വാസുവിനെ പോലീസ് കസ്റ്റഡിയില് എടുത്തു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് വാസുവിനെയും അഞ്ച് സുഹൃത്തുക്കളെയും പോലീസ് പിടി കൂടിയത് എന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയില് എടുത്തത് എന്നാണ് പോലീസ് ഭാഷ്യം.
ആന്ധ്രയില് നടന്ന മാവോയിസ്റ്റ് ആക്രമണത്തെ തുടര്ന്ന് തൃശൂര് വലപ്പാട് സ്വദേശിയെ നേരത്തെ പോലീസ് പിടി കൂടിയിരുന്നു. വാസുവും സുഹൃത്തുക്കളും വലപ്പാട് ഒരു സൌഹൃദ സന്ദര്ശനം നടത്തുന്നതിനിടെയാണ് പോലീസ് പിടിയില് ആയത്. വലപ്പാട് ഇവരുടെ സന്ദര്ശനത്തിന്റെ ഉദ്ദേശം എന്തെന്ന് മനസിലാക്കുവാന് വേണ്ടിയാണ് വാസുവിനെയും കൂടെ ഉണ്ടായിരുന്നവരേയും പോലീസ് പിടി കൂടിയത് എന്ന് പോലീസ് പറയുന്നു.
ഇന്ന് പുലര്ച്ചെ തൃശൂര് ടൌണ് ഈസ്റ്റ് സി. ഐ. സന്തോഷിന്റെ നേതൃത്വത്തില് ഉള്ള പോലീസ് സംഘമാണ് ഇവരെ കസ്റ്റഡിയില് എടുത്ത്. ഇവരുടെ അറസ്റ്റ് ഇത് വരെ രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റ് ചെയ്തിട്ടില്ല എന്നും സംശയകരമായ സാഹചര്യത്തില് കാണപ്പെട്ട ഇവരെ ചോദ്യം ചെയ്യുവാനായി കസ്റ്റഡിയില് എടുത്തതാണ് എന്നും പോലീസ് അറിയിച്ചു.
സായുധ വിപ്ലവ പ്രത്യയശാസ്ത്രത്തില് അധിഷ്ഠിതമായ സി. പി. ഐ. എം. എല്. ന്റെ (CPI (ML) – Communist Party of India (Marxist-Leninist)) സ്ഥാപക നേതാക്കളില് ഒരാളാണ് വാസു. കോഴിക്കോടുള്ള മാവൂര് ഗ്വാളിയോര് റയോണ്സ് ഫാക്റ്ററിയിലെ തൊഴിലാളി പ്രക്ഷോഭം നയിച്ചതോടെയാണ് ഇദ്ദേഹത്തിന് ഗ്രോ വാസു (GROW – Gwalior Rayons Workers’ Organisation) എന്ന പേര് ലഭിച്ചത്. 30 ദിവസത്തോളം നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ച വാസു കേരളത്തിലെ നക്സല് ആക്രമണ കാലഘട്ടമായ 1969ല് പോലീസ് പിടിയില് അതി ക്രൂരമായ മര്ദ്ദന മുറകള്ക്ക് വിധേയമായിട്ടുണ്ട്. ഒട്ടേറെ തവണ തടവ് ശിക്ഷ അനുഭവിച്ച വാസുവിനെ നിയമവിരുദ്ധമായി ഏഴര വര്ഷത്തെ ഏകാന്ത തടവില് പാര്പ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല് ആത്മവീര്യം നഷ്ടപ്പെടാതെ ഇന്നും അദ്ദേഹം കേരളത്തിലെ സാമൂഹ്യ തൊഴിലാളി പ്രശ്നങ്ങളില് സജീവ സാന്നിദ്ധ്യമാണ്.