കൊച്ചി : കൊച്ചി : റോബോട്ടിക് സര്‍ജറി പോലെയുള്ള ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ വ്യാപകമായ കാല ഘട്ടത്തില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ലഭിക്കുവാന്‍ 24 മണിക്കൂര്‍ ആശുപത്രിവാസം വേണം എന്നുള്ള ഇന്‍ഷ്വറന്‍സ് കമ്പനികളുടെ നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം എന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.
എറണാകുളം മരട് സ്വദേശി, തന്‍റെ അമ്മയുടെ കണ്ണിന്‍റെ ശസ്ത്രക്രിയ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചെയ്തിരുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു ദിവസം പോലും ആശുപത്രിയില്‍ കിടക്കാതെ തന്നെ സര്‍ജറി നടത്തി ഡിസ്ചാര്‍ജ്ജ് ചെയ്തു.
ചികിത്സക്ക് ചെലവു വന്ന തുക ലഭിക്കുന്നതിനു വേണ്ടി ഇന്‍ഷ്വറന്‍സ് കമ്പനിയെ സമീപിച്ചു. എങ്കിലും 24 മണിക്കൂര്‍ ആശുപത്രി വാസം ഇല്ല എന്നതിനാല്‍ ഔട്ട് പേഷ്യന്‍റ് (ഒ. പി.) ചികിത്സയായി കണക്കില്‍ പ്പെടുത്തിക്കൊണ്ട് ക്ലെയിം അപേക്ഷ ഇന്‍ഷ്വറന്‍സ് കമ്പനി നിരസിച്ചു. തുടര്‍ന്നാണ് പോളിസി ഉടമ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
കിടത്തി ചികിത്സ ആവശ്യമുള്ളതും എന്നാല്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയത്തില്‍ ചികിത്സ അവസാനിക്കുകയും ചെയ്താല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് അര്‍ഹതയുണ്ട്. കൂടാതെ ചികിത്സക്ക് ഉപയോഗിക്കുന്ന പ്രത്യേക ഇഞ്ചക്ഷന്‍ ഇന്‍ഷ്വറന്‍സ് പരിധിയില്‍ ഉള്‍പ്പെടും എന്നുള്ള ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി അഥോറിറ്റി (ഐ. ആര്‍. ഡി. എ. ഐ.) യുടെ സര്‍ക്കുലറും കോടതി പരിഗണിച്ചു.
പരാതിക്കാരന്‍റെ ആവശ്യം നില നില്‍ക്കെ തന്നെ മറ്റൊരു പോളിസി ഉടമക്ക് ഇതേ ക്ലെയിം ഇന്‍ഷ്വറന്‍സ് കമ്പനി അനുവദിച്ചു എന്നും കോടതി കണ്ടെത്തി. ഇന്‍ഷ്വറന്‍സ് കമ്പനിയുടെ മേല്‍ നടപടികള്‍ പോളിസി ഉടമക്ക് നല്‍കേണ്ട സേവനത്തിന്‍റെ വീഴ്ചയാണ് എന്ന് ബോധ്യമായതോടെ ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്ട പരിഹാരം 30 ദിവസത്തിനുള്ളില്‍ നല്‍കണം എന്നും ഉത്തരവ് നല്‍കി.