തിരുവനന്തപുരം : ജന്മനായുള്ള ഹൃദ്രോഗം സമയ ബന്ധിതമായി ചികിത്സിക്കാനുള്ള ഹൃദ്യം പദ്ധതി യിലൂടെ 8,000 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്ര ക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. ഹൃദ്രോഗത്തിൻ്റെ തീവ്രത അനുസരിച്ച് കാല താമസം ഇല്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഹൃദ്യം പദ്ധതിയിലൂടെ ചികിത്സക്കായി ആകെ 24,222 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 15,686 പേര്‍ ഒരു വയസ്സിന് താഴെയുള്ളവരാണ്. രജിസ്റ്റര്‍ ചെയ്തവരില്‍ ശസ്ത്രക്രിയ ആവശ്യമായ 8,000 കുട്ടികള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്.
കുഞ്ഞുങ്ങളുടെ ഹൃദയ വൈകല്യങ്ങള്‍ നേരത്തേ കണ്ടെത്തി ചികിത്സിക്കാനായി പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളുടെയും ഗുണ നിലവാരം ഉയര്‍ത്തി. 12 ആശുപത്രികളുടെ നിലവാരം ഉയര്‍ത്തി. മൂന്ന് മെഡിക്കല്‍ കോളജുകള്‍ക്ക് ദേശീയ മുസ്‌കാന്‍ അംഗീകാരം ലഭിച്ചു എന്നും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു .
ജന്മനാ ഹൃദ്രോഗമുള്ള കുഞ്ഞുങ്ങളിൽ സമയ ബന്ധിതമായി ഹൃദയ ശസ്ത്ര ക്രിയ നടത്തിയാൽ മരണത്തിൽ നിന്നും രക്ഷപ്പെടുത്താനാകും. നവജാത ശിശുക്കൾ മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് ഈ പദ്ധതിയിലൂടെ സേവനം ലഭ്യമാക്കുന്നു.
സർക്കാർ ആശുപത്രികളിൽ പ്രസവിക്കുന്ന മുഴുവൻ കുഞ്ഞുങ്ങൾക്കും ഹൃദ്രോഗ പരിശോധന ഉറപ്പാക്കി വരുന്നു.എല്ലാ കുട്ടികൾക്കും പരിചരണം ഉറപ്പാക്കാൻ വീടുകളിൽ എത്തിയും അങ്കണ വാടികളിലും സ്‌കൂളു കളിലും സ്‌ക്രീനിംഗ് നടത്തുന്നു.
ഹൃദ്രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ എക്കോ ഉൾപ്പെടെയുള്ള വിദഗ്ധ പരിശോധന നടത്തും. ഗർഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാൽ പ്രസവം മുതലുള്ള തുടർ ചികിത്സ ഉറപ്പാക്കുന്നു. സർക്കാർ ആശുപത്രികളിലോ, എം-പാനൽ ചെയ്ത സ്വകാര്യ ആശുപത്രിയിലോ ശസ്ത്രക്രിയ ലഭ്യമാക്കുന്നു.
ഹൃദ്യത്തിലൂടെ ഹൃദ്രോഗ ചികിത്സ ലഭിച്ചവരുടെ ശാരീരിക മാനസിക ബൗദ്ധിക വളർച്ചയും വികാസവും ഉറപ്പാക്കുന്ന തുടർ പിന്തുണാ പദ്ധതിയും നടത്തി വരുന്നു. ഈ കുട്ടികൾക്ക് കൂടുതൽ പരിചരണം ആവശ്യമാണ്. പരിശോധന നടത്തി അതിൽ പ്രശ്‍നം ഉണ്ടെന്നു കണ്ടെത്തിയാൽ ഡിസ്ട്രിക്റ്റ് ഏർളി ഇന്റർ വെൻഷൻ സെന്ററുകൾ വഴി തുടർ ചികിത്സ ഉറപ്പാക്കി വരുന്നു. PRD