ഇസ്രയേല്‍ ആക്രമണത്താല്‍ ദുരിതം അനുഭവിക്കുന്ന ഗാസയിലെ ജനങ്ങളോട് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് യു.എ.ഇ. യില്‍ വ്യാപകമായ പ്രകടനങ്ങള്‍ അരങ്ങേറി. വിവിധ എമിറേറ്റുകളില്‍ നടന്ന പ്രതിഷേധ മാര്‍ച്ചുകളില്‍ ആയിര ക്കണക്കിന് യു.എ.ഇ. നിവാസികള്‍ പങ്കെടുത്തു. അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ ഖൈമ എന്നിവിടങ്ങളില്‍ ജനം വെള്ളിയാഴ്ച ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങള്‍ കൈകളില്‍ ഏന്തി നിരത്തില്‍ ഇറങ്ങി. ഇസ്രയേലിന്റെ സൈനിക അതിക്രമം ഉടന്‍ അവസാനിപ്പിക്കാന്‍ അന്താരഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്ന ബോര്‍ഡുകളും പ്രകടനക്കാര്‍ ഉയര്‍ത്തി പിടിച്ചിരുന്നു. മുങ്ങി ചാകാന്‍ പോകുന്ന ഒരുവനെ രക്ഷിക്കാന്‍ ശ്രമിക്കാത്തത് മാപ്പ് ഇല്ലാത്ത പാപമാണ് എന്നത് പോലെ ഗാസയില്‍ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതും ആവശ്യമാണ് എന്ന് പ്രകടനത്തില്‍ പങ്കെടുത്ത ഇസ്ലാമിക പണ്ഡിതന് അഹമ്മദ് അല്‍ ഖുബൈസി ആഹ്വാനം ചെയ്തു. ഷാര്‍ജയില്‍ നടന്ന ഏറ്റവും വമ്പിച്ച പ്രകടനത്തില്‍ പതിനായിരത്തോളം പ്രകടനക്കാര്‍ വന്‍ പോലീസ് സാന്നിധ്യത്തില്‍ എമിറേറ്റിലെ വിവിധ മനുഷ്യാവകാശ സാമൂഹ്യ സംഘടനകളുടെ നേതാക്കള്‍ക്കൊപ്പം കോര്‍ണീഷിലൂടെ മാര്‍ച്ച് നടത്തി. അബുദാബിയില്‍ വ്യത്യസ്ത ടെലിവിഷന്‍ ചാനലുകളിലായി എട്ട് മണിക്കൂറോളം നീണ്ടു നിന്ന ഒരു ധന ശേഖരണ പരിപാടിയില്‍ ഗാസയിലെ ജനതക്ക് 85 മില്ല്യണ്‍ ഡോളറിന്റെ ധന സഹായം സ്വരൂപിക്കുവാന്‍ കഴിഞ്ഞതും ഇന്നലെ നടന്ന ഐക്യ ദാര്‍ഡ്യ പ്രകടനങ്ങളുടെ ഭാഗമാണ്. ഗാസയില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ കഷ്ടപ്പെടുന്നവരെ സഹായിക്കുവാന്‍ ഉള്ള അഭ്യര്‍ത്ഥനയുമായി യു.എ.ഇ. യിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ഈ ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
- ജെ.എസ്.




























