സിഡ്നി : ഭൂമിക്കായി ഒരു മണിക്കൂർ നീക്കി വെയ്ക്കുന്ന ദിവസമാണിന്ന്. ഭൌമ മണിക്കൂർ ആചരിക്കുന്ന ദിനം. മാർച്ച് അവസാന ദിനങ്ങളിലൊന്നിൽ ആചരിക്കുന്ന ഭൌമ മണിക്കൂർ ഈ വർഷം ഇന്ന് രാത്രി പ്രാദേശിക സമയം രാത്രി 8:30 മുതൽ 9:30 വരെ വൈദ്യുത വിളക്കുകൾ അണച്ചു കൊണ്ട് ലോകരാജ്യങ്ങൾ ആചരിക്കും. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആരംഭിച്ച ഭൌമ മണിക്കൂർ ഇത്തവണ നെൽസൺ മണ്ടേല, ഐക്യ രാഷ്ട്ര സഭാ സെക്രട്ടറി ജനറൽ ബാൻ കി മൂൺ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, ഒട്ടേറെ സിനിമാ താരങ്ങൾ എന്നിങ്ങനെ നിരവധി പ്രമുഖർ പിന്തുണയ്ക്കുന്നു. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രവും ഇത്തവണത്തെ ഭൌമ മണിക്കൂർ ആചരണത്തിൽ പങ്കാളികളാവും.
പ്രമുഖ സിനിമാ നടിയായ ജെസ്സിക്കാ ആൽബയാണ് ഇത്തവണത്തെ ഭൌമ മണിക്കൂർ ആചരണത്തിന്റെ ആഗോള അംബാസഡർ.
ഭൌമ മണിക്കൂർ ആചരണത്തിന്റെ ഭാഗമായി ഉള്ള ഒരു മുന്നേറ്റമാണ് “നിനക്കാവുമെങ്കിൽ എനിക്കും” എന്ന വെല്ലുവിളി. പരിസ്ഥിതിയ്ക്കായി എന്തെങ്കിലും സദുദ്ദേശപരമായി ചെയ്യാനുള്ള ഒരു പ്രചോദനമാണ് ഈ മുന്നേറ്റത്തിന്റെ ലക്ഷ്യം. വ്യക്തികൾക്കോ സംഘങ്ങൾക്കോ ഇത്തരം വെല്ലുവിളികൾ പ്രഖ്യാപിക്കാം. 1000 പേർ പ്ലാസ്റ്റിക്കിനു പകരം വീണ്ടും ഉപയോഗിക്കാവുന്ന സഞ്ചികൾ ഉപയോഗിക്കുകയാണെങ്കിൽ ഞങ്ങൾ രണ്ടു പേരും അടിവസ്ത്രം മാത്രം ധരിച്ച് റോഡിലൂടെ ഓടാം എന്നും 1000 പേർ ഓഫീസിലേക്ക് സൈക്കിളിൽ പോവുകയാണെങ്കിൽ അന്ന എന്ന പെൺകുട്ടി ഉയർന്ന ഹീലുള്ള ചെരിപ്പിട്ട് ബാസ്ക്കറ്റ് ബോൾ കളിക്കും എന്നൊക്കെയുള്ള ഒട്ടേറെ രസകരമായ വെല്ലുവിളികൾ ഇതിനോടകം ഇവിടെ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഭൌമ മണിക്കൂറിന്റെ യൂട്യൂബ് പേജിൽ നിങ്ങൾക്കും വെല്ലുവിളികൾ രേഖപ്പെടുത്താം.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പരിസ്ഥിതി