മെക്സിക്കോയില്‍ പടര്‍ന്നു പിടിക്കുന്ന പന്നി പനി ഒരു ആഗോള പകര്‍ച്ച വ്യാധിയായി മാറുമോ എന്ന് ഇപ്പോഴും വ്യക്തമല്ലെങ്കിലും പ്രാദേശികമായി ഇത് പകരുക തന്നെ ചെയ്യും. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരുവാനുള്ള ഈ വൈറസിന്റെ ശേഷി തന്നെയാണ് ഇതിനെ ഏറ്റവും അപകടകാരി ആക്കുന്നത്. എന്നാല്‍ ഇത്തരം പനികള്‍ക്ക് എതിരെ നമുക്ക് സ്വീകരിക്കാവുന്ന ചില മുന്‍കരുതലുകള്‍ ഉണ്ട്. അമേരിക്കയിലെ പ്രസിദ്ധമായ സി.ഡി.സി. (സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍) യുടെ സ്ഥാപക ലക്ഷ്യം തന്നെ ഇത്തരം പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കുക എന്നതാണ്. സി.ഡി.സി. യുടെ ഡയറക്ടര്‍ ഡോ. റിച്ചാര്‍ഡ് ബെസ്സര്‍ പറയുന്നത് ചില പ്രാഥമിക മുന്‍ കരുതലുകള്‍ സ്വീകരിച്ചാല്‍ ഓരോ വ്യക്തിക്കും തനിക്ക് പനി വരാതെ സൂക്ഷിക്കാന്‍ ആവും എന്നാണ്. ഇതില്‍ ഏറ്റവും പ്രധാനം വ്യക്തിപരമായ ശുചിത്വം തന്നെ. ആഹാരം കഴിക്കുന്നതിന് മുന്‍പ് നിര്‍ബന്ധമായും കൈ കഴുകണം. നന്നായി സോപ്പിട്ടോ അല്ലെങ്കില്‍ പ്രത്യേകം അണുനാശിനികള്‍ ഉപയോഗിച്ചോ കൈ കഴുകുന്നത് ആണ് ഇത്തരം പകര്‍ച്ച വ്യാധികള്‍ പ്രബലം ആയി നില്‍ക്കുന്ന അവസരത്തില്‍ ഉത്തമം. വെള്ളം ലഭ്യമല്ലാത്ത അവസരത്തില്‍ കൈ ശുചിയാക്കാന്‍ ഉള്ള ആല്‍ക്കഹോള്‍ അധിഷ്ഠിതം ആയ ജെലുകളോ ഫോമുകളോ ഉപയോഗിക്കാവുന്നതാണ്.
ചുമക്കുമ്പോഴും തുമ്മുമ്പോഴും വായ മൂടി വെക്കുക. ഇത് അണുക്കള്‍ പരക്കുന്നതിനെ ഒരു പരിധി വരെ തടയും. തുമ്മുമ്പോഴും ചുമക്കുമ്പോഴും പുറത്ത് വരുന്ന കണികകള്‍ മേശ പുറത്തും പാത്രങ്ങളുടെ പുറത്തും ഫോണിലും ഒക്കെ ഒട്ടി പിടിച്ച് ഇരിക്കുന്നു. ഇത് പിന്നീട് കൈ വിരലുകളിലൂടെ വായിലും മൂക്കിലും കണ്ണിലും എത്തുന്നു. ഇതാണ് പനി ഏറ്റവും അധികം വ്യാപകമായി പകരുന്ന രീതി. ഇത് തടയുവാന്‍ ഇടക്കിടക്ക് കൈ കഴുകുന്നത് സഹായകരമാവും.
ശരീര വേദന, തുമ്മല്‍, ചുമ, പനി എന്നീ ലക്ഷണങ്ങള്‍ ഉള്ളവര്‍ ജോലിക്കും മറ്റും പോകാതെ എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടണം. പൊതു സ്ഥലങ്ങളില്‍ സമയം ചിലവഴിക്കുകയോ പൊതു വാഹനങ്ങളില്‍ സഞ്ചരിക്കുകയോ അരുത്.
നിങ്ങളുടെ സമീപ പ്രദേശങ്ങളില്‍ പനി പടരുന്ന പക്ഷം കഴിയുന്നതും വീടിനു വെളിയില്‍ ഇറങ്ങാതിരിക്കുക. ജോലിക്ക് പോകുകയാണെങ്കില്‍ കഴിയുന്നത്ര മറ്റുള്ളവരുമായി കൂടുതല്‍ ശാരീരിക സാമീപ്യം ഒഴിവാക്കുക.
ഇത്തരം ലളിതമായ മുന്‍കരുതലുകള്‍ക്ക് നിങ്ങളെ പകര്‍ച്ച വ്യാധിയില്‍ നിന്നും രക്ഷിക്കാന്‍ കഴിയും.
- ജെ.എസ്.