ശ്രീലങ്കന്‍ സര്‍ക്കാരുമായി കഴിഞ്ഞ 25 വര്‍ഷമായി നടത്തി വന്ന യുദ്ധം എല്‍.ടി.ടി.ഇ. അവസാനിപ്പിച്ചു. ആസന്നമായ മരണത്തില്‍ നിന്നും ആയിരക്കണക്കിന് തമിഴ് വംശജരെ രക്ഷിക്കാന്‍ തങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോട് അപേക്ഷിച്ചു എങ്കിലും അന്താരാഷ്ട്ര സമൂഹം തങ്ങളുടെ മൌനം കൊണ്ടും നിഷ്ക്രിയത്വം കൊണ്ടും ശ്രീലങ്കന്‍ സൈന്യത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഉണ്ടായത് എന്ന് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു കോണ്ട് എല്‍. ടി. ടി. ഇ. യുടെ അന്താരാഷ്ട്ര നയതന്ത്ര വിഭാഗം തലവന്‍ സെല്‍വരാസ പത്മനാതന്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂവായിരത്തോളം ജനമാണ് തെരുവുകളില്‍ മരിച്ചു വീണത്. 25,000 പേര്‍ മാരകമായി പരിക്കേറ്റ് ചികിത്സ ലഭിക്കാതെ കിടക്കുന്നുമുണ്ട്. ഇവരുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് ഇപ്പോഴത്തെ പരമ പ്രധാനമായ ആവശ്യം. തങ്ങളുടെ ജനത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടി തങ്ങള്‍ തങ്ങളുടെ തോക്കുകള്‍ നിശബ്ദം ആക്കുന്നതായി ലോകത്തെ അറിയിക്കുന്നു എന്ന് ഇന്നലെ തമിഴ് പുലികളുടെ വെബ് സൈറ്റ് ആയ തമിള്‍നെറ്റില്‍ പുറത്തിറക്കിയ അറിയിപ്പില്‍ പത്മനാതന്‍ അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പീഡനം, മനുഷ്യാവകാശം, യുദ്ധം