മനുഷ്യാവകാശ പ്രവര്‍ത്തകനും പൊതു ആരോഗ്യ പ്രവര്‍ത്തകനും ആയ ഡോ. ബിനായക് സെന്‍ തടവില്‍ ആയിട്ട് രണ്ട് വര്‍ഷം തികഞ്ഞു. 2007 മെയ് 14നാണ് അദ്ദേഹത്തെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ലോകമെമ്പാടും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മോചനത്തിനായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി വരികയാണ്. അദ്ദേഹത്തിന്റെ തടവ് രണ്ടു വര്‍ഷം പിന്നിട്ട ദിവസം ലോകമെമ്പാടും പ്രകടനക്കാര്‍ തലസ്ഥാന നഗരികളില്‍ ഇന്ത്യന്‍ എംബസ്സികള്‍ക്ക് മുന്നിലും ഹൈ കമ്മീഷനുകള്‍ക്കു മുന്നിലും തടിച്ചു കൂടി ഡോ. സെന്നിനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു.
ശിശു രോഗ വിദഗ്ദ്ധന്‍ ആയ ഡോ. സെന്‍ ഛത്തീസ്ഗഡിലെ ഗോത്ര വര്‍ഗ്ഗക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വരുന്നതിനിടയിലാണ് പോലീസിന്റെ പിടിയില്‍ ആയത്. മാവോയിസ്റ്റ് ഭീകരര്‍ എന്ന് മുദ്ര കുത്തി നിരപരാധികളായ നിരവധി ആദിവാസികളെ വളരെ അടുത്തു നിന്നും തലയില്‍ വെടി വെച്ചും വെട്ടിയും പോലീസുകാര്‍ കൊലപ്പെടുത്തിയ സംഭവം വെളിച്ചത്ത് കൊണ്ടു വന്നതാണ് ഇദ്ദേഹത്തിനെതിരെ പോലീസും സ്റ്റേറ്റും തിരിയാന്‍ ഇടയായത്.

ഇദ്ദേഹം നേതൃത്വം കൊടുത്ത പ്രമുഖ മനുഷ്യാവകാശ സംഘടനയായ പീപ്പ്‌ള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബേട്ടീസ് (PUCL) എന്ന സംഘടനയുടെ ശ്രമ ഫലമായി ആദിവാസി കൊലപാതകത്തെ കുറിച്ച് അന്വേഷണം നടക്കുകയും അന്വേഷണത്തില്‍ പോലീസ് കുറ്റകരമായി പെരുമാറിയതായി കണ്ടെത്തുകയും ചെയ്തുവെങ്കിലും കൂടുതല്‍ നടപടികള്‍ പിന്നീട് സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായില്ല. പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാവില്ല എന്നാണ് അന്ന് മാധ്യമങ്ങളോട് ആഭ്യന്തര മന്ത്രി പറഞ്ഞത്. അടുത്ത ആഴ്ച്ച തന്നെ സംഭവം വെളിച്ചത്ത് കൊണ്ടു വന്ന ഡോ. ബിനായക് സെന്‍ അറസ്റ്റിലാവുകയും ചെയ്തു. അന്ന് മുതല്‍ തുടര്‍ച്ചയായി ഇദ്ദേഹത്തിന് ജാമ്യം നിഷേധിക്കുകയും ഇദ്ദേഹത്തിന്റെ കുറ്റ വിചാരണ പല കാരണങ്ങളാലും അനിശ്ചിതമായി നീട്ടി കൊണ്ടു പോകുകയും ആയിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം ഈ കഴിഞ്ഞ ഏപ്രില്‍ 24ന് വിചാരണ പുനരാരംഭിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ മതിയായ കുറ്റപത്രം സമര്‍പ്പിക്കാതെ രാഷ്ട്രീയമായ കാരണങ്ങളാല്‍ അന്യായമായി രണ്ടു വര്‍ഷം തടവില്‍ വെച്ച ഡോ. ബിനായക് സെന്നിനെ ഉടന്‍ മോചിപ്പിക്കണം എന്ന് കഴിഞ്ഞ മാസം ആവശ്യപ്പെടുകയുണ്ടായി.
സാമൂഹ്യ പ്രവര്‍ത്തകരെ തളയ്ക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ സുരക്ഷാ നിയമങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നതിന്റെ ഉദാഹരണമായി ഡോ. സെന്നിന്റെ അറസ്റ്റ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ തങ്ങളുടെ വെബ് സൈറ്റില്‍ ചൂണ്ടി കാണിക്കുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പീഡനം, പോലീസ് അതിക്രമം, പ്രതിഷേധം, മനുഷ്യാവകാശം
[…] […]