ജപ്പാനില്‍ അന്യായമായി തടവിലാക്കപ്പെട്ട രണ്ട് ഗ്രീന്‍ പീസ് പ്രവര്‍ത്തകരുടെ മോചനത്തിനായി ലോകം മുഴുവന്‍ പ്രതിഷേധം ആഞ്ഞടിയ്ക്കുമ്പോഴും ജപ്പാന്‍ കോടതി ഇവരുടെ മോചനം തടയുകയാണ്. ജപ്പാന്‍ സര്‍ക്കാര്‍ നടത്തി വരുന്ന “ശാസ്ത്രീയ തിമിംഗല വേട്ട” യോടനുബന്ധിച്ച് നടക്കുന്ന വെട്ടിപ്പ് വെളിപ്പെടുത്തിയ ജുനിച്ചി സാറ്റോ, ടോറു സുസുക്കി എന്നീ ഗ്രീന്‍ പീസ് പ്രവര്‍ത്തകരെ ജൂണ്‍ 20നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തിമിംഗല സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ വ്യാവസായികമായ തിമിംഗല വേട്ട നേരത്തേ നിരോധിച്ചതാണ്. എന്നാല്‍ ഈ നിരോധനം തിമിംഗല ഗവേഷണത്തിനായി തിമിംഗലങ്ങളെ പിടിയ്ക്കാന്‍ അനുവദിയ്ക്കുന്നുണ്ട്. ഇതിന്റെ മറവിലാണ് ജപ്പാന്‍ ഔദ്യോഗികമായി തന്നെ പ്രതിവര്‍ഷം ആയിരം തിമിംഗലങ്ങളെ വേട്ടയാടുന്നത്. എന്നാല്‍ സര്‍ക്കാര്‍ സംരക്ഷണത്തില്‍ നടത്തി വരുന്ന ഈ “ശാസ്ത്രീയ” വേട്ടയുടെ മറവില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ അനധികൃത തിമിംഗല വേട്ട നിര്‍ബാധം നടന്നു വരുന്നതിന് എതിരെയാണ് ഗ്രീന്‍ പീസ് പ്രതിഷേധിയ്ക്കുന്നത്. സര്‍ക്കാര്‍ സംരക്ഷണത്തില്‍ നടക്കുന്ന ഈ തിമിംഗല വേട്ടയില്‍ കാലങ്ങളായി നടന്നു വന്ന ഇത്തരം വെട്ടിപ്പിനെതിരെ ഗ്രീന്‍ പീസ് പ്രക്ഷോഭം നടത്തി വരികയായിരുന്നു.
തിമിംഗല സംരക്ഷണ മേഖലയില്‍ നിന്നും മടങ്ങി വന്ന “നിഷിന്‍ മാറു” എന്ന കപ്പലില്‍ നിന്നും ടോക്യോയിലെ ഒരു സ്വകാര്യ വ്യക്തിയുടെ കേന്ദ്രത്തിലേക്ക് തിമിംഗല മാംസം കടത്തുന്നത് മനസ്സിലാക്കി അതിലൊരു പെട്ടി മാംസം ജുനിച്ചിയും ടോറുവും കൈക്കലാക്കിയിരുന്നു.
ഈ പെട്ടി ഇവര്‍ പിന്നീട് പോലീസിന് കൈമാറുകയുണ്ടായി. എന്നാല്‍ ഗ്രീന്‍ പീസിന്റെ വാദത്തിന് സഹായകരമായ തെളിവായി ഇവര്‍ കൈക്കലാക്കിയ തിമിംഗല മാംസം. ഇതില്‍ അരിശം പൂണ്ടാണ് സര്‍ക്കാര്‍ ഇവരെ തടവിലാക്കിയത്. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായി പ്രതികരിച്ചിരുന്നു എങ്കിലും കോടതി ഇവരെ 23 ദിവസം തടങ്കലില്‍ വെയ്ക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ജപ്പാനില്‍ കുറ്റപത്രം സമര്‍പ്പിയ്ക്കാതെ ഒരാളെ തടവില്‍ വെയ്ക്കാവുന്ന പരമാവധി കാലാവധിയാണിത്.
ലോകമെമ്പാടും നിന്ന് രണ്ട് ലക്ഷത്തോളം പേര്‍ ഇതിനകം ഇവരുടെ മോചനത്തിനായി ജപ്പാന്‍ സര്‍ക്കാറിന് ഇമെയില്‍ സന്ദേശം അയച്ചു കഴിഞ്ഞു. നിങ്ങളുടെ പ്രതിഷേധം ഇവിടെ അറിയിക്കാം:
http://www.greenpeace.org/international/news/activists-arrested-200608/release-our-activists
അന്താരാഷ്ട്ര വിലക്ക് മാനിക്കാതെ തിമിംഗല വേട്ട നടത്തുന്ന മറ്റ് രണ്ട് രാജ്യങ്ങള്‍ നോര്‍വേ, ഐസ് ലാന്‍ഡ് എന്നിവയാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പരിസ്ഥിതി, പോലീസ്, പ്രതിഷേധം, മനുഷ്യാവകാശം