പൊതുവെ കരുതപ്പെടുന്നത് പോലെ യുവ തലമുറയില്‍ മത വിശ്വാസം കുറയുന്നില്ല എന്ന് വെളിപ്പെടുത്തുന്ന ഒരു ഗവേഷണ ഫലം പുറത്തു വന്നിരിയ്ക്കുന്നു. 21 രാജ്യങ്ങളില്‍ നിന്നും ഉള്ള 18 നും 29 നും മധ്യേ പ്രായമുള്ള 21,000 യുവാക്കളില്‍ നടത്തിയ ലോകത്തിലേ തന്നെ ഏറ്റവും വിപുലമായ ഒരു സര്‍വേയിലാണ് യുവാക്കളിലെ മത വിശ്വാസം വെളിപ്പെട്ടത്. ജെര്‍മനിയിലെ ബെര്‍ട്ടല്‍സ്മാന്‍ ഫൌണ്ടേഷനാണ് പഠനം നടത്തിയത്.
85% യുവാക്കളും മത വിശ്വാസികള്‍ ആണെന്ന് ഗവേഷണ ഫലം പറയുന്നു. 13% പേര്‍ മാത്രമാണ് നിരീശ്വരവാദികള്‍.
മൂന്നിലൊന്ന് യുവാക്കള്‍ക്ക് ഒരു മത സ്ഥാപനത്തിന്റെ അംഗങ്ങളാവാന്‍ താല്‍പ്പര്യം ഇല്ലെങ്കിലും തങ്ങള്‍ ഈശ്വര വിശ്വാസികള്‍ ആണെന്ന് പറയുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കണ്ടെത്തല്‍.
മതവിശ്വാസം യുവാക്കളുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടിനെയും ലൈംഗികതയെ കുറുച്ചുള്ള നിലപാടുകളേയും സ്വാധീനിയ്ക്കുന്നതായും ഗവേഷണം കണ്ടെത്തുകയുണ്ടായി.
മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം ഏറ്റവും കുറച്ചുള്ളത് റഷ്യാക്കാര്‍ക്കും (16%) ഏറ്റവും കൂടുതല്‍ ഇറ്റലിയിലും (61%) ആണ്. ഇന്ത്യ (28%), അമേരിക്ക (52%), ബ്രിട്ടന്‍ (34%), ഫ്രാന്‍സ് (33%).
ഏറ്റവും കൂടുതല്‍ പേര്‍ ദിവസവും ദൈവത്തോട് പ്രാര്‍ത്ഥിയ്ക്കുന്നത് നൈജീരിയയിലാണ് (93%). ഏറ്റവും കുറച്ച് ഓസ്റ്റ്റിയയിലും (7%). ഇന്ത്യ (75%), അമേരിക്ക (57%), ബ്രിട്ടന്‍ (19%), ഫ്രാന്‍സ് (9%), ഓസ്റ്റ്റേലിയ (19%)
മതത്തിന്റെ ചട്ടക്കൂടനുസരിച്ച് ജീവിയ്ക്കാന്‍ തയ്യാറാവുന്നതില്‍ മുന്നില്‍ നൈജീരിയയില്‍ തന്നെ (84%). ഇതിനു പിന്നില്‍ വരുന്നത് ഇന്‍ഡോനേഷ്യയാണ് (55%). ഇന്ത്യ (43%), അമേരിക്ക (49%), ബ്രിട്ടന്‍ (21%), ഫ്രാന്‍സ് (15%), ഓസ്റ്റ്റേലിയ (25%). ഏറ്റവും കുറവ് ഓസ്റ്റ്റിയ (7%).
ഇന്ത്യയില്‍ 50% യുവാക്കള്‍ പ്രതിവാരം ഒരു മതപരമായ ചടങ്ങിലെങ്കിലും പങ്കെടുക്കുന്നു. മതം പ്രദാനം ചെയ്യുന്നതായി പറയുന്ന ദൈവീകമായ ആനന്ദം ഇന്ത്യയില്‍ 84% യുവാക്കള്‍ അനുഭവിയ്ക്കുന്നു.
മതത്തിന്റെ മനശ്ശാസ്ത്രപരമായി ആരോഗ്യകരമായ ഒരു ധര്‍മ്മം മനുഷ്യ മനസ്സിലെ ഭയം ഇല്ലാതാക്കുക എന്നതാണ്. എന്നാല്‍ ചരിത്രപരമായി ഏറ്റവും അധികം മനുഷ്യ മനസ്സുകളെ ഭയം മഥിയ്ക്കുവാന്‍ ഇടയാക്കുന്നതും മതങ്ങള്‍ നല്‍കുന്ന നരകത്തിന്റേയും ദൈവ കോപത്തിന്റെയും ചിത്രങ്ങള്‍ തന്നെയാണ്. ഇന്ത്യയിലെ 50% യുവാക്കള്‍ ഇത്തരത്തില്‍ ദൈവ ഭയത്തിലാണ് കഴിയുന്നത്.
മത സ്ഥാപനങ്ങളില്‍ നിന്ന് ആത്മീയത വേര്‍പെടുന്നതിന്റെ ദുരന്ത ഫലം അനുഭയ്ക്കുന്ന രാജ്യമാണ് ഇന്ത്യ. മത മേലദ്ധ്യക്ഷന്മാരുടെ രാഷ്ട്രീയ നാടകങ്ങളും, ആള്‍ദൈവങ്ങളുടെ ആത്മീയ നാടകങ്ങളും ആണ് ഇന്ന് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ സമൂഹിക പാഠം.
ഈ അന്യവല്‍ക്കരണം ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണെന്ന് ഈ പഠനം വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ 56% യുവാക്കള്‍ തങ്ങള്‍ മതവിശ്വാസികള്‍ ആണെന്ന് അവകാശപ്പെട്ടപ്പോള്‍ വെറും 34% പേര്‍ക്ക് മാത്രമായിരുന്നു തങ്ങള്‍ക്ക് ആത്മീയത ഉണ്ടെന്ന് പറയുവാന്‍ കഴിഞ്ഞത്.
പല മതങ്ങളിലും നിന്നുള്ള നല്ല നിര്‍ദ്ദേശങ്ങള്‍ സ്വീകരിയ്ക്കുവാനുള്ള യുവാക്കളുടെ സന്നദ്ധതയും ഈ പഠനം വിഷയമാക്കുക ഉണ്ടായി. ഇതിലും ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ഇന്ത്യ തന്നെ. (18%). ഇന്ത്യയിലെ മുതിര്‍ന്നവരുടെ കാര്യം ഇതിലും കഷ്ടമാണ് (9%). മറ്റ് മതങ്ങളോടുള്ള സ്വീകാര്യത ഏറ്റവും അധികം ഇറ്റലിയിലാണ് (74%). അമേരിക്ക (61%), ബ്രിട്ടന്‍ (48%), ഫ്രാന്‍സ് (47%), ഓസ്റ്റ്റേലിയ (49%), റഷ്യ (60%)
എന്നാല്‍ എല്ലാ മതങ്ങളുടേയും അടിസ്ഥാന തത്വങ്ങള്‍ നല്ലതാണ് എന്ന് ഇന്ത്യയിലെ 85% യുവാക്കള്‍ വിശ്വസിയ്ക്കുന്നു എന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ട്.
മത മൌലിക വാദം ഏറ്റവും കൂറവ് സ്വിറ്റ്സര്‍ലാന്‍ഡിലാണ് (8%). ഏറ്റവും കൂടുതല്‍ ഇസ്രയേലിലും (55%). ഇന്ത്യ തൊട്ടു പുറകെയുണ്ട് (47%). അമേരിക്ക (44%), ബ്രിട്ടന്‍ (14%).
ജീവന്റെ ഉല്പത്തി ദൈവീക സൃഷ്ടിയോ അതോ ശാസ്ത്രീയ വിശദീകരണമായ പരിണാമമോ എന്ന ചോദ്യത്തിന് 83% ഇന്ത്യാക്കാര്‍ ശാസ്ത്രത്തിനൊപ്പം നിന്ന്‍ ഒന്നാം സ്ഥാനത്തെത്തി. അമേരിക്ക (41%), ബ്രിട്ടന്‍ (66%), ഫ്രാന്‍സ് (65%), ഇസ്രയേല്‍ (39%), മൊറോക്കോ (18%).
ഏറ്റവും കൂടുതല്‍ യുവാക്കള്‍ തങ്ങളെ മാതാപിതാക്കള്‍ മതപരമായ് ആണ് വളര്‍ത്തിയത് എന്ന് പറഞ്ഞത് ഇന്‍ഡോനേഷ്യയിലാണ് (99%). തൊട്ട് പുറകില്‍ ഇന്ത്യയും (98%). അമേരിക്ക (64%), ബ്രിട്ടന്‍ (61%), ഫ്രാന്‍സ് (61%), ഓസ്റ്റ്റേലിയ (60%), റഷ്യ (12%).
പുതിയ തലമുറയില്‍ മത വിശ്വാസം വളര്‍ത്താന്‍ അശ്രാന്തം പരിശ്രമിയ്ക്കുന്ന മത പ്രചാരകര്‍ക്കും മത മേലദ്ധ്യക്ഷന്മാര്‍ക്കും വിശ്വാസം വിറ്റ് കാശാക്കുന്ന ആള്‍ ദൈവങ്ങള്‍ക്കും ആശ്വാസം പകരുന്ന ഒരു ഗവേഷണ ഫലം തന്നെ ആണിത് എന്നതില്‍ സംശയമില്ല.
- ജെ.എസ്.