ഇസ്ലാമാബാദ്: താലിബാന്റെ ആക്രമണത്തിന് ഇരയായ പാക്കിസ്ഥാനിലെ വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ് സയിയോട് വെടി വെച്ച ആളുടെ സഹോദരി റഹാന ഹലീം മാപ്പപേക്ഷിച്ചു. മലാലയോട് പറയണം എന്റെ സഹോദരന്‍ ചെയ്തതിനു ഞാന്‍ നിങ്ങളോട് മാപ്പപേക്ഷിക്കുന്നു, അവന്റെ ചെയ്തികള്‍ കാരണം ഞങ്ങള്‍ക്ക് എല്ലാം നഷ്ടമായി’ എന്ന് റെഹാന സി. എന്‍ . എന്നിനോട് പറഞ്ഞു. മലാല എന്റെ സഹോദരിയെ പോലെയാണ്. സാധാരണ ജീവിതത്തിലേക്ക് എത്രയും വേഗം തിരികെ വരുവാന്‍ മലാലയ്ക്കാകട്ടെ എന്നും സഹോദരന്‍ അത്താഹുള്ളാ ഖാന്‍ ഈ സംഭവത്തിലൂടെ തന്റെ കുടുംബത്തെ നാണക്കേടിലേക്ക് തള്ളിവിട്ടെന്നും അവര്‍ പറഞ്ഞു.
പെണ്‍കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തിയതാണ് മലാലയെ താലിബാന്റെ അപ്രീതിക്ക് പാത്രമാക്കിയത്. ഒക്ടോബര്‍ 9ആം തിയതിയാണ് സ്കൂള്‍ വിട്ടു വരികയായിരുന്ന മലാലയെയും സുഹൃത്തിനേയും താലിബാന്‍ തീവ്രവാദികള്‍ ആക്രമിച്ചത്. തലയിലടക്കം വെടിയേറ്റ മലാലയുടെ നില അതീവ ഗുരുതരമായിരുന്നു. മികച്ച ചികിത്സാ സൌകര്യത്തിനായി പാക്കിസ്ഥാനില്‍ നിന്നും ലണ്ടനിലേക്ക് കൊണ്ടു പോകുകയായിരുന്നു. അപകട നില തരണം ചെയ്ത മലാല ഇപ്പോളും ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്കൂളുകള്‍ തകര്‍ക്കുകയും വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്യുന്ന താലിബാന്റെ നടപടികളെ കുറിച്ച് മലാലയെഴുതിയ ഡയറി ബി. ബി. സി. പ്രസിദ്ധീകരിച്ചിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, തീവ്രവാദം, മതം, മനുഷ്യാവകാശം, വിദ്യാഭ്യാസം, സ്ത്രീ