മോസ്കോ : ഇറാന്‍ ആണവ ആയുധങ്ങള്‍ വികസിപ്പിക്കുന്നു എന്ന ആരോപണം തെറ്റാണെന്ന് റഷ്യ വെളിപ്പെടുത്തി. ഇറാന്റെ ആണവ പദ്ധതികളില്‍ ആയുധ വികസനം ഇല്ല എന്നതിന്റെ തെളിവ് തങ്ങളുടെ പക്കല്‍ ഉണ്ട്. റഷ്യന്‍ വിദേശ കാര്യ ഉപമന്ത്രി സെര്‍ജി റബകൊവ് വെള്ളിയാഴ്ച ഒരു റഷ്യന്‍ ടെലിവിഷന്‍ ചാനലിലാണ് ഈ കാര്യം അറിയിച്ചത്. ആയുധ വികസനം ഇറാന്റെ ആണവ പദ്ധതിയില്‍ ഇല്ലാത്ത സ്ഥിതിയ്ക്ക് ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ തങ്ങള്‍ക്ക് യോജിപ്പില്ല. ഈ നീക്കത്തെ റഷ്യ എതിര്‍ക്കും. അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിയുമായി ഇറാന്‍ സഹകരിക്കണം. ബാക്കി നില്‍ക്കുന്ന സംശയങ്ങള്‍ ചര്‍ച്ച വഴി ഇല്ലാതാക്കണം. തങ്ങളുടെ ആണവ സംവിധാനങ്ങള്‍ പരിശോധിക്കാന്‍ അന്താരാഷ്‌ട്ര നിരീക്ഷകരെ ക്ഷണിക്കുക വഴി ഇറാന്‍ കൂടുതല്‍ സുതാര്യത പ്രകടമാക്കി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
- ജെ.എസ്.