വാഷിംഗ്ടന്‍ : അഫ്ഗാന്‍ യുദ്ധത്തെ സംബന്ധിക്കുന്ന രഹസ്യ രേഖകള്‍ എത്രയും പെട്ടെന്ന് ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യുവാന്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ് ഇന്റര്‍നെറ്റിലെ വിസില്‍ ബ്ലോവര്‍ വെബ് സൈറ്റായ വിക്കി ലീക്ക്സിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം വിക്കി ലീക്ക്സ് ഏതാണ്ട് 71,000 അമേരിക്കന്‍ രഹസ്യ രേഖകള്‍ തങ്ങളുടെ വെബ് സൈറ്റിലൂടെ പരസ്യപ്പെടുത്തിയത് അമേരിക്കയ്ക്ക് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. ഈ രേഖകള്‍ എത്രയും പെട്ടെന്ന് വെബ് സൈറ്റില്‍ നിന്നും നീക്കം ചെയ്തു തങ്ങളെ തിരികെ ഏല്‍പ്പിക്കാനാണ് ഇപ്പോള്‍ അമേരിക്ക ആവശ്യപ്പെടുന്നത്.
ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന പ്രസക്തിക്ക് മറ്റൊരു ഉദാഹരണമാണ് വിക്കിലീക്ക്സ്. കേന്ദ്രീകൃതമായ ഒരു ഓഫീസോ, ശമ്പളത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരോ ഇല്ലാത്ത വിക്കി ലീക്ക്സ് വെബ് സൈറ്റ് ഒരു ചെറിയ സംഘം ആളുകളാണ് നടത്തി കൊണ്ട് പോകുന്നത്. 800 ഓളം സന്നദ്ധ പ്രവര്‍ത്തകരും ഇവര്‍ക്ക് സഹായത്തിനുണ്ട്. വിക്കി ലീക്ക്സിന്റെ ഉടമയായ ജൂലിയന്‍ അസ്സാന്‍ജെ ഓസ്ട്രേലിയക്കാരന്‍ ആണെങ്കിലും സുരക്ഷിതത്വ കാരണങ്ങളാല്‍ സ്വീഡനിലും ഐസ് ലാന്‍ഡിലും മാത്രമേ കാണപ്പെടാറുള്ളൂ. ഈ രണ്ടു രാജ്യങ്ങളും പൂര്‍ണ്ണമായ ഇന്റര്‍നെറ്റ് സ്വകാര്യത ഉറപ്പു നല്‍കുന്നുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, കുറ്റകൃത്യം, മനുഷ്യാവകാശം, യുദ്ധം