വാഷിംഗ്ടണ് : അമേരിക്കയെ നാണം കെടുത്തിക്കൊണ്ട് വിക്കി ലീക്ക്സ് രണ്ടര ലക്ഷം രഹസ്യ രേഖകള്‍ കൂടി പുറത്തു വിട്ടു. 1966 ഡിസംബര്‍ 28 മുതല്‍ 2010 ഫെബ്രുവരി 28 വരെ ലോകമെമ്പാടുമുള്ള അമേരിക്കന്‍ നയതന്ത്ര ഓഫീസുകളില്‍ നിന്നും വാഷിംഗ്ടണ്‍ ഡി. സി. യിലെ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് അയച്ച കേബിള്‍ സന്ദേശങ്ങളാണ് നവംബര്‍ 28 ഞായറാഴ്ച മുതല്‍ വിക്കി ലീക്ക്സ് പുറത്തു വിട്ടു തുടങ്ങിയത്. വിദേശ രാജ്യങ്ങളില്‍ അമേരിക്ക ചെയ്യുന്ന ഇടപെടലുകളെ കുറിച്ച് ഈ രഹസ്യ രേഖകള്‍ പൊതുജനത്തിന് വ്യക്തമായ ഒരു ചിത്രം നല്‍കും എന്നാണ് വിക്കി ലീക്ക്സ് വെബ് സൈറ്റ് പറയുന്നത്.
അടുത്ത ഏതാനും മാസങ്ങള്‍ കൊണ്ട് ഘട്ടം ഘട്ടമായിട്ടായിരിക്കും ഈ രേഖകള്‍ മുഴുവനായി പ്രസിദ്ധപ്പെടുത്തുക. ഈ രേഖകളില്‍ പരാമര്‍ശിക്കപ്പെടുന്ന കാര്യങ്ങളുടെ ഗൌരവവും ഭൂമിശാസ്ത്രപരമായ വ്യാപ്തിയും കണക്കിലെടുക്കുമ്പോള്‍ ഇവ പ്രസിദ്ധപ്പെടുത്താ തിരിക്കുന്നത് ഇവയോട് ചെയ്യുന്ന അനീതിയായിരിക്കും എന്നും വെബ് സൈറ്റില്‍ വിശദീകരിക്കുന്നു.
അമേരിക്ക സ്വന്തം സഖ്യ കക്ഷികളുടെയും ഐക്യ രാഷ്ട്ര സംഘടനയുടെയും മേലെ നടത്തുന്ന ചാര പ്രവര്‍ത്തനങ്ങള്‍, സ്വന്തം കക്ഷി രാഷ്ട്രങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെയും അഴിമതിയുടേയും നേര്‍ക്ക് കണ്ണടയ്ക്കുന്നതും, “നിഷ്പക്ഷ” രാഷ്ട്രങ്ങളുമായി ഉണ്ടാക്കുന്ന പിന്നാമ്പുറ ഇടപാടുകളും, അമേരിക്കന്‍ കോര്‍പ്പൊറേറ്റുകള്‍ക്ക് വേണ്ടി നടത്തുന്ന ഉപജാപങ്ങളും, തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് അമേരിക്കന്‍ നയതന്ത്രജ്ഞര്‍ ചെയ്തു കൊടുക്കുന്ന സഹായങ്ങളും എല്ലാം ഈ രേഖകള്‍ വെളിവാക്കുന്നു.
അമേരിക്ക ലോകത്തിനു മുന്‍പില്‍ കാഴ്ച വെയ്ക്കുന്ന പരസ്യമായ പ്രതിച്ഛായ അടഞ്ഞ വാതിലുകള്‍ക്ക് പുറകിലെ യഥാര്‍ത്ഥ അമേരിക്കന്‍ മുഖത്തില്‍ നിന്നും എത്ര വ്യത്യസ്തമാണ് എന്ന് ഈ രേഖകള്‍ വെളിപ്പെടുത്തുന്നു. ജനാധിപത്യ രാഷ്ട്രത്തിലെ സര്‍ക്കാരുകള്‍ തങ്ങളുടെ താല്പര്യങ്ങള്‍ പ്രതിഫലിപ്പിക്കണം എന്ന് ആഗ്രഹിക്കുന്ന പൌരന്മാര്‍ യഥാര്‍ത്ഥത്തില്‍ അണിയറയില്‍ നടക്കുന്ന രംഗങ്ങള്‍ കാണേണ്ടതിന്റെ പ്രാധാന്യം ഈ വെളിപ്പെടുത്തലുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
അമേരിക്കയുടെ ആദ്യത്തെ പ്രസിഡണ്ടായ ജോര്‍ജ്ജ് വാഷിംഗ്ടണ് നുണ പറയാന്‍ കഴിയുമായിരുന്നില്ല എന്നത് ഓരോ അമേരിക്കന്‍ കുട്ടിയേയും പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പിന്‍മുറക്കാര്‍ക്ക് ഈ തത്വം എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നുവെന്ന ചോദ്യത്തിന് ഈ രേഖകളുടെ വെളിപ്പെടുത്തലോടെ ഉത്തരമാകുന്നു.
വിക്കി ലീക്ക്സ് ഈ രഹസ്യ രേഖകള്‍ വെളിപ്പെടുത്തുന്നത് ആളുകളുടെ ജീവന് ഭീഷണിയാവും എന്നാണ് അമേരിക്കയുടെ പ്രതികരണം. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷമായി തങ്ങള്‍ വെളിപ്പെടുത്തിയ രഹസ്യ രേഖകള്‍ ഒന്നും തന്നെ ഇത് വരെ ഒരാള്‍ക്കും അപകടകരമായി തീര്‍ന്നിട്ടില്ല എന്ന് വിക്കി ലീക്ക്സ് പറയുന്നു.
പരസ്യപ്പെടുത്തുന്നതിന് മുന്‍പ് രേഖകളില്‍ പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നവ വ്യക്തമാക്കുവാന്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനോട് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവര്‍ തങ്ങളോട് സഹകരിക്കുവാന്‍ വിസമ്മതിക്കുകയാണ് ഉണ്ടായത്. ഈ രേഖകള്‍ പുറത്തു വിട്ടാല്‍ ഉണ്ടാവുമെന്ന് അമേരിക്ക പറയുന്ന വിപത്തിനേക്കാള്‍ ഈ രേഖകള്‍ പുറത്തു വരുന്നത് തടയുവാനായിരുന്നു അമേരിക്കയ്ക്ക് താല്പര്യം എന്നും വിക്കി ലീക്ക്സ് പറയുന്നു.
യഥാര്‍ത്ഥത്തില്‍ ലോകത്തില്‍ എന്താണ് നടക്കുന്നത് എന്ന അറിവ് നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നു. അതിനാല്‍ ഈ രേഖകളിലെ വിവരങ്ങള്‍ രാഷ്ട്രീയ പരിഷ്കരണത്തിനും മാറ്റത്തിനും വഴി വെയ്ക്കും. ഈ രേഖകള്‍ മധ്യ പൂര്‍വേഷ്യയില്‍ അസ്ഥിരത സൃഷ്ടിക്കും എന്ന ആരോപണത്തിലും കഴമ്പില്ല. തങ്ങളെ യഥാര്‍ത്ഥത്തില്‍ അമേരിക്ക എങ്ങനെയാണ് കാണുന്നത് എന്ന വ്യക്തമായ ചിത്രം ഈ രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് ലഭിക്കുന്നതോടെ ന്യായമായ ഒരു പൊതു നിലപാട് സ്വീകരിച്ചു കൊണ്ട് സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് സാദ്ധ്യമാവുകയും ഇത് ഈ പ്രദേശത്തെ സമാധാന പ്രക്രിയക്ക് ആക്കം കൂട്ടുകയും ചെയ്യും എന്നും വിക്കി ലീക്ക്സ് പ്രത്യാശ പ്രകടിപ്പിക്കുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, കുറ്റകൃത്യം, മനുഷ്യാവകാശം, യുദ്ധം
വിക്കിലീക്സ് പുറത്തുവിടുന്നത് ലക്ഷക്കണക്കിനു രേഖകളാണ്. അതില്‍ നിന്നും ക്രോഡീകരിച്ച വാര്‍ത്തകള്‍ ആരും കൃത്യമായി വിടുന്നില്ല. അതിനാണ് ഐടി രംഗത്തെയും അമേരിക്കന്‍ വിരുദ്ധ ചേരിയിലേയും ആളുകള്‍ ശ്രമിക്കേണ്ടത്.
അമേരിക്ക ശരിക്ക് വെള്ളം കുടിക്കും. എന്നാല്‍ ഈ വ്യക്തിയുടെ ജീവന്‍ അവര്‍ അപകടപ്പെടുത്തുമോ എന്ന ഭയം ഭാക്കി.