മ്യവാഡി : മ്യാന്മാറില്‍ 10 വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിന്റെ ഫലത്തിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയങ്ങള്‍ ഇല്ലെങ്കിലും ഫല പ്രഖ്യാപനം അനിശ്ചിതമായി തന്നെ തുടരുന്നു. പട്ടാള ഭരണ കൂടത്തിന്റെ കയ്യില്‍ തന്നെ ഭരണം തുടരും എന്ന് വ്യക്തം ആണെങ്കിലും ഇതുവരെ ഫലം പ്രഖ്യാപിക്കാനോ എന്ന് ഫലം പ്രഖ്യാപിക്കും എന്ന് അറിയിക്കാനോ സര്‍ക്കാര്‍ തയാറായിട്ടില്ല.
തെരഞ്ഞെടുപ്പ് സ്വതന്ത്രമായിരുന്നില്ല എന്നും അന്താരാഷ്ട്രമായി അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെടാതെ നടന്നതാണ് എന്നും അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ പ്രസ്താവിച്ചു. മ്യാന്മാറില്‍ രാഷ്ട്രീയ മാറ്റം കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ അമേരിക്ക തുടരും എന്നും അദ്ദേഹം അറിയിച്ചു.
ആകെയുള്ള 1159 സീറ്റുകളില്‍ പ്രതിപക്ഷം കേവലം 164 സീറ്റുകളിലേക്ക് മാത്രമേ മത്സരിച്ചിട്ടുള്ളൂ എന്നതിനാല്‍ തെരഞ്ഞെടുപ്പ് ഫലത്തിന് ഭരണ മാറ്റം കൊണ്ട് വരാന്‍ ആവില്ല എന്ന് ഉറപ്പാണ്. പാര്‍ലമെന്റ് സീറ്റുകളില്‍ തന്നെ 25 ശതമാനം സീറ്റുകള്‍ പട്ടാളത്തിന് വേണ്ടി നീക്കി വെച്ചിട്ടുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം എത്ര ശക്തമാണ് എന്ന് അറിയുവാന്‍ തെരഞ്ഞെടുപ്പ് ഫലം സഹായകരമാവും എന്നാണ് ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ നാഷണല്‍ ഡെമോക്രാറ്റിക് ഫോഴ്സ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ വന്‍ തോതില്‍ കൃത്രിമം നടന്നതായി രാഷ്ട്രീയ നേതാക്കള്‍ ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ബലം പ്രയോഗിച്ചു വോട്ടര്‍മാരെ കൊണ്ട് തങ്ങള്‍ക്കു അനുകൂലമായി സൈന്യം വോട്ടു ചെയ്യിച്ചു, പലയിടത്തും ബോംബ് ഭീഷണിയും അക്രമവും കൊണ്ട് വോട്ടര്‍മാരെ ഭയപ്പെടുത്തി വോട്ട് ചെയ്യാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി എന്നിങ്ങനെ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. വോട്ടര്‍ പട്ടികയിലും വോട്ടെണ്ണലിലും വമ്പിച്ച ക്രമക്കേട് തന്നെ നടന്നു എന്നും സൂചനയുണ്ട്.
1962 മുതല്‍ മ്യാന്മാറില്‍ പട്ടാള ഭരണമാണ്. 1990ല്‍ വന്‍ ഭൂരിപക്ഷവുമായി പട്ടാള ഭരണത്തിനെതിരെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഔങ് സാന്‍ സൂ ചി യുടെ വിജയം അംഗീകരിക്കാതെ പട്ടാളം ഇവരെ വീട്ടു തടങ്കലില്‍ ആക്കുകയായിരുന്നു. ഇപ്പോഴും തടങ്കലില്‍ ആയ സൂ ചിക്ക് സമാധാനത്തിനുള്ള നോബല്‍ സമാനവും ലഭിച്ചു. രണ്ടായിരത്തിലേറെ രാഷ്ട്രീയ തടവുകാര്‍ ഇപ്പോഴും മ്യാന്‍മാറില്‍ തടവില്‍ കഴിയുന്നുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പീഡനം, പ്രതിഷേധം, മനുഷ്യാവകാശം, മ്യാന്‍മാര്‍