കിയെവ്: ഉക്രെയിനിൽ രാഷ്ട്രീയമായും സൈനികമായും ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുക വഴി മൂന്നാം ലോക മഹായുദ്ധമാണ് റഷ്യ കാംക്ഷിക്കുന്നത് എന്ന് ഉക്രെയിൻ പ്രധാനമന്ത്രി അർസെനി യാറ്റ്സെന്യൂൿ പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികളിൽ നിന്നും ലോകം ഇനിയും മോചിതമായിട്ടില്ല. അതിന് മുൻപേ മൂന്നാം ലോക മഹായുദ്ധം ആരംഭിക്കുവാനാണ് റഷ്യ പദ്ധതിയിടുന്നത്. ഭീകരവാദികളെ പിന്തുണയ്ക്കുന്ന നിലപാടാണ് റഷ്യയുടേത്. ഇത്തരമൊരു സൈനിക നീക്കം യൂറോപ്പിൽ ആകമാനം സൈനിക സംഘർഷത്തിന് വഴിമരുന്നിടും – ഇടക്കാല മന്ത്രിസഭയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ഇത് ടെലിവിഷനിൽ തൽസമയം സംപ്രേഷണം ചെയ്തിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിനിടയിൽ ഏറ്റവും കടുത്ത ഭാഷയിലാണ് വെള്ളിയാഴ്ച്ച നടന്ന വാൿ യുദ്ധത്തിൽ ഉക്രെയിനിലെ പ്രധാനമന്ത്രി റഷ്യയ്ക്ക് താക്കീത് നൽകിയത്. ഇരു രാജ്യങ്ങളും അതിർത്തിയിൽ സൈന്യ വിന്യാസം നടത്തി കഴിഞ്ഞു.
- ജെ.എസ്.