ഇറാന്‍ ഭരണകൂടം പത്രപ്രവര്‍ത്തകരെയും ബ്ലോഗ്ഗെര്‍മാരെയും അറസ്റ്റു ചെയ്യുന്നു. ഇലക്‌ഷന് ശേഷമുള്ള പ്രതിഷേധ പ്രകടനങ്ങള്‍ തുടങ്ങി ഒരു ആഴ്ചയ്ക്ക് ശേഷം 24 മാധ്യമ പ്രവര്‍ത്തകരെയാണ് ഇത് വരെ അറസ്റ്റ് ചെയ്തത്.
ഇതില്‍ ഇറാനിയന്‍ പത്ര പ്രവര്‍ത്തക സംഘടനയുടെ നേതാവും ന്യൂസ് വീക്കിന്റെ കനേഡിയന്‍ റിപ്പോര്ട്ടറും ഉള്‍പ്പെടും. ഇതോടൊപ്പം ബി.ബി.സി. റിപ്പോര്‍ട്ടറോട് രാജ്യം വിട്ടു പോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം ഒന്നും തന്നെയില്ലാതെയും ചില മാധ്യമ പ്രവര്‍ത്തകരെ തടവില്‍ വയ്ക്കുന്നു എന്നും റിപ്പോര്ട്ടുകള്‍ ഉണ്ട്.
ഇറാന്‍ ഭരണകൂടം പ്രാദേശിക മാധ്യമങ്ങളെയും വിദേശ മാധ്യമങ്ങളെയും ഒരു പോലെ സൂഷ്മ നിരീക്ഷണം ചെയ്യുകയാണ്. ജൂണ്‍ 12ന് നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ അവസാനം നിലവിലുള്ള പ്രസിഡണ്ട് അഹമ്മദ് നെജാദിനെ തന്നെ വിജയി ആയി പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നു എന്നാണ് എതിര്‍ ഭാഗം നേതാവായ മിര്‍ മോഹസ്സിന്‍ മൌസാവിയുടെ അനുയായികള്‍ പറയുന്നത്. ഇതില്‍ പ്രതിഷേധിച്ച് ഇറാനില്‍ വന്‍ റാലികള്‍ സംഘടിപ്പിക്കുകയുണ്ടായി. പ്രതിഷേധക്കാരെ അനുകൂലിച്ചു കൊണ്ടുള്ള വാര്‍ത്തകള്‍ കൊടുക്കുന്നതു തടയാനാണ് ഇറാന്‍ ഭരണ കൂടം ഈ അറസ്റ്റുകള്‍ നടത്തുന്നത്



സ്ത്രീകള്‍ക്ക് ഇസ്ലാം നിഷ്കര്‍ഷിക്കുന്ന ബുര്‍ഖ അഥവ പര്‍ദ്ദ മതപരമായ ചിഹ്നം ആയല്ല, മറിച്ച് സ്ത്രീകളെ തരം താഴ്ത്താനുള്ള ഉപാധി ആയിട്ടാണ് ഫ്രാന്‍സ് കാണുന്നത് എന്ന് ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളാസ് സാര്‍ക്കോസി വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫ്രാന്‍സില്‍ സജീവമായ ബുര്‍ഖാ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആണ് പ്രസിഡണ്ടിന്റെ ഈ പരാമര്‍ശം. 
കാശ്മീര്‍ പ്രശ്ന പരിഹാരത്തിന് ഏറ്റവും ഉചിതം ചര്‍ച്ച ആണെന്നും ഇതില്‍ അമേരിക്ക ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല എന്നും അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ വ്യക്തമാക്കി. പാക്കിസ്ഥാനും ഇന്ത്യയുമായി പല പ്രശ്നങ്ങളും നില നില്‍ക്കുന്നുണ്ട്. ഇതില്‍ പലതും ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കാന്‍ കഴിയും. അത്തരം വിഷയങ്ങള്‍ കണ്ടെത്തി ചര്‍ച്ച ആരംഭിച്ചാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നില നില്‍ക്കുന്ന അസ്വസ്ഥതകള്‍ കുറക്കുവാന്‍ സാധിക്കും. ഈ രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചാല്‍ ഇത് അവസാനം കാശ്മീര്‍ പ്രശ്നത്തിനും ഒരു പരിഹാരം കണ്ടെത്തുവാന്‍ സഹായകരം ആവും എന്നും ഒബാമ പ്രത്യാശ പ്രകടിപ്പിച്ചു. കാശ്മീര്‍ പ്രശ്നത്തില്‍ ഒബാമാ ഭരണകൂടം എന്തു കൊണ്ട് നിശ്ശബ്ദത പാലിക്കുന്നു എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു ഒബാമ.


വിദേശ മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇറാനില്‍ നടക്കുന്ന വന്‍ ജനകീയ പ്രതിഷേധ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഇറാന്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ മറി കടന്ന് തങ്ങള്‍ക്കിടയിലെ ആശയ വിനിമയത്തിനും ഇറാനിലെ വിശേഷങ്ങള്‍ പുറം ലോകത്തേക്ക് എത്തിക്കുന്നതിനും ഇറാനിലെ ജനത ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചു വരുന്ന ട്വിറ്റര്‍ എന്ന ഇന്റര്‍നെറ്റ് സങ്കേതം അറ്റ കുറ്റ പണികള്‍ക്കായി ഇന്നലെ അല്‍പ്പ സമയത്തേക്ക് നിര്‍ത്തി വെക്കാന്‍ ഉള്ള ട്വിറ്റര്‍ കമ്പനിയുടെ നീക്കത്തെ അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ തടഞ്ഞു. ഇറാന്‍ ജനതയുടെ പുറം ലോകത്തേക്കുള്ള കിളിവാതില്‍ ആയ ട്വിറ്റര്‍ നിര്‍ത്തി വെക്കുന്നത് ആശയ വിനിമയത്തിന് ഉള്ള മറ്റ് എല്ലാ വാതിലുകളും കൊട്ടി അടക്കപ്പെട്ട ഇറാന്‍ ജനതയുടെ ദുരിതം വര്‍ദ്ധിപ്പിക്കും എന്നതാണ് ഇത്തരം ഒരു അസാധാരണ നീക്കം നടത്തുവാന്‍ ഒബാമയെ പ്രേരിപ്പിച്ചത്. എന്നാല്‍ ആശയ വിനിമയത്തിനുള്ള മാര്‍ഗ്ഗം ഉറപ്പാക്കുക എന്നതിന് അപ്പുറം ഈ നീക്കം ഏതെങ്കിലും കക്ഷിയോടുള്ള പിന്തുണയല്ല സൂചിപ്പിക്കുന്നത് എന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തം ആക്കിയിട്ടുണ്ട്. 
തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഇറാന്റെ പരമോന്നത ആത്മീയ നേതാവായ അയത്തൊള്ളാ അലി ഖമേനി ഉത്തരവിട്ടു. ഇതോടെ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയാണ് പ്രസിഡണ്ട് അഹമ്മദി നെജാദ് ജയിച്ചത് എന്ന് ആരോപിച്ച പ്രതിപക്ഷത്തിന് പുതിയ പ്രതീക്ഷയായി. കഴിഞ്ഞ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പില്‍ നടന്ന ക്രമക്കേടിനെതിരെ ഇറാന്റെ തെരുവുകളില്‍ വമ്പിച്ച പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു വരികയായിരുന്നു. അതിനിടെയാണ് ഏവരേയും അമ്പരപ്പിച്ചു കൊണ്ട് ഇറാന്റെ പരമോന്നത നേതാവിന്റെ തികച്ചും അപ്രതീക്ഷിതമായ ഈ നിലപാട്.


























