അടുത്ത കാലത്തായി ആസ്ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങള്‍, അവരുടെ ആഭ്യന്തര കാര്യം ആണെന്ന് വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്റെ അഭിപ്രായം വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ഇത് വെറും ഒരു ചെറിയ “ക്രമസമാധാന പ്രശ്നം അല്ല” എന്ന് പറഞ്ഞാണ് ബി.ജെ.പി. തരൂരിന്റെ ഈ അഭിപ്രായത്തെ എതിര്‍ത്തത്.
വംശീയ വിരോധവും അതില്‍ നിന്നുണ്ടാകുന്ന അക്രമവും ഒരു രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നം ആയി മാത്രം കാണാന്‍ ആവില്ല എന്നാണ് ബി.ജെ.പി യുടെ വാദം.
നമ്മുടെ രാജ്യത്തില്‍ നിന്നും ഏറെ അകലെ ആയ സൌത്ത് ആഫ്രിക്കയില്‍ വച്ചാണ് മഹാത്മാ ഗാന്ധിജി വര്ണവിവേചനത്തിന് എതിരെ പ്രക്ഷോഭം ആരംഭിച്ചത് എന്ന കാര്യം തരൂര്‍ ഓര്‍ക്കണം എന്നും ബി.ജെ.പി വ്യക്തം ആക്കി.ഇങ്ങനെ ഒരു അഭിപ്രായം എന്ത് കൊണ്ടാണ് മന്ത്രി പറഞ്ഞത് എന്ന് മനസ്സിലാക്കാന്‍ പ്രയാസം ആണെന്നും ബി.ജെ.പി. നേതാവ് മുരളി മനോഹര്‍ ജോഷി പറഞ്ഞു.
ഈ അക്രമങ്ങള്‍ പ്രധാനം ആയും ആസ്ത്രേലിയന്‍ സമൂഹത്തിന്റെ ആഭ്യന്തര പ്രശ്നം ആണെന്നും അതിനെ ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നം ആയി കാണാന്‍ ആകില്ല എന്നുമാണ് തിരുവനന്തപുരം എം.പി. ആയ തരൂര്‍ സ്വന്തം മണ്ഡലത്തില്‍ വച്ച് പറഞ്ഞത്. അതെ സമയം പഠനത്തിനായി വിദേശത്ത് പോകുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉള്ള ബാധ്യത ഇന്ത്യയ്ക്ക് ഉണ്ടെന്നും, എന്നാല്‍ അതിനുള്ള ഉത്തരവാദിത്തം ആസ്ത്രേലിയയ്ക്ക് ആണെന്നും അദ്ദേഹം പറഞ്ഞു.