കോണ്ടിനെന്ടല്‍ എയര്‍ലൈന്‍സ് പതിവ് പോലെ കൃത്യ സമയത്ത് തന്നെ ബ്രസ്സല്‍സില്‍ നിന്ന് യാത്ര പുറപ്പെട്ടു. യാത്രക്കാര്‍ സിനിമ കാണുകയും, മാസികകള്‍ വായിക്കുകയും ചെയ്യുന്നു. വിമാന ജോലിക്കാര്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യുന്നു.
അപ്പോഴാണ് വിമാനത്തിലെ ഉച്ച ഭാഷിണിയിലൂടെ ഒരു അറിയിപ്പ് വന്നത്. യാത്രക്കാര്‍ക്ക് ഇടയില്‍ ഡോക്ടര്‍ ഉണ്ടോ എന്നായിരുന്നു സന്ദേശം. എന്തോ കുഴപ്പം ഉണ്ടെന്ന തോന്നല്‍ യാത്രക്കാര്‍ക്ക് ഉണ്ടായെങ്കിലും പിന്നീട് അറിയിപ്പുകള്‍ ഒന്നും തന്നെ വന്നില്ല. കോക്ക്പിറ്റില്‍ ഉണ്ടായിരുന്ന 60 വയസ്സുള്ള പൈലറ്റ് മരണപ്പെട്ടിരുന്നു. പിന്നീട് സഹ പൈലറ്റുകള്‍ വിമാനത്തിന്റെ നിയന്ത്രണവും ഏറ്റെടുത്തു.
എന്നാല്‍ വിമാനത്തില്‍ ഉണ്ടായിരുന്ന 247 യാത്രക്കാരും ഈ സംഭവം അറിയാതെ ആശങ്കകള്‍ ഇല്ലാതെ സുരക്ഷിതരായി വിമാനം ഇറങ്ങി. അപ്പോഴേയ്ക്കും ഫയര്‍ എന്ജിനുകളും മറ്റു വാഹനങ്ങളും നിരവധി മാധ്യമ പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. മിക്ക യാത്രക്കാരും അപ്പോഴാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത അറിയുന്നത്.
ഹൃദയാഘാതം ആണ് പൈലറ്റിന്റെ മരണ കാരണം എന്ന് സംശയിക്കുന്നു. 32 വര്ഷം ആയി കോണ്ടിനെന്റല്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ പേര് വിമാന കമ്പനി ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. വിമാനത്തില്‍ ഉണ്ടായിരുന്ന ഒരു ഹൃദ്രോഗ വിദഗ്ദ്ധന്‍ കോക്ക് പിറ്റില്‍ വച്ച് തന്നെ പൈലറ്റിനെ രക്ഷപെടുത്താന്‍ നോക്കിയെങ്കിലും അപ്പോഴേയ്ക്കും ജീവന്റെ തുടിപ്പുകള്‍ വിട്ടൊഴിഞ്ഞിരുന്നു.




വിദേശ മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇറാനില്‍ നടക്കുന്ന വന്‍ ജനകീയ പ്രതിഷേധ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഇറാന്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ മറി കടന്ന് തങ്ങള്‍ക്കിടയിലെ ആശയ വിനിമയത്തിനും ഇറാനിലെ വിശേഷങ്ങള്‍ പുറം ലോകത്തേക്ക് എത്തിക്കുന്നതിനും ഇറാനിലെ ജനത ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചു വരുന്ന ട്വിറ്റര്‍ എന്ന ഇന്റര്‍നെറ്റ് സങ്കേതം അറ്റ കുറ്റ പണികള്‍ക്കായി ഇന്നലെ അല്‍പ്പ സമയത്തേക്ക് നിര്‍ത്തി വെക്കാന്‍ ഉള്ള ട്വിറ്റര്‍ കമ്പനിയുടെ നീക്കത്തെ അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ തടഞ്ഞു. ഇറാന്‍ ജനതയുടെ പുറം ലോകത്തേക്കുള്ള കിളിവാതില്‍ ആയ ട്വിറ്റര്‍ നിര്‍ത്തി വെക്കുന്നത് ആശയ വിനിമയത്തിന് ഉള്ള മറ്റ് എല്ലാ വാതിലുകളും കൊട്ടി അടക്കപ്പെട്ട ഇറാന്‍ ജനതയുടെ ദുരിതം വര്‍ദ്ധിപ്പിക്കും എന്നതാണ് ഇത്തരം ഒരു അസാധാരണ നീക്കം നടത്തുവാന്‍ ഒബാമയെ പ്രേരിപ്പിച്ചത്. എന്നാല്‍ ആശയ വിനിമയത്തിനുള്ള മാര്‍ഗ്ഗം ഉറപ്പാക്കുക എന്നതിന് അപ്പുറം ഈ നീക്കം ഏതെങ്കിലും കക്ഷിയോടുള്ള പിന്തുണയല്ല സൂചിപ്പിക്കുന്നത് എന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തം ആക്കിയിട്ടുണ്ട്. 
തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഇറാന്റെ പരമോന്നത ആത്മീയ നേതാവായ അയത്തൊള്ളാ അലി ഖമേനി ഉത്തരവിട്ടു. ഇതോടെ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയാണ് പ്രസിഡണ്ട് അഹമ്മദി നെജാദ് ജയിച്ചത് എന്ന് ആരോപിച്ച പ്രതിപക്ഷത്തിന് പുതിയ പ്രതീക്ഷയായി. കഴിഞ്ഞ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പില്‍ നടന്ന ക്രമക്കേടിനെതിരെ ഇറാന്റെ തെരുവുകളില്‍ വമ്പിച്ച പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു വരികയായിരുന്നു. അതിനിടെയാണ് ഏവരേയും അമ്പരപ്പിച്ചു കൊണ്ട് ഇറാന്റെ പരമോന്നത നേതാവിന്റെ തികച്ചും അപ്രതീക്ഷിതമായ ഈ നിലപാട്.

കീഴടങ്ങാന്‍ വന്ന തമിഴ് പുലികളെ ശ്രീലങ്കന്‍ സൈന്യം നിഷ്കരുണം വെടി വച്ച് കൊല്ലുകയും പരിക്കേറ്റ സാധാരണ ജനത്തെ വരെ ബുള്‍ഡോസര്‍ ഉപയോഗിച്ച് കുഴിമാടത്തിലേയ്ക്ക് തള്ളി ഇട്ടു കുഴിച്ചു മൂടി എന്നും ഉള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ജാഫ്നയിലെ സര്‍വകലാശാലാ അധ്യാപകരുടെ മനുഷ്യാവകാശ സംഘടന വെളിപ്പെടുത്തി. പോരാട്ടത്തിന്റെ അവസാന നാളുകളില്‍ ആണ് ഈ കൊടും പാതകങ്ങള്‍ നടന്നത്.

അമേരിക്കയിലെ കാലിഫോണിയ യിലെ ഏറ്റവും വലിയ വ്യവസായങ്ങളില്‍ ഒന്നായ നീല ചിത്ര നിര്‍മ്മാണം ഒരു വന്‍ പ്രതിസന്ധി നേരിടുന്നു. നീല ചിത്രങ്ങളില്‍ അഭിനയിക്കുന്ന 22 പേര്‍ക്കാണ് കഴിഞ്ഞ കാലങ്ങളില്‍ എഛ്. ഐ. വി. ബാധ കണ്ടെത്തിയത്. ഈ കഴിഞ്ഞ ആഴ്ച്ച നീല ചിത്ര രംഗത്തെ അതി പ്രശസ്തയായ ഒരു നടിക്ക് എഛ്. ഐ. വി. ബാധ കണ്ടെത്തിയതോടെയാണ് ഈ രംഗത്ത് മതിയായ സുരക്ഷാ മുന്‍കരുതല്‍ പാലിക്കപ്പെടുന്നില്ല എന്ന് അധികൃതരുടെ നിലപാട് ശക്തിപ്പെട്ടത്. 2004ല്‍ വ്യാപകമായ എഛ്. ഐ. വി. ബാധ കാലിഫോണിയയിലെ നീല ചിത്ര നിര്‍മ്മാണ രംഗത്ത് ഉണ്ടാവുകയും അന്ന് അധികൃതര്‍ ഇടപെട്ട് സിനിമാ നിര്‍മ്മാണം നാല് ആഴ്ച്ചകളോളം നിര്‍ത്തി വെക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ഇത് ആദ്യമായാണ് ഇത്തരം ഒരു കേസ് പുറത്തു വരുന്നത്.
വെള്ളിയാഴ്ച്ച ഇറാനില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ പ്രസ്ഡന്റ് മഹമൂദ് അഹമദിനെജാദ് ജയിച്ചതായി തെര്‍ഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ വ്യാപകമായി തിരിമറി നടന്നെന്നും താനാണ് യഥാര്‍ത്ഥ വിജയി എന്നും നെജാദിന്റെ എതിരാളി മിര്‍ഹൊസ്സെയിന്‍ മൂസാവിയും അവകാശപ്പെട്ടു.
























