ഏഴു വര്‍ഷം മുന്‍പ് ബുഷ് ഭരണ കൂടം നിര്‍ത്തി വെച്ച ജനിതക ഗവേഷണം പുനരാരംഭിക്കാന്‍ ഒബാമ അനുമതി നല്‍കും. പ്രമേഹം, കാന്‍സര്‍, പാര്‍ക്കിന്‍സണ്‍സ്, അല്‍ഷീമേഴ്സ് എന്നിങ്ങനെ ഒട്ടേറെ രോഗങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താന്‍ ഈ ഗവേഷണത്തിനു കഴിയും എന്നാണ് പ്രതീക്ഷ. ശരീരത്തിന്റെ ഘടനക്ക് ആധാരമായി വര്‍ത്തിക്കുന്ന സ്റ്റെം കോശങ്ങളില്‍ കൃത്രിമമായി മാറ്റങ്ങള്‍ വരുത്തി ഹൃദയം, കരള്‍, ചര്‍മ്മം, കണ്ണ്, തലച്ചോര്‍ എന്നിങ്ങനെ രോഗം മൂലം നശിച്ച ഏത് ശരീര ഭാഗവുമായി വികസിപ്പിച്ച് എടുക്കാന്‍ കഴിയും എന്നതാണ് ഈ ഗവേഷണത്തിന്റെ അടിസ്ഥാന തത്വം. ഈ ഗവേഷണത്തിന് ഏറ്റവും അനുയോജ്യമായി കണ്ടെത്തിയിട്ടുള്ളത് മനുഷ്യ ഭ്രൂണത്തില്‍ ഉള്ള സ്റ്റെം കോശങ്ങള്‍ ആണ്. ബീജ സങ്കലനം നടന്ന് മൂന്നോ നാലോ ദിവസം പ്രായമായ ഭ്രൂണത്തില്‍ നിന്നാണ് ഈ കോശങ്ങള്‍ വേര്‍തിരിച്ച് പരീക്ഷണത്തിനായി എടുക്കുന്നത്. ഇതാണ് ഈ പരീക്ഷണങ്ങള്‍ നിരോധിക്കുവാനും കാരണമായത്.



പാക്കിസ്ഥാനിലെ ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കു നേരെ നടന്ന ഭീകര ആക്രമണത്തിനു പുറകില്‍ വിദേശ ശക്തികളുടെ പങ്ക് തള്ളി കളയാന്‍ ആവില്ല എന്ന് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചു. പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ആക്രമണം സൂത്രധാരണം ചെയ്തത് പാക്കിസ്ഥാനു പുറത്ത് വെച്ചാണ് എന്നാണ്. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തിയായ വാഗയിലെ രേഖകള്‍ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ് എന്ന് പാക്കിസ്ഥന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
യു.എ.ഇ.യില്‍ മനുഷ്യാവകാശ സംരക്ഷണം പരാജയമാണെന്ന അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട് മെന്‍റിന്‍റെ അഭിപ്രായത്തെ യു.എ.ഇ. വിമര്‍ശിച്ചു. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതും സാമാന്യ വത്ക്കരിച്ചു കൊണ്ടുമുള്ള റിപ്പോര്‍ട്ടാണ് യു.എസ്. പുറത്തിറക്കി യിരിക്കുന്നതെന്ന് യു.എ.ഇ. വിദേശ കാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. 2008 ലെ ആഗോള മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് യു.എ.ഇ.യിലെ സ്ഥിതി നിരാശാ ജനകമാണെന്ന് പരാമര്‍ശിക്കുന്നത്. രാഷ്ട്രീയ പങ്കാളിത്തം, നീതി ന്യായ വ്യവസ്ഥ, സ്ത്രീകളുടെ അവകാശം എന്നീ മേഖലകളിലാണ് യു.എ.ഇ. പരാജയ പ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ രാജ്യത്തിന്‍റെ തുറന്ന സമീപനവും സഹിഷ്ണുതയും മനസിലാക്കുന്നതിലും യഥാര്‍ത്ഥ ചിത്രം പകര്‍ത്തുന്നതിലും അമേരിക്കന്‍ റിപ്പോര്‍ട്ട് പരാജയപ്പെട്ടു വെന്നാണ് യു.എ.ഇ. വിദേശ കാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടത്.
സൈനിക കലാപം നടന്ന ബംഗ്ലാദേശില്‍ നടന്നു വരുന്ന തിരച്ചിലില്‍ കൂടുതല്‍ സൈനികരുടെ മൃതശരീരങ്ങള്‍ കണ്ടെടുത്തു. ഇതോടെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 93 ആയി. കൂട്ടത്തോടെ കുഴിച്ചിട്ട നിലയില്‍ കാണപ്പെട്ട ശവ ശരീരങ്ങള്‍ കൂടുതലും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടേതാണ്. ഇന്ന് രാവിലെ ഇത്തരം രണ്ട് ശവപ്പറമ്പുകള്‍ കൂടി കണ്ടെത്തി. തിരച്ചില്‍ തുടരുകയാണ്. കൊലപാതകികളെ നിയമപരമായി അതി വേഗ കോടതിയില്‍ വിചാരണ ചെയ്യും എന്ന് ബംഗ്ലാദേശ് പ്രധാന മന്ത്രി ഷേഖ് ഹസീന അറിയിച്ചു. കൊല്ലപ്പെട്ടവരെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. ഈ കലാപം ബംഗ്ലാദേശിന്റെ പ്രതിഛായക്ക് അന്താരാഷ്ട്ര സമൂഹത്തിനു മുന്‍പില്‍ കോട്ടം തട്ടിച്ചിട്ടുണ്ട് എന്നും അവര്‍ പറഞ്ഞു.
സ്വാത് താഴ്വരയിലെ താലിബാന് പാക്ക് സര്‍ക്കാര്‍ 48 കോടി രൂപ നല്‍കിയതായി ഒരു ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. വെടി നിര്‍ത്തല്‍ അംഗീകരിക്കുന്നതിന് ഉള്ള കൂലി ആണത്രെ ഈ തുക. താലിബാനു വേണ്ടി വെടി നിര്‍ത്തല്‍ കരാറില്‍ മത മൌലിക വാദിയായ സൂഫി മൊഹമ്മദ് ഒപ്പിടുന്നതിന് മുന്‍പു തന്നെ ഈ തുകയെ പറ്റിയുള്ള ധാരണയില്‍ ഇരു കൂട്ടരും എത്തിയിരുന്നു. പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ ഒരു പ്രത്യേക നിധിയില്‍ നിന്നാണത്രെ ഈ തുക നല്‍കിയത്. ഗോത്ര വര്‍ഗ്ഗക്കാരുടെ പ്രദേശങ്ങള്‍ പാക്കിസ്ഥാന്‍ പ്രസിഡന്റിന്റെ നേരിട്ടുള്ള മേല്‍ നോട്ടത്തിലാണ്. ഇവിടേക്ക് ഒരു പ്രത്യേക സഹായ ധന പാക്കേജായിട്ടാണ് ഈ തുക പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നും നല്‍കിയത്. ഇത് വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശത്തെ ഗവര്‍ണ്ണറുടെ ഓഫീസ് വഴിയാണ് താലിബാന് കൈമാറിയത് എന്നും ഇറ്റലിയിലെ എ. കെ. ഐ. വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി. ഒരു മുതിര്‍ന്ന പാക്കിസ്ഥാനി സുരക്ഷാ ഉദ്യോഗസ്ഥന്‍ ആണ് ഈ കാര്യം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. ഈ തുക ലഭിച്ചതിനെ തുടര്‍ന്നാണ് താലിബാന്‍ വെടി നിര്‍ത്തലിന് തയ്യാര്‍ ആയതും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സ്വാത് താഴ്വരയില്‍ ശരിയത്ത് നിയമം നടപ്പിലാക്കണം എന്ന താലിബാന്റെ ആവശ്യം അംഗീകരിച്ചതും. ഈ തുകയിലേക്ക് അമേരിക്കയുടെ പക്കല്‍ നിന്നും സംഭാവന ലഭിച്ചിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അടുത്ത വര്‍ഷം വിശുദ്ധരായി പ്രഖ്യാപിക്കുന്ന 10 പേരുടെ പട്ടികയില്‍ മലയാളികള്‍ ഇല്ല എന്ന് വത്തിക്കാനില്‍ നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പോപ് ബെനഡിക്ട് പതിനാറാമന്‍ അടുത്ത് വര്‍ഷം 10 പുതിയ വിശുദ്ധരെ കൂടി പ്രഖ്യാപിക്കും എന്ന് അറിയിച്ചു. ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ മലയാളികള്‍ ആരും തന്നെ ഇല്ല. ആദ്യ ഘട്ടത്തില്‍ 5 വിശുദ്ധരെ ആയിരിക്കും പ്രഖ്യാപിക്കുക. ഏപ്രില്‍ 26ന് പ്രഖ്യാപിക്കുന്ന വിശുദ്ധരില്‍ 4 പേര്‍ ഇറ്റലിക്കാരും ഒരു പോര്‍ച്ചുഗീസുകാരനും ആണ് ഉള്ളത്. ഫാദര്‍ ആര്‍ക്കാഞ്ചെലോ താഡിനി (1846 – 1912), സിസ്റ്റര്‍ കാതറീന വോള്‍പിചെല്ലി (1839 – 1894), ബെര്‍ണാര്‍ഡോ തൊളോമി (1272 – 1348), ഗെര്‍ട്രൂഡ് കാതെറീന കൊമെന്‍സോളി (1847 – 1903) എന്നിവരാണ് ഇറ്റലിക്കാര്‍. ഇവരെ കൂടാതെ പോര്‍ചുഗലില്‍ നിന്നുള്ള നൂണോ ഡി സാന്റ മാറിയ അല്‍വാറെസ് പെരേര (1360 – 1431) യേയും ആദ്യ ഘട്ടത്തില്‍ വിശുദ്ധരായി പ്രഖ്യാപിക്കും. അടുത്ത സംഘം വിശുദ്ധര്‍ ഫ്രാന്‍സില്‍ നിന്നും ഉള്ള ഷോണ്‍ ജുഗാന്‍ (1792 – 1879), പോളണ്ടുകാരനായ ആര്‍ച്ച് ബിഷപ് സിഗ്മണ്ട് ഷെസ്നി ഫെലിന്‍സ്കി (1822 – 1895), സ്പെയിനില്‍ നിന്നും ഫ്രാന്‍സിസ്കോ ഗിറ്റാര്‍ട്ട് (1812 – 1875), റാഫേല്‍ ബാരണും (1911 – 1938), ബെല്‍ജിയത്തില്‍ നിന്നുള്ള ജോസഫ് ദാമിയന്‍ ഡി വൂസ്റ്റര്‍ (1840 – 1889) എന്നിവരും ഉണ്ടാവും.
വ്യത്യസ്തവും വൈവിധ്യവും ആയ സമൂഹങ്ങളേയും സംസ്ക്കാരങ്ങളേയും തങ്ങളുടെ മണ്ണിലേക്ക് എന്നും സ്വാഗതം ചെയ്യുകയും, അവരുടെ സാമൂഹ്യ സാംസ്ക്കാരിക സ്വത്വം നഷ്ടപ്പെടാതെ തങ്ങളുടെ പൊതു സാമൂഹിക ധാരയില്‍ നില നില്‍ക്കുകയും ചെയ്യുവാന്‍ കഴിയുന്ന വിശാലമായ സാമൂഹിക കാഴ്ച്ചപ്പാടിനും സഹിഷ്ണുതക്കും പേര് കേട്ട ആസ്ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് നേരെ അടുത്ത കാലത്ത് നടന്ന വംശീയ ആക്രമണങ്ങളെ നേരിടുന്ന ശ്രമത്തിന്റെ ഭാഗമായി മെല്‍ബോണിലെ പോലീസ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇന്ത്യാക്കാര്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ആസ്ത്രേലിയയില്‍ “കറി ബാഷിങ്” എന്നാണ് അറിയപ്പെടുന്നത്.
ബ്രിട്ടനും റഷ്യയും കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ചെയ്യുവാന്‍ ശ്രമിച്ചത് ഒബാമ അഫ്ഗാനിസ്ഥാനില്‍ ചെയ്താല്‍ അത് ഒബാമയുടെ വിയറ്റ്നാം ആയി മാറും എന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ അഭിപ്രായപ്പെട്ടു. സാങ്കേതികമായി ഇങ്ങനെ സംഭവിക്കാം എങ്കിലും ഇങ്ങനെ സംഭവിക്കും എന്ന് താന്‍ കരുതുന്നില്ല. ബ്രിട്ടന്‍ തങ്ങളുടെ കോളനികളെ നിയന്ത്രിക്കാന്‍ ശ്രമിച്ചതു പോലെയോ റഷ്യ പാവ ഭരണ കൂടങ്ങളെ സ്ഥാപിച്ചതിനു ശേഷം തങ്ങളുടെ സൈന്യത്തെ വിന്യസിച്ച് ആക്രമിക്കുകയും ചെയ്തത് പോലെ ഒബാമ അഫ്ഗാനിസ്ഥാനില്‍ ചെയ്യുകയാണെങ്കില്‍ അഫ്ഗാനിസ്ഥാന്‍ ഒബാമയുടെ വിയറ്റ്നാം ആയി മാറാം. എന്നാല്‍ ഒബാമയുടെ ടീമില്‍ മികച്ച ആളുകളാണുള്ളത്. ഏറ്റവും മികച്ച സൈനിക ഉദ്യോഗസ്ഥനായ ജന. പേട്രിയോസ്, ആധുനിക യുഗത്തിലെ ഏറ്റവും മികച്ച നയതന്ത്രജ്ഞനായ ഹോള്‍ബ്രൂക്ക്, സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഹിലാരി ക്ലിന്റണ്‍, പ്രധിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കുന്ന സൈനിക നയതന്ത്ര നീക്കങ്ങള്‍ ഇത്തരം ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിക്കില്ല എന്നാണ് താന്‍ കരുതുന്നത് എന്നും ക്ലിന്റണ്‍ അറിയിച്ചു.
ലോകത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ G-7 ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ലോകത്തെ കര കയറ്റാനായി സമൂല സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടു. റോമില്‍ നടന്ന G-7 രാഷ്ട്രങ്ങളുടെ ഉന്നത തല സമ്മേളനത്തില്‍ അധ്യക്ഷനായ ഇറ്റലിയിലെ ധന മന്ത്രി ട്രെമോണ്ടി ഒരു പുതിയ സാമ്പത്തിക സംവിധാനം നടപ്പിലാക്കി ലോക സമ്പദ് ഘടനയെ കൂടുതല്‍ പുറകോട്ട് പോകുന്നതില്‍ നിന്നും അടിയന്തിരമായി തടയുവാന്‍ ഉതകുന്ന നിയമ സംവിധാനം ഏപ്രിലില്‍ നടക്കുന്ന G-20 രാഷ്ട്രങ്ങളുടെ സമ്മേളനത്തിലും ജൂലായില്‍ നടക്കുന്ന G-8 രാഷ്ട്രങ്ങളുടെ യോഗത്തിലും അവതരിപ്പിക്കും എന്ന് അറിയിച്ചു. ലോകത്തെ സമഗ്രമായി കണ്ട് നടപ്പിലാക്കുന്ന ഈ പരിഷ്കാരങ്ങള്‍ രാജ്യ താല്പര്യങ്ങള്‍ക്ക് അതീതമായി ആഗോള താല്പര്യത്തെ മാത്രം ലക്ഷ്യം വെച്ച് ഉള്ളതായിരിക്കും എന്നും അദ്ദേഹം അറിയിച്ചു. ഇത്തരം ഒരു സമീപനത്തിനു മാത്രമേ ഇനി ലോക സമ്പദ് ഘടനയെ സഹായിക്കുവാനാവൂ. ഭാവിയില്‍ ഇത്തരം ഒരു പ്രതിസന്ധി ഉണ്ടാവാതിരിക്കാനും ഇത് സഹായിക്കും. ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, അമേരിക്ക എന്നീ അംഗ രാജ്യങ്ങള്‍ക്ക് പുറമെ റഷ്യയും യോഗത്തില്‍ പങ്കെടുത്തു.
























