മനുഷ്യ നിര്‍മ്മിത ഉപഗ്രഹങ്ങള്‍ ദിനം പ്രതി ബഹിരാകാശത്തില്‍ എത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ അവിടേയും ഗതാഗത കുരുക്ക് അനുഭവപ്പെടും എന്ന് കുറച്ചു നാളായി ശാസ്ത്രജ്ഞര്‍ ആശങ്കപ്പെടുന്നു. ഈ ആശങ്കകള്‍ അസ്ഥാനത്ത് ആല്ലായിരുന്നു എന്ന് തെളിയിച്ചു കൊണ്ട് ചരിത്രത്തില്‍ ആദ്യമായി രണ്ട് മനുഷ്യ നിര്‍മ്മിത ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വച്ച് തമ്മില്‍ ഇടിച്ച് തകര്‍ന്നിരിക്കുന്നു. ചൊവ്വാഴ്ച ഉച്ചക്ക് സൈബീരിയയുടെ ഏതാണ്ട് അഞ്ഞൂറ് മൈല്‍ മുകളില്‍ വെച്ചാണ് ഒരു റഷ്യന്‍ ഉപഗ്രഹവും അമേരിക്കന്‍ ഉപഗ്രഹവും തമ്മില്‍ ഇടിച്ചു തകര്‍ന്ന് തരിപ്പണം ആയത്. ഇതിനെ തുടര്‍ന്ന് ഇതിന്റെ അവശിഷ്ടങ്ങള്‍ ഇവയുടെ ചുറ്റുമുള്ള ഭ്രമണ പഥങ്ങളിലൂടെ അതിവേഗം സഞ്ചരിക്കുന്നതായി റഡാറുകള്‍ കണ്ടെത്തി. ഇടി നടന്ന സ്ഥലത്തു നിന്നും കേവലം 215 മൈല്‍ മാത്രം മുകളില്‍ ഉള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഈ അവശിഷ്ടങ്ങള്‍ മൂലം ഭീഷണി ഉണ്ടാവും എന്ന് ശാസ്ത്ര ലോകം ആശങ്കപ്പെടുന്നു. ഈ നിലയത്തില്‍ ഇപ്പോള്‍ മൂന്ന് ബഹിരാകാശ സഞ്ചാരികള്‍ ഉണ്ട്.
അമേരിക്കയിലെ ഇറിഡിയം കമ്പനിയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹം ആണ് ഇപ്പോള്‍ ഉപയോഗത്തില്‍ ഇല്ലാത്ത ഒരു റഷ്യന്‍ നിര്‍മ്മിത ഉപഗ്രഹവുമായി കൂട്ടി ഇടിച്ചത്. ലോകത്തിന്റെ ഏത് മൂലയില്‍ നിന്നും ഫോണ്‍ ചെയ്യാന്‍ സൌകര്യം ഒരുക്കുന്ന ഇറിഡിയം മൊബൈല്‍ ഫോണ്‍ സര്‍വീസ് നടത്തുന്ന കമ്പനിക്ക് ബഹിരാകാശത്ത് ഇത്തരം 66 ഉപഗ്രഹങ്ങള്‍ ഉണ്ട്. എന്നാല്‍ ഈ അപകടം മൂലം തങ്ങളുടെ മൊബൈല്‍ ഫോണ്‍ സേവനത്തിന് തകരാറൊന്നും സംഭവിക്കില്ല എന്ന് കമ്പനി വ്യക്തമാക്കി.
ബഹിരാകാശത്ത് ഇത്തരം അപകടങ്ങള്‍ അപൂര്‍വ്വമല്ല. എന്നാല്‍ ഇത്രയും വലിയ രണ്ട് മനുഷ്യ നിര്‍മ്മിത ഉപഗ്രഹങ്ങള്‍ തമ്മില്‍ ഇടിക്കുന്നത് ഇതാദ്യമായാണ്. ഏതാണ്ട് 450 കിലോഗ്രാം ഭാരം ഉണ്ട് രണ്ട് ഉപഗ്രഹങ്ങള്‍ക്കും. ഇത് മൂലം ഉണ്ടാവുന്ന ബഹിരാകാശ അവശിഷ്ടങ്ങളുടെ അളവും നശീകരണ ശേഷിയും വളരെ വലുതാണ് എന്നതാണ് ആശങ്കക്ക് വക നല്‍കുന്നത്. ഇതു പോലുള്ള ബാഹ്യ വസ്തുക്കളുടെ ആഘാതത്തില്‍ നിന്നും രക്ഷപ്പെടാന്‍ പലപ്പോഴും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണ പഥത്തില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്. ഇത്തരം മാറ്റം എന്തെങ്കിലും വരുത്തണമോ എന്നറിയാന്‍ സ്ഥിതി ഗതികള്‍ സൂക്ഷ്മമായി പഠിച്ചു വരികയാണ് ശാസ്ത്രജ്ഞര്‍.



ആസ്ത്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം ആയി പടര്‍ന്നു പിടിച്ച കാട്ടു തീയില്‍ ഇതു വരെ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. ആസ്ത്രേലിയയിലെ വിക്ടോറിയാ പ്രവിശ്യയിലാണ് ലോകത്തെ ഞെട്ടിച്ച ഈ കാട്ടു തീ പടരുന്നത്. മുപ്പത്തി ഒന്ന് ഇടങ്ങളിലായി ആളി കത്തുന്ന തീ അണക്കാന്‍ ആഴ്ചകള്‍ വേണ്ടി വരും എന്നാണ് നിഗമനം. ഔദ്യോഗിക കണക്ക് അനുസരിച്ച് 108 പേര്‍ കൊല്ലപ്പെട്ടു എന്നാണെങ്കിലും കത്തിക്കരിഞ്ഞ വീടുകള്‍ പരിശോധിച്ചു കഴിയുമ്പോഴേക്കും മരണ സംഖ്യ ഇനിയും ഉയരാന്‍ ആണ് സാധ്യത. ശനിയാഴ്ച തുടങ്ങിയ കാട്ടു തീ 750ഓളം വീടുകള്‍ ആണ് കത്തിച്ചു ചാമ്പല്‍ ആക്കിയത്. മൂന്നര ലക്ഷം ഹെക്ടര്‍ ഭൂമിയോളം പരന്നു കിടക്കുന്ന നാശത്തിനു പിന്നില്‍ കൊള്ളി വെപ്പുകാരുടെ കൈകള്‍ ആണെന്ന് ആസ്ത്രേലിയന്‍ പ്രധാന മന്ത്രി കെവിന്‍ റുഡ്ഡ് അറിയിച്ചു. പലയിടങ്ങളിലും മനഃപൂര്‍വ്വം കൊള്ളി വെപ്പുകാര്‍ തന്നെയാണ് തീ തുടങ്ങിയതത്രെ. ചില സ്ഥലങ്ങളില്‍ കത്തി അമര്‍ന്ന തീ ഇവര്‍ വീണ്ടും കത്തിക്കുകയും ചെയ്തു.
അമേരിക്കന്‍ സെനറ്റിനു മുന്നില്‍ ഉള്ള ഒരു ബില്ലിന് അംഗീകാരം ലഭിക്കുന്നതോടെ അമേരിക്കന്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന ആയിര കണക്കിന് ഇന്ത്യന്‍ ഐ. ടി. വിദഗ്ധര്‍ക്ക് ഭീഷണിയാവും. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ അമേരിക്കന്‍ സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കുന്ന കമ്പനികള്‍ എച് വണ്‍ ബി വിസ ഉള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നതില്‍ നിന്നും വിലക്കുന്നതാണ് ഈ ബില്ലിലെ ഒരു നിബന്ധന. അമേരിക്കന്‍ സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്ന സ്ഥാപനങ്ങള്‍ അമേരിക്കന്‍ പൌരന്മാരുടെ തൊഴില്‍ അവസരങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കണം എന്നതാണ് പ്രസ്തുത നിബന്ധനകള്‍ മുന്നോട്ട് വെച്ച സെനറ്റര്‍മാരുടെ അഭിപ്രായം. രാജ്യം കടന്നു പോകുന്ന ഈ വിഷമ ഘട്ടത്തില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കാന്‍ ഉള്ള ധാര്‍മ്മിക ബാധ്യത ഉണ്ട് എന്നും ഇവര്‍ പറയുന്നു.
ഭീകര വാദികളെ തങ്ങളുടെ മണ്ണില്‍ നിന്നും എന്നെന്നേക്കും ആയി തുടച്ചു നീക്കാനുള്ള തങ്ങളുടെ ഉദ്യമം വിജയത്തിന്റെ വക്കത്തെത്തി നില്‍ക്കുകയാണ് എന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷ പ്രസ്താവിച്ചു. പുലികളുടെ അധീനതയില്‍ ഉള്ള പ്രദേശങ്ങള്‍ പൂര്‍ണ്ണമായി തിരിച്ചു പിടിച്ചു കഴിഞ്ഞാല്‍ അവിടങ്ങളിലെ തമിഴ് വംശജര്‍ക്ക് തുല്യതയും എല്ലാ അവകാശങ്ങളും നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാ ബദ്ധമാണ് എന്നും അദ്ദേഹം പറഞ്ഞു. കിളിനോച്ചി, എലിഫന്റ് പാസ്, മുളൈത്തിവു എന്നീ പുലികളുടെ ശക്തി കേന്ദ്രങ്ങള്‍ ഒന്നൊന്നായി സൈന്യത്തിന്റെ പിടിയില്‍ ആയി. ഇത് തങ്ങളുടെ മാതൃരാജ്യത്തു നിന്നും ഭീകരതയുടെ അന്ത്യം കുറിച്ച് ജനതക്ക് യഥാര്‍ത്ഥം ആയ സ്വാതന്ത്ര്യം പ്രദാനം ചെയ്യും എന്ന് ശ്രീലങ്കന്‍ സ്വാതന്ത്ര ദിനത്തില്‍ രാഷ്ട്രത്തിനോടുള്ള തന്റെ സന്ദേശത്തില്‍ പ്രസിഡന്റ് അറിയിച്ചു. തങ്ങളുടെ ജന്മ നാട്ടില്‍ തമിഴ് ഭീകരര്‍ ബന്ദികളായി വെച്ചിരിക്കുന്ന നിരപരാധികളായ തമിഴ് വംശജരെ ഉടന്‍ തന്നെ സൈന്യം മോചിപ്പിക്കും. ഭരണഘടന അനുശാസിക്കുന്ന തുല്യതയും അവകാശങ്ങളും ഇവര്‍ക്കും ലഭ്യം ആകുകയും ചെയ്യും എന്നും അദ്ദേഹം അറിയിച്ചു.
ഇസ്രയേലിന്റെ യുദ്ധ വിമാനങ്ങള്‍ ഗാസയില്‍ ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ഒരു ഒഴിഞ്ഞ പോലീസ് സ്റ്റേഷന്‍ ബോംബ് ചെയ്തു തകര്‍ത്തു. ഹമാസിന്റെ വെടി വെപ്പിന് തങ്ങള്‍ മറുപടി നല്‍കും എന്ന് ഇസ്രയേല്‍ പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ആണ് ഈ പുതിയ സംഭവ വികാസം നടന്നിരിക്കുന്നത്. എന്നാല്‍ ഈ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടതായി സൂചനയില്ല. ഇത്തരം നിരവധി ആക്രമണങ്ങള്‍ തങ്ങള്‍ ഗാസയില്‍ ഉടനീളം തങ്ങള്‍ നടത്തിയതായി ഇസ്രയേല്‍ അവകാശപ്പെട്ടു. തങ്ങള്‍ വെടി നിര്‍ത്തിയതിന് ശേഷവും ഹമാസ് തുടരുന്ന റോക്കറ്റ് ആക്രമണത്തിന് തങ്ങള്‍ ആനുപാതികം അല്ലാത്ത തിരിച്ചടി തന്നെ നല്‍കും എന്ന് ഇസ്രയേല്‍ പ്രധാന മന്ത്രി എഹൂദ് ഓള്‍മെര്‍ട്ട് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ ആക്രമണം നടന്നത്.
ലോകത്തിലെ ആദ്യത്തെ സ്വവര്‍ഗ്ഗ രതിക്കാരി പ്രധാന മന്ത്രിയായി ഐസ് ലാന്‍ഡിലെ ജോഹന്ന സിഗുവദര്‍ദോട്ടിര്‍ സ്ഥാനമേറ്റു. മെയ് മാസം തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ ഇവര്‍ പ്രധാന മന്ത്രിയുടെ ചുമതലകള്‍ നിര്‍വ്വഹിക്കും. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയതിനെ തുടര്‍ന്ന് ഭരണത്തില്‍ ഇരുന്ന സര്‍ക്കാര്‍ രാജി വെച്ച സാഹചര്യത്തില്‍ ആണ് ഐസ് ലാന്‍ഡിലെ ഏറ്റവും കൂടുതല്‍ കാലം പാര്‍ലമെന്റ് അംഗം ആയിരുന്ന ഇവര്‍ പ്രധാന മന്ത്രി സ്ഥാനം ഏറ്റെടുത്തറ്റ്. നേരത്തെ ഇവര്‍ സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി ആയിരുന്നു. സ്വവര്‍ഗ്ഗ രതിക്ക് തുറന്ന പിന്തുണ നല്‍കുന്ന, സ്വവര്‍ഗ്ഗ രതിക്കാരിയാണ് താന്‍ എന്ന് തുറന്നു സമ്മതിക്കുന്ന ഇവര്‍ അധികാരത്തില്‍ എത്തുന്നതിനെ ബ്രിട്ടനിലെ സ്വവര്‍ഗ്ഗ രതിക്കാരുടെ അവകാശ സംരക്ഷണത്തിനുള്ള സംഘടനകള്‍ സ്വാഗതം ചെയ്തു. അമേരിക്കയില്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ അധികാരത്തില്‍ ഏറിയ അവസരത്തില്‍ ഇങ്ങനെ ഒരു കാര്യം ഇവിടെ സംഭവിച്ചത് ശുഭ സൂചകം ആണ് എന്നാണ് ഇവരുടെ അഭിപ്രായം.
വെള്ളക്കാരന്റെ വര്‍ഗ്ഗ മേല്‍ക്കോയ്മയുടെ കറുത്ത പ്രതീകമായ
കഴിഞ്ഞ അറുപത് വര്‍ഷങ്ങളില്‍ അമേരിക്കന്‍ ഭരണകൂടം ഇറാനോട് കാണിച്ച കുറ്റകൃത്യങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ മാപ്പ് പറയണം എന്ന് ഇറാന്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദിനെജാദ് ആവശ്യപ്പെട്ടു. മാറ്റത്തിന്റെ പ്രവാചകന്‍ ആയി അവതരിച്ച ഒബാമ രണ്ട് സുപ്രധാന കാര്യങ്ങള്‍ ആണ് ചെയ്യേണ്ടത്. ആദ്യം മറ്റുള്ളവരെ ആദരവോടെ സമീപിച്ച് ലോകമെമ്പാടും പരന്നു കിടക്കുന്ന തങ്ങളുടെ സൈനിക സാന്നിധ്യം അവസാനിപ്പിക്കണം. അമേരിക്കന്‍ സൈന്യത്തെ അമേരിക്കന്‍ മണ്ണില്‍ ഒതുക്കി നിര്‍ത്തണം.
മൂന്ന് ആഴ്ചകള്‍ കൊണ്ട് 1200 പേരെ കൊന്നൊടുക്കിയ യുദ്ധത്തിന് താല്‍ക്കാലിക വിരാമം ഇട്ട് കൊണ്ട് ഇസ്രയേല്‍ ശനിയാഴ്ച അര്‍ധ രാത്രി മുതല്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഈജിപ്തും ഫ്രാന്‍സും നടത്തിയ ശ്രമങ്ങളുടെ ഫലം ആണ് ഇപ്പോഴത്തെ വെടി നിര്‍ത്തല്‍. ഏക പക്ഷീയം ആയി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച ഇസ്രായേല്‍ പ്രധാന മന്ത്രി എഹൂദ് ഓള്‍മേര്‍ട്ട് പക്ഷെ സൈന്യം തങ്ങളുടെ ഇപ്പോഴത്തെ നിലയില്‍ തന്നെ പ്രദേശത്ത് തുടരും എന്ന് അറിയിച്ചു. എന്നാല്‍ ഗാസയില്‍ ഒരു ഇസ്രായേല്‍ സൈനികന്‍ പോലും നില ഉറപ്പിക്കുന്നത് തങ്ങള്‍ക്ക് അംഗീകരിക്കാന്‍ ആവില്ല എന്നാണ് ഹമാസിന്റെ നിലപാട്. സൈന്യത്തെയും തങ്ങള്‍ക്കെതിരെ നടപ്പിലാക്കിയ സാമ്പത്തിക ഉപരോധവും പൂര്‍ണ്ണമായി പിന്‍വലിച്ച് അതിര്‍ത്തികള്‍ തുറന്നാല്‍ മാത്രമേ തങ്ങള്‍ ഇത് അംഗീകരിക്കൂ എന്ന് ഒരു ഹമാസ് വക്താവ് വ്യക്തമാക്കി.
അമേരിക്കയും യു. എ. ഇ. യും ആണവ സഹകരണ ത്തിനായുള്ള 123 കരാറില്‍ ഒപ്പു വച്ചു. അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി കോണ്ടലീസ റൈസും യു. എ. ഇ. വിദേശ കാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാനും വാഷിംഗ്ടണിലാണ് കരാര്‍ ഒപ്പു വച്ചത്. സമാധാന ആവശ്യങ്ങള്‍ക്കായി വാണിജ്യാ ടിസ്ഥാനത്തിലുള്ള ആണവ സഹകരണമാണ് ഇതിലൂടെ സാധ്യമാകുന്നത്. ഇതു സംബന്ധിച്ചുള്ള ധാരണാ പത്രത്തില്‍ ഇരു രാജ്യങ്ങളും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒപ്പു വച്ചിരുന്നു. യു. എ. ഇ. യില്‍ വര്‍ദ്ധിച്ചു വരുന്ന വൈദ്യുതി ആവശ്യങ്ങള്‍ നേരിടുകയാണ് പ്രധാന ലക്ഷ്യമെന്ന് അധികൃതര്‍ വിശദീകരിച്ചിട്ടുണ്ട്.
























