ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി മലയാളിയായ പാര്‍വതി ഓമന കുട്ടന്‍ ലോക സുന്ദരി മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് എത്തി. സൌത്ത് ആഫ്രിക്കയിലെ ജോഹന്നസ് ബര്‍ഗില്‍ നടന്ന ഈ വര്‍ഷത്തെ ലോക സുന്ദരി മത്സരത്തില്‍ ഒന്നാമത് എത്തിയത് റഷ്യന്‍ സുന്ദരി സെനിയ സുഖിനോവയാണ്. ഏപ്രിലില്‍ മിസ് ഫെമിന സൌന്ദര്യ മത്സരത്തില്‍ മിസ് ഇന്ത്യയായ പാര്‍വതിയോട് അവസാന റൌണ്ടിലെ ചോദ്യത്തിന് മറുപടിയായി ഇങ്ങനെ പറഞ്ഞു. മൂന്ന് കാര്യങ്ങള്‍ ആണ് എന്നെ പ്രത്യേകമായി ആകര്‍ഷിച്ചത്. ജോഹന്നസ് ബര്‍ഗിലെ ആള്‍ക്കാര്‍ ഇന്ത്യക്കാരെ പോലെ തന്നെ നന്മ നിറഞ്ഞവരാണ്. രണ്ട് ലോക നേതാക്കളുടെ സാന്നിധ്യം രണ്ടു രാജ്യങ്ങളിലേയും ജനങ്ങളെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധിയും നെല്‍സണ്‍ മന്‍ഡേലയും. മൂന്നാമതായി ഞാന്‍ ഒരു മഹത്തായ പാരമ്പര്യം ഉള്ള ഒരുനാട്ടില്‍ നിന്നും മറ്റൊരു മഹത്തായ പാരമ്പര്യം ഉള്ള നാട്ടില്‍ എത്തിയിരിക്കുന്നു എന്ന് എനിക്ക് സൌത്ത് ആഫ്രിക്കയില്‍ എത്തിയപ്പോള്‍ തോന്നി. പാര്‍വതിയുടെ നയപരവും ഔചിത്യ പൂര്‍ണ്ണവും ആയ മറുപടി കാണികള്‍ ആവേശ പൂര്‍വ്വം ഏറ്റു വാങ്ങുക യുണ്ടായി.
21 കാരിയായ ഈ അഞ്ചടി ഒന്‍പതിഞ്ചുകാരിക്ക് ഹിന്ദി സിനിമയില്‍ അഭിനയിക്കാന്‍ മോഹമുണ്ടത്രെ. കോട്ടയം സ്വദേശിനിയായ പാര്‍വതി ജനിച്ചു വളര്‍ന്നത് മുംബൈയില്‍ ആണെങ്കിലും മലയാളത്തെ ഒരുപാട് സ്നേഹിക്കുന്നു എന്ന് പറയുന്നു. നന്നായി മലയാളം സംസാരിക്കുന്ന പാര്‍വതി താന്‍ മലയാള തനിമ എപ്പോഴും മനസ്സില്‍ കൊണ്ടു നടക്കുവാന്‍ ഇഷ്ടപ്പെടുന്നു എന്നും പറഞ്ഞു.




മുംബൈയില്‍ കഴിഞ്ഞ മാസം നടന്ന ഭീകര ആക്രമണങ്ങള്‍ക്ക് പിന്നില്‍ മയക്ക് മരുന്ന് രാജാവായ ദാവൂദ് ഇബ്രാഹിം പ്രവര്‍ത്തി ച്ചിരുന്നതായി ഒരു ഉന്നത റഷ്യന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. റഷ്യന്‍ ഫെഡറല്‍ മയക്കു മരുന്ന് വിരുദ്ധ വകുപ്പ് മേധാവി വിക്റ്റര്‍ ഇവാനോവ് ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതു വരെ ലഭിച്ച തെളിവുകള്‍ ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭ്യമാക്കിയതില്‍ ദാവൂദിന്റെ മുംബൈ ബന്ധങ്ങള്‍ ഉപയോഗ പ്പെടുത്തിയതായി വ്യക്തമാക്കുന്നു. “റൊസ്സിസ്കയ ഗസെറ്റ” എന്ന സര്‍ക്കാര്‍ പ്രസിദ്ധീ കരണവുമായി അദേഹം നടത്തിയ ഒരു അഭിമുഖത്തില്‍ മയക്കു മരുന്ന് കച്ചവട ശൃഖല തീവ്രവാദത്തിനായി ഉപയോഗിക്ക പ്പെടുന്നതിന്റെ ഒരു “കത്തുന്ന” ഉദാഹരണം ആണ് മുംബൈ ഭീകര ആക്രമണങ്ങള്‍ എന്ന് ഇവാനോവ് അഭിപ്രായപ്പെട്ടു. അഫ്ഘാന്‍ വഴി നടക്കുന്ന വ്യാപകമായ മയക്കു മരുന്ന് കച്ചവടത്തിന്റെ വന്‍ ലാഭം സര്‍ക്കാരുകളെ ശിഥിലം ആക്കുവാനും തീവ്രവാദം പരിപോഷി പ്പിക്കുവാനും ഉപയോഗി ക്കപ്പെടുന്നു. 1993 ലെ മുംബൈ സ്ഫോടന കേസിലെ പ്രതിയായ ദാവൂദ് ഇബ്രാഹിം കഴിഞ്ഞ മാസം നടന്ന മുംബൈ ഭീകര ആക്രമണ വേളയില്‍ ഇസ്ലാമാബാദിലേക്ക് കടന്നതായും ഗസെറ്റില്‍ പറഞ്ഞിട്ടുണ്ട്.
ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട് പ്രകാരം ഇറാഖില്‍ ഇപ്പോഴും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു. ന്യൂന പക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍, തൊഴില്‍ വിദഗ്ധരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍, തടവുകാര്‍ക്കു നേരെയുള്ള പീഡനം, സ്ത്രീകളെ ആക്രമിക്കല്‍ എന്നിങ്ങനെയുള്ള കുറ്റ കൃത്യങ്ങള്‍ ഇറാഖില്‍ നിര്‍ബാധം തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിചാരണ ഇല്ലാതെയും നിയമ സഹായം ലഭ്യം ആക്കാതെയും വര്‍ഷങ്ങളോളം തടവുകാരെ ജെയിലുകളില്‍ പാര്‍പ്പിക്കുന്നത് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശി ക്കപ്പെട്ടിട്ടുണ്ട്. ഡോക്ടര്‍മാര്‍, വക്കീല്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ജഡ്ജിമാര്‍, വിദ്യാഭ്യാസ വിദഗ്ദ്ധര്‍ എന്നിങ്ങനെയുള്ള വിദഗ്ദ്ധരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വളരെ കൂടുതല്‍ ആണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇറാഖിലെ കുര്‍ദിസ്ഥാന്‍ പ്രദേശത്താണ് ഇത്തരം ആക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത്. ന്യൂന പക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും എതിരെ നടക്കുന്ന ആക്രമണങ്ങള്‍ തടയുവാന്‍ വേണ്ട നടപടികള്‍ അടിയന്തിരമായി സര്‍ക്കാര്‍ സ്വീകരിക്കണം എന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
























