ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണത്തിന് എതിരെ ഐക്യ രാഷ്ട്ര സഭയില്‍ ചര്‍ച്ചക്ക് വന്ന ലിബിയന്‍ പ്രമേയത്തില്‍ തീരുമാനം ഒന്നും ആയില്ല. ഐക്യ രാഷ്ട്ര സഭ ഉടന്‍ പ്രദേശത്ത് വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണം എന്നായിരുന്നു പ്രമേയത്തിലെ ആവശ്യം. എന്നാല്‍ ഈ പ്രമേയത്തില്‍ പലസ്തീന്‍ ഇസ്രായേലിനു നേരെ നടത്തുന്ന ആക്രമണത്തെ പറ്റി ഒന്നും പരാമര്‍ശിക്കുന്നില്ല എന്ന് അമേരിക്കയും ബ്രിട്ടനും അഭിപ്രായപ്പെട്ടു. ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തുവാന്‍ വേണ്ടി 48 മണിക്കൂര്‍ വെടി നിര്‍ത്തല്‍ നടത്തുവാന്‍ ഇസ്രയേല്‍ പ്രധാന മന്ത്രി യെഹൂദ് ഓള്‍മെര്‍ട്ട് വിസമ്മതിച്ചു | വെടി നിര്‍ത്തല്‍ ഹമാസും ഇസ്രയെലും തമ്മില്‍ തീരുമാനിച്ചു നടപ്പിലാക്കേണ്ടതാണ് എന്നും ഇതില്‍ ഐക്യ രാഷ്ട്ര സഭ ഇടപെടരുത് എന്നും അമേരിക്കന്‍ അംബാസ്സഡര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അഞ്ചു ദിവസമായി യുദ്ധം തുടരുന്ന പ്രദേശം താന്‍ ഉടന്‍ തന്നെ സന്ദര്‍ശിച്ചു പ്രശ്ന പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ ആരായും എന്ന് ഫ്രെഞ്ച് പ്രസിഡന്റ് സര്‍ക്കോസി പ്രസ്താവിച്ചു. തങ്ങള്‍ക്ക് നേരെയുള്ള ഭീഷണി ഒഴിവാകുന്നത് വരെ തങ്ങള്‍ സൈനിക നടപടിയുമായി മുന്‍പോട്ടു പോകുക തന്നെ ചെയ്യും എന്ന് ഇസ്രയേല്‍ അറിയിച്ചു.



ഗാസയില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഇസ്രയേല്‍ നടത്തി വരുന്ന മനുഷ്യത്വ രഹിതമായ സൈനിക ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. അനാവശ്യവും വിവേചന രഹിതവും ആയ ഇത്തരം സൈനിക നീക്കങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം എന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇത്തരം അക്രമം പ്രദേശത്തെ സമാധാന പ്രക്രിയയെ പ്രതികൂലമായി ബാധിക്കും എന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി | സൈനിക നടപടിയില്‍ ഇത്രയധികം നിരപരാധികളായ സാധാരണ ജനം കൊല്ലപ്പെടുന്നത് നിരാശാ ജനകം ആണ് എന്ന് വിദേശ കാര്യ വകുപ്പ് വക്താവ് അഭിപ്രായപ്പെട്ടു. ഒരിക്കലും തിരികെ കൊണ്ടു വരാന്‍ ആവാത്ത വണ്ണം ഇതു ഇവിടത്തെ സമാധാനം നശിപ്പിക്കും. ഇതു അനുവദിക്കാനാവില്ല. സൈനിക ബല പ്രയോഗത്തിലൂടെ പലസ്തീന്‍ പൌരന്‍മാരെ കൊന്നൊടുക്കുന്നത് ഉടന്‍ അവസാനിപ്പിക്കണം എന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഗാസയില്‍ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തി വരുന്ന വ്യോമാക്രമണം മൂന്നാം ദിവസം പിന്നിടുമ്പോള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നു. ഇതില്‍ 57 പേര്‍ സാധാരണ ജനങ്ങള്‍ ആണെന്ന് ഐക്യ രാഷ്ട്ര സഭ രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്നേ വരെ ഇസ്രായേലിനു നേരെ നടത്തിയി ട്ടുള്ളതില്‍ വെച്ചു ഏറ്റവും വലിയ ആക്രമണമാണ് ഹമാസ് ഇതിനിടയില്‍ നടത്തിയത്. ഇസ്രായേലിനു നേരെ ഹമാസ് പോരാളികള്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ വീണ്ടും ഒരു ഇസ്രയേല്‍ പൌരന്‍ കൂടി കൊല്ലപ്പെട്ടു. പലസ്തീനില്‍ നിന്നുമുള്ള റോക്കറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയുടെ സമീപ പ്രദേശങ്ങള്‍ ഇസ്രയേല്‍ സൈന്യം ഉപരോധിത സൈനിക മേഖലയായി പ്രഖ്യാപിച്ചു. ഇതോടെ പലസ്തീന് നേരെ ഒരു കര സേന ആക്രമണത്തിനുള്ള വേദി ഒരുങ്ങിയതായി വിലയിരുത്തപ്പെടുന്നു. ഇതിനിടെ വെസ്റ്റ് ബാങ്കില്‍ മൂന്നു ഇസ്രയെലികളെ ഒരു പലസ്തീന്‍ കാരന്‍ കുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ യുദ്ധം ഉടന്‍ നിര്‍ത്തി വെക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്രായേലി യുദ്ധ വിമാനങ്ങള്‍ ഗാസയിലെ തന്ത്ര പ്രധാനമായ കേന്ദ്രങ്ങളില്‍ അഴിച്ചു വിട്ട വമ്പിച്ച വ്യോമ ആക്രമണത്തില്‍ ഇരുന്നൂറില്‍ അധികം പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ എഫ്-16 യുദ്ധ വിമാനങ്ങള്‍ ഹമാസ് സൈനികരെ ലക്ഷ്യം വെച്ചാണ് ബോംബ് വര്ഷം നടത്തിയത് എന്ന് അവകാശപ്പെടുന്നുണ്ട് എങ്കിലും ജന സാന്ദ്രമായ ഗാസാ നഗരത്തില്‍ നടത്തിയ ആക്രമണത്തില്‍ ഒട്ടേറെ സ്ത്രീകളും കുട്ടികളും അടക്കം സാധാരണ ജനങ്ങളും കൊല്ലപ്പെട്ടു. എഴുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പലസ്തീന്‍ കണ്ടത്തില്‍ വെച്ചു ഏറ്റവും വൃത്തികെട്ട കൂട്ടക്കൊല ആയിരുന്നു ഇത്
താലിബാന് എതിരെ നടത്തുന്ന യുദ്ധത്തില്‍ തങ്ങള്‍ക്കു താലിബാനെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി തരുവാന്‍ അഫ്ഘാൻ പ്രാദേശിക നേതാക്കള്‍ക്ക് അമേരിക്കന്‍ ചാര സംഘടന ആയ സി. ഐ. എ. വയാഗ്ര വിതരണം ചെയ്തു എന്ന് വാഷിംഗ്‌ടണ്‍ പോസ്റ്റ് എന്ന അമേരിക്കന്‍ ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് തങ്ങളുടെ കൂടെ നില്‍ക്കാന്‍ സി. ഐ. എ. പ്രതിഫലം നല്കുക പതിവാണ്. പണം, കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ , ശസ്ത്രക്രിയ അടക്കം ഉള്ള വൈദ്യ സഹായം, വിസകള്‍ എന്നിങ്ങനെ പല തരം പ്രലോഭനങ്ങള്‍ ആണ് പരമ്പരാഗതമായി ചാര സംഘടനകള്‍ ഉപയോഗപ്പെടുത്തി പോരുന്നത്. ഇതില്‍ ഏറ്റവും പുതിയതും ഫലവത്തും ആണത്രേ വയാഗ്ര വിതരണം. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഏറെ കാലം വഴങ്ങാതിരുന്ന ഒരു അറുപതു കാരനായ വംശ പ്രമാണിക്ക് വയാഗ്ര നല്കിയ സി. ഐ. എ. ഏജെന്റുമാര്‍ക്കു മുന്‍പില്‍ അടുത്ത ദിവസം ചിരിച്ചു കൊണ്ടെത്തിയ നാട്ടു പ്രമാണി പിന്നീട് ഇവര്‍ക്ക് എന്ത് സഹായവും ചെയ്തു കൊടുക്കുവാന്‍ തയ്യാര്‍ ആയത്രേ. ആയുധങ്ങളും പണവും കൊടുക്കുന്നതിനേക്കാള്‍ ഫലപ്രദം ആണ് വയാഗ്ര എന്നാണു സി. ഐ. എ. യുടെ നിഗമനം. പണം ലഭിക്കുന്ന ആള്‍ പണം ഉപയോഗിച്ചു സാധനങ്ങള്‍ വാങ്ങി കൂട്ടുകയും അങ്ങനെ ഇയാള്‍ പെട്ടെന്ന് പണക്കാരനായത് മറ്റുള്ളവര്‍ അറിയുകയും ചെയ്യുന്നതോടെ ഇയാള്‍ ചാരന്മാര്‍ക്ക് ഉപയോഗ ശൂന്യനായി തീരുന്നു. വിമതര്‍ക്ക് ആയുധം നല്‍കുന്നത് പലപ്പോഴും ഇവര്‍ അമേരിക്കക്ക് എതിരെ തന്നെ ഉപയോഗിക്കുന്നതും അമേരിക്കയെ വെട്ടിലാക്കിയിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഒന്നും തന്നെ വയാഗ്ര കൊണ്ടു ഉണ്ടാവുന്നില്ല. കിട്ടിയ ആള്‍ ഇതു പരമ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നു. മരുന്നിന്റെ സ്റ്റോക്ക് തീരുന്നതോടെ വീണ്ടും രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തി മരുന്ന് വാങ്ങാന്‍ സി. ഐ. എ. യുടെ പക്കല്‍ തിരിച്ചെത്തുകയും ചെയ്യുന്നു.
വളരെ ഏറെ കാലം ഏകാധിപത്യ ഭരണത്തിന് കീഴില്‍ ആയിരുന്ന ഗിനിയില്‍ പട്ടാളം ഭരണം പിടിച്ചെടുത്തു. കഴിഞ്ഞ 24 വര്‍ഷം ഗിനിയില്‍ ഏകാധിപത്യ ഭരണം നടത്തിയ പ്രസിഡന്റ് ലന്സാനാ കൊണ്ടേ തിങ്കളാഴ്ച രാത്രി അന്തരിച്ചതിനു തൊട്ടു പിന്നാലെയാണ് പട്ടാളം ഭരണം പിടിച്ചെടുത്തതായി പ്രഖ്യാപിച്ചത്. ദേശീയ ജനാധിപത്യ കൌണ്‍സില്‍ എന്നു സ്വയം വിശേഷിപ്പിച്ചാണ് പട്ടാളം രാജ്യത്തിന്റെ അധികാരം തങ്ങള്‍ പിടിച്ചെടുത്തതായി ദേശീയ ടെലിവിഷനിലും റേഡിയോയിലും പ്രഖ്യാപിച്ചത്. ഉടന്‍ തന്നെ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തും എന്നും പട്ടാളം അറിയിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ യുറാനിയം നിക്ഷേപത്താല്‍ സമ്പന്നമായ ഖസാക്കിസ്ഥാന്‍ ഇന്ത്യക്ക് യുറാനിയം നല്‍കാന്‍ സന്നദ്ധമാണ് എന്ന് അറിയിച്ചു. ഇതിനായി ഒരു സമഗ്രമായ ആണവ കരാര്‍ ഉണ്ടാക്കുവാനും ഖസാക്കിസ്ഥാന്‍ ഉദ്ദേശിക്കുന്നു എന്ന് ഖസാക്കിസ്ഥാന്‍ പ്രതിനിധിയും പണ്ഡിതനുമായ മരാത്ത് ഷെയിഖുദ്ധിനോവ് അറിയിച്ചതാണ് ഇത്. ഡല്‍ഹയില്‍ ഇന്ത്യാ – ഖസാക്കിസ്ഥാന്‍ സഹകരണത്തെ സംബന്ധിച്ച ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. എണ്ണവും പ്രകൃതി വാതകവും നല്‍കുന്നത് സംബന്ധിച്ചും ഇത്തരം കരാറുകള്‍ ഇന്ത്യയുമായി ഉണ്ടാക്കും എന്നും അദ്ദേഹം പറഞ്ഞു. ഖസാക്കിസ്ഥാന്‍ പ്രസിഡന്റ് നുര്‍സുല്‍ത്താന്‍ നസര്‍ബയേവിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ആയിരുന്നു ഈ ചര്‍ച്ച സംഘടിപ്പിച്ചത്. ഇന്ത്യയുമായി തീവ്രവാദ വിരുദ്ധ സഹകരണവും ശക്തമാക്കാന്‍ ഖസാക്കിസ്ഥാന്‍ ഉദ്ദേശിക്കുന്നു. 2002ല്‍ തന്നെ ഇത്തരം ഒരു ഭീകര വിരുദ്ധ കരാര്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയിരുന്നു എങ്കിലും ഈ രംഗത്ത് ഏറെയൊന്നും മുന്നോട്ട് പോവാന്‍ ആയില്ല. ചില പ്രതിനിധി ചര്‍ച്ചകള്‍ മാത്രം നടന്നു. പ്രായോഗികമായ നടപടികള്‍ ഒന്നും ഉണ്ടായില്ല. വിദഗ്ദ്ധരുമായി ഉള്ള ചര്‍ച്ചകളും നടന്നില്ല എന്നും അദ്ദേഹം പരിതപിച്ചു.
























