പുറത്താക്കപ്പെട്ട ഇന്ത്യാക്കാര്‍ക്ക് ബ്രിട്ടനിലേയ്ക്ക് തിരിച്ചു വരാന്‍ അനുമതി

July 11th, 2008

കോടതി വിധിയെ തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രവാസി ഇന്ത്യക്കാരെ പ്രതികൂലമായി ബാധിച്ച ഇമിഗ്രേഷന്‍ നിയമങ്ങള്‍ പിന്‍വലിച്ചു. നവമ്പര്‍ 2006ല്‍ നടപ്പിലാക്കിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പതിനായിര ക്കണക്കിന് ഇന്ത്യാക്കാര്‍ക്ക് തങ്ങളുടെ ജോലി നഷ്ടപ്പെടാന്‍ ഇടയാക്കിയിരുന്നു.

യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നുള്ള പ്രവാസികള്‍ക്കാണ് ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവരെ പ്രോത്സാഹിപ്പിയ്ക്കാന്‍ വേണ്ടി ആണ് ബ്രിട്ടന്‍ ഇങ്ങനെ ഒരു നിയമം കൊണ്ടു വന്നിരുന്നത്. എന്നാല്‍ പിന്‍കാല പ്രാബല്യത്തോടെ ഈ നിയമം നടപ്പിലാക്കിയപ്പോള്‍ ബ്രിട്ടനില്‍ ജോലി ചെയ്തു വന്നിരുന്ന പതിനായിര ക്കണക്കിന് ഇന്ത്യാക്കാര്‍ക്ക് ജോലി നഷ്ടപ്പെടുകയുണ്ടായി. ഈ നിയമം ഇവര്‍ ചെയ്യുന്ന ജോലികള്‍ക്ക് ഇവരെ അയോഗ്യരായി പ്രഖ്യാപിച്ചത് ആയിരുന്നു കാരണം.

ഒരു ജോലിയ്ക്ക് ആളെ നിയമിയ്ക്കുമ്പോള്‍ പ്രസ്തുത തസ്തികയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ അംഗ രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ മാത്രമെ പുറമെ നിന്നുള്ളവര്‍ക്ക് തൊഴില്‍ നല്‍കാവൂ എന്ന് നിഷ്കര്‍ഷിക്കു ന്നതായിരുന്നു ഈ നിയമം. ഇത് മുന്‍ കാല പ്രാബല്യത്തില്‍ നടപ്പിലാക്കിയതോടെ പ്രവാസി ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ ജോലി നഷ്ടപ്പെടുകയാണ് ഉണ്ടായത്.

ഇതിനെ തുടര്‍ന്ന് അയ്യായിരത്തോളം ഇന്ത്യക്കാര്‍ തിരികെ നാട്ടിലേയ്ക്ക് മടങ്ങി. വിസ കാലാവധി നീട്ടി കിട്ടാന്‍ അപേക്ഷിച്ച പലര്‍ക്കും സര്‍ക്കാര്‍ നാട് കടത്തല്‍ ഉത്തരവായിരുന്നു നല്‍കിയത്. ഇതറിഞ്ഞ പലരും കാലാവധി നീട്ടുവാനുള്ള അപേക്ഷ പോലും നല്‍കാതെ നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു.

ഇതിനെതിരെ പ്രവാസി ഇന്ത്യാക്കാര്‍ നടത്തിയെ നിയമ യുദ്ധം വിജയിക്കുകയും ഏപ്രില്‍ എട്ടിന് ഇന്ത്യാക്കാര്‍ക്ക് അനുകൂലമായ വിധി പ്രഖ്യാപിയ്ക്കുകയും ചെയ്തത് e പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍ കാല പ്രാബല്യത്തോടെ ഇങ്ങനെ ഒരു നിയമം നടപ്പിലാക്കാനാവില്ല എന്നായിരുന്നു കോടതിയുടെ പക്ഷം.

ഈ വിധിയുടെ പശ്ചാത്തലത്തില്‍ ആണ് ബ്രിട്ടീഷ് സര്‍ക്കാര്‍ തങ്ങളുടെ നയം മാറ്റിയതായി അറിയിച്ചിട്ടുള്ളത്.

രാജ്യം വിട്ട ഇന്ത്യാക്കാര്‍ക്ക് ഇനി ബ്രിട്ടനിലേയ്ക്ക് മടങ്ങാനാവും. ഇങ്ങനെ വിസയ്ക്ക് അപേക്ഷിക്കുന്നവരില്‍ നിന്ന ഫീസ് ഈടക്കുകയുമില്ല എന്ന് ഈ നിയമത്തിന് എതിരായി നിരന്തരം പ്രയത്നിച്ച് വിജയം കണ്ട പ്രവാസി ഫോറത്തിന്റെ ഡയറക്ടര്‍ അമിത് കപാഡിയ അറിയിച്ചു.



- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൗദിയില്‍ ആദ്യമായി കാറപകടത്തില്‍ ഒരു വനിത ഡ്രൈവര്‍ കൊല്ലപ്പെട്ടു

July 10th, 2008

സ്വദേശി വനിതയാണ് അപകടത്തില്‍ പെട്ടത്. സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതിയില്ലാത്ത രാജ്യമാണ് സൗദി. സഹോദരന്‍റെ കാറെടുത്ത് യാത്ര ചെയ്ത യുവതി അമിത വേഗതയില്‍ വാഹനം ഓടിച്ചതാണ് അപകട കാരണം ആയതെന്ന് പോലീസ് പറഞ്ഞു. വീട്ടുകാര്‍ അറിയാതെയാണ് ഇവര്‍ രാത്രി വണ്ടിയുമായി പുറത്തു പോയതെന്ന് പോലീസ് അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ കുറേ നാളുകളായി സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കണം എന്ന ആവശ്യം വനിതാ സംഘടനകള്‍ ശക്തമായി ഉന്നയിക്കുകയാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖത്തറിനെ വിദേശികള്‍ കണ്ണ് വയ്ക്കുന്നു

July 10th, 2008

ഖത്തറിലെ വിദേശ മൂലധന നിക്ഷേപത്തില്‍ വന്‍ വര്‍ദ്ധന യുണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 6 വര്‍ഷത്തിനുളളില്‍ ഖത്തറിലെ വിദേശ മൂലധന നിക്ഷേപത്തില്‍ 600 ശതമാനത്തിന്‍റെ വര്‍ദ്ധനവുണ്ടായതായി ഖത്തര്‍ സ്റ്റാറ്റിസ്റ്റിക്ക് വിഭാഗത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2000 ല്‍ 252 ദശലക്ഷമായിരുന്ന നിക്ഷേപം 2008 ല്‍ 1.70 ബില്യന്‍ ഡോളറായി വര്‍ദ്ധിച്ചു. ഖത്തറിന്‍റെ സാമ്പത്തിക വളര്‍ച്ച മേഖലയിലെ തന്നെ ഏറ്റവും മികച്ചതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഗ്രീന്‍ പീസ് പ്രവര്‍ത്തകരുടെ മോചനം വൈകും

July 10th, 2008

ജപ്പാനില്‍ അന്യായമായി തടവിലാക്കപ്പെട്ട രണ്ട് ഗ്രീന്‍ പീസ് പ്രവര്‍ത്തകരുടെ മോചനത്തിനായി ലോകം മുഴുവന്‍ പ്രതിഷേധം ആഞ്ഞടിയ്ക്കുമ്പോഴും ജപ്പാന്‍ കോടതി ഇവരുടെ മോചനം തടയുകയാണ്. ജപ്പാന്‍ സര്‍ക്കാര്‍ നടത്തി വരുന്ന “ശാസ്ത്രീയ തിമിംഗല വേട്ട” യോടനുബന്ധിച്ച് നടക്കുന്ന വെട്ടിപ്പ് വെളിപ്പെടുത്തിയ ജുനിച്ചി സാറ്റോ, ടോറു സുസുക്കി എന്നീ ഗ്രീന്‍ പീസ് പ്രവര്‍ത്തകരെ ജൂണ്‍ 20നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തിമിംഗല സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ വ്യാവസായികമായ തിമിംഗല വേട്ട നേരത്തേ നിരോധിച്ചതാണ്. എന്നാല്‍ ഈ നിരോധനം തിമിംഗല ഗവേഷണത്തിനായി തിമിംഗലങ്ങളെ പിടിയ്ക്കാന്‍ അനുവദിയ്ക്കുന്നുണ്ട്. ഇതിന്റെ മറവിലാണ് ജപ്പാന്‍ ഔദ്യോഗികമായി തന്നെ പ്രതിവര്‍ഷം ആയിരം തിമിംഗലങ്ങളെ വേട്ടയാടുന്നത്. എന്നാല്‍ സര്‍ക്കാര്‍ സംരക്ഷണത്തില്‍ നടത്തി വരുന്ന ഈ “ശാസ്ത്രീയ” വേട്ടയുടെ മറവില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ അനധികൃത തിമിംഗല വേട്ട നിര്‍ബാധം നടന്നു വരുന്നതിന് എതിരെയാണ് ഗ്രീന്‍ പീസ് പ്രതിഷേധിയ്ക്കുന്നത്. സര്‍ക്കാര്‍ സംരക്ഷണത്തില്‍ നടക്കുന്ന ഈ തിമിംഗല വേട്ടയില്‍ കാലങ്ങളായി നടന്നു വന്ന ഇത്തരം വെട്ടിപ്പിനെതിരെ ഗ്രീന്‍ പീസ് പ്രക്ഷോഭം നടത്തി വരികയായിരുന്നു.

തിമിംഗല സംരക്ഷണ മേഖലയില്‍ നിന്നും മടങ്ങി വന്ന “നിഷിന്‍ മാറു” എന്ന കപ്പലില്‍ നിന്നും ടോക്യോയിലെ ഒരു സ്വകാര്യ വ്യക്തിയുടെ കേന്ദ്രത്തിലേക്ക് തിമിംഗല മാംസം കടത്തുന്നത് മനസ്സിലാക്കി അതിലൊരു പെട്ടി മാംസം ജുനിച്ചിയും ടോറുവും കൈക്കലാക്കിയിരുന്നു.

ഈ പെട്ടി ഇവര്‍ പിന്നീട് പോലീസിന് കൈമാറുകയുണ്ടായി. എന്നാല്‍ ഗ്രീന്‍ പീസിന്റെ വാദത്തിന് സഹായകരമായ തെളിവായി ഇവര്‍ കൈക്കലാക്കിയ തിമിംഗല മാംസം. ഇതില്‍ അരിശം പൂണ്ടാണ് സര്‍ക്കാര്‍ ഇവരെ തടവിലാക്കിയത്. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായി പ്രതികരിച്ചിരുന്നു എങ്കിലും കോടതി ഇവരെ 23 ദിവസം തടങ്കലില്‍ വെയ്ക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ജപ്പാനില്‍ കുറ്റപത്രം സമര്‍പ്പിയ്ക്കാതെ ഒരാളെ തടവില്‍ വെയ്ക്കാവുന്ന പരമാവധി കാലാവധിയാണിത്.

ലോകമെമ്പാടും നിന്ന് രണ്ട് ലക്ഷത്തോളം പേര്‍ ഇതിനകം ഇവരുടെ മോചനത്തിനായി ജപ്പാന്‍ സര്‍ക്കാറിന് ഇമെയില്‍ സന്ദേശം അയച്ചു കഴിഞ്ഞു. നിങ്ങളുടെ പ്രതിഷേധം ഇവിടെ അറിയിക്കാം:
http://www.greenpeace.org/international/news/activists-arrested-200608/release-our-activists

അന്താരാഷ്ട്ര വിലക്ക് മാനിക്കാതെ തിമിംഗല വേട്ട നടത്തുന്ന മറ്റ് രണ്ട് രാജ്യങ്ങള്‍ നോര്‍വേ, ഐസ് ലാന്‍ഡ് എന്നിവയാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മോഡിയ്ക്കെതിരെ നരഹത്യാ വിരുദ്ധ മുന്നണി

July 3rd, 2008

അമേരിക്കയിലെ ന്യൂ ജേഴ്സിയില്‍ നടക്കുവാനിരിക്കുന്ന രണ്ടാം ലോക ഗുജറാത്തി സമ്മേളനത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്നതിന് എതിരെ അമേരിക്കയിലെ നരഹത്യാ വിരുദ്ധ മുന്നണി രംഗത്തെത്തി. മോഡിയ്ക്ക് അമേരിക്കയില്‍ പ്രവേശിയ്ക്കാനുള്ള വിസ നല്‍കരുത് എന്നാണ് ഇവരുടെ ആവശ്യം.

സമ്മേളനത്തിന്റെ സംഘാടകരായ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ അമേരിക്കന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയാണ് നരേന്ദ്ര മോഡിയെ സമ്മേളനത്തിലേയ്ക്ക് ക്ഷണിച്ചത്. വിസയുടെ പ്രശ്നം മോഡിയും സര്‍ക്കാരും തമ്മില്‍ ഉള്ളതാണെന്നായിരുന്നു ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ സംഘടനയുടെ പ്രസിഡന്റായ സുനില്‍ നായകിന്റെ മറുപടി. ലോകമെമ്പാടും നിന്നുള്ള അന്‍പതിനായിരത്തോളം ഗുജറാത്തികള്‍ ഓഗസ്റ്റ് 29ന് തുടങ്ങുന്ന ത്രിദിന സമ്മേളനത്തില്‍ പങ്കെടുക്കും. മോഡിയ്ക്ക് അമേരിക്ക വിസ നല്‍കുമെന്നും സമ്മേളനത്തില്‍ പങ്കെടുക്കാനാവുമെന്നും നായക് പ്രത്യാശ പ്രകടിപ്പിച്ചു.

എന്നാല്‍ ഇരുപത്തഞ്ചോളം സംഘടനകളുടെ കൂട്ടായ്മയായ നരഹത്യാ വിരുദ്ധ മുന്നണി മോഡിയ്ക്ക് അമേരിയ്ക്ക സന്ദര്‍ശിക്കുവാനുള്ള വിസ നല്‍കരുതെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് കോണ്ടോലിസാ റൈസിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. 2005ല്‍ നടന്ന ഒന്നാം ലോക ഗുജറാത്തി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മോഡിയ്ക്ക് അമേരിയ്ക്കന്‍ സര്‍ക്കാര്‍, ഗുജറാത്തില്‍ നടന്ന മുസ്ലിം വിരുദ്ധ കലാപങ്ങളുടെ പശ്ചാത്തലത്തില്‍, വിസ നിരസിച്ചിരുന്നു. കോണ്ടൊലിസാ റൈസിന് എഴുതിയ കത്തില്‍ 2005ല്‍ മോഡിയ്ക്ക് വിസ നിഷേധിച്ച സാഹചര്യങ്ങളില്‍ മാറ്റം ഒന്നും വന്നിട്ടില്ല എന്ന് നരഹത്യാ വിരുദ്ധ മുന്നണി ചൂണ്ടിക്കാട്ടി. ഗുജറാത്തില്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തന്നെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നേരെ വ്യാപകമായി വ്യവസ്ഥാപിത മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. 2002ലെ കലാപങ്ങള്‍ക്ക് മോഡി ഇന്ന് വരെ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല അവയെ ന്യായീകരിയ്ക്കുകയും ചെയ്യുന്നു. ഗുജറാത്തില്‍ നടന്ന ജുഡീഷ്യല്‍ കൊലപാതകങ്ങള്‍ ഇതിന് സാക്ഷ്യം വഹിയ്ക്കുന്നു. ഇതിനെതിരെ ശബ്ദമുയര്‍ത്തുന്ന മനുഷ്യാവകാശ സംഘടനകളെ സംസ്ഥാന ഭരണകൂടം പീഡിപ്പിച്ച് നിശ്ശബ്ദരാക്കുകയാണെന്നും കത്തില്‍ പറയുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പൈലറ്റ് ഉറങ്ങി; വിമാനം നിര്‍ത്താതെ പറന്നു

June 27th, 2008

എയര്‍ ഇന്ത്യയുടെ ദുബായ്-മുംബൈ വിമാനത്തിലെ രണ്ട് പൈലറ്റുമാരും കോക്ക്പിറ്റില്‍ ഉറങ്ങിയതിനെ തുടര്‍ന്ന് വിമാനം വിമാന താവളത്തില്‍ ഇറങ്ങാതെ 360 മൈലോളം കൂടുതല്‍ പറന്നു.

ദുബായില്‍ നിന്നും ജൂണ്‍ നാലിന് പുലര്‍ച്ചെ 01:35ന് പുറപ്പെട്ട വിമാനം ജയ്പൂരില്‍ ഇറങ്ങിയ ശേഷം വീണ്ടും രാവിലെ ഏഴു മണിയ്ക്ക് മുംബൈ ലക്ഷ്യമാക്കി പറന്നതാണ്. എന്നാല്‍ വിമാന താവളം എത്താറായപ്പോഴേയ്ക്കും പൈലറ്റും സഹ പൈലറ്റും ഉറങ്ങിപ്പോയത്രെ. എയര്‍ ട്രാഫിക്ക് കണ്‍ട്രോളറുടെ റേഡിയോ സന്ദേശങ്ങളോട് പ്രതികരിക്കാതായതോടെ മുംബൈ വിമാന താവളത്തില്‍ അങ്കലാപ്പായി. നൂറോളം യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.

അവസാനം എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍ “SELCAL” എന്ന അലാറം മുഴക്കി ഇവരെ വിളിച്ച് എഴുന്നേല്‍പ്പിക്കുകയാണ് ഉണ്ടായത്. വിമാനത്തിന്റെ പ്രത്യേകമായ നാലക്ക നമ്പറില്‍ വിളിച്ചാല്‍ വിമാനത്തിന്റെ കോക്ക്പിറ്റില്‍ മുഴങ്ങുന്ന ഒരു അലാറം ആണ് “SELCAL” എന്ന സെലക്ടിവ് കോളിങ്. അപ്പോഴേയ്ക്കും വിമാനം ഗോവയ്ക്കുള്ള വഴി പകുതിയോളം താണ്ടിയിരുന്നു.

ദുബായില്‍ നിന്നും അര്‍ദ്ധ രാത്രിയ്ക്ക് ശേഷം തിരിച്ച വിമാനം രാത്രി മുഴുവനും പറപ്പിച്ച് ജയ്പൂരില്‍ എത്തിച്ച ശേഷം വീണ്ടും മുംബെയ്ക്ക് പുറപ്പെട്ടപ്പോള്‍ പൈലറ്റുമാര്‍ തളര്‍ച്ച കാരണം ഉറങ്ങി പോയതാവാം എന്ന് പേര്‍ വേളിപ്പെടുത്താനാവാത്ത ഒരു വിമാന കമ്പനി വക്താവ് അറിയിച്ചു.

എന്നാല്‍ വിമാന കമ്പനി ഇത് ശക്തമായി നിഷേധിച്ചു. പൈലറ്റുമാര്‍ക്ക് ദുബായില്‍ 24 മണിക്കൂര്‍ വിശ്രമം നല്‍കിയതാണ്. അതിനാല്‍ പൈലറ്റുമാര്‍ തളര്‍ച്ച കാരണം ഉറങ്ങിയതാണെന്ന് പറയുന്നതില്‍ കാര്യമില്ല. താല്‍ക്കാലികമായി റേഡിയോ ബന്ധം വിച്ഛേദിയ്ക്കപ്പെടുക മാത്രം ആണ് ഉണ്ടായത്. അതേ തുടര്‍ന്ന് വിമാന താവളത്തില്‍ ഇറങ്ങാന്‍ ആവാതെ വിമാനം കേവലം 14 മൈല്‍ മാത്രം ആണ് കൂടുതല്‍ പറന്നത് എന്നും എയര്‍ ഇന്ത്യ വാദിയ്ക്കുന്നു.

എന്നാല്‍ ഒരു ഗള്‍ഫ് വിമാന കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇത് ശരിയല്ല എന്ന് പറഞ്ഞു. ഒരു വിമാനത്തിന്റെ റേഡിയോ ബന്ധം തകരാറിലായാല്‍ സ്വീകരിക്കേണ്ട ഇന്ത്യന്‍ വ്യോമയാന നടപടിക്രമങ്ങള്‍ വ്യക്തമാണ്. ഇത് പ്രകാരമുള്ള അടിയന്തര നടപടി പൈലറ്റുമാര്‍ സ്വീകരിച്ചിരുന്നെങ്കില്‍ മറ്റ് എല്ലാ വിമാനങ്ങളേയും ഒഴിവാക്കി പ്രസ്തുത വിമാനത്തിന് ഇറങ്ങുവാനുള്ള സൌകര്യം എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍ക്ക് ഒരുക്കുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ വിമാനത്തില്‍ നിന്നും ഇത്തരം ഒരു നടപടിയും ഉണ്ടായില്ല. മാത്രമല്ല എല്ലാ വിമാനത്തിനും ഒരു ETA (Expected Time of Arrival) ഉണ്ട്. ETA ആയാല്‍ വിമാനം കീഴോട്ടിറങ്ങി തങ്ങളുടെ ഉയരം കുറയ്ക്കണമെന്നാണ് ചട്ടം. ഇതൊന്നും ഈ വിമാനത്തിന്റെ കാര്യത്തില്‍ പാലിയ്ക്കപ്പെട്ടില്ല.

കഴിഞ്ഞ ആഴ്ച മറ്റൊരു സ്വകാര്യ വിമാന കമ്പനിയുടെ വിമാനം പൈലറ്റ് മദ്യപിച്ച് ലക്ക് കെട്ടതിനെ തുടര്‍ന്ന് അടിയന്തിരമായി പാ‍റ്റ്നയില്‍ ഇറക്കിയതായി പത്ര വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

വത്തിക്കാന്‍ പത്രം ഇനി മലയാളത്തിലും

June 26th, 2008

ചരിത്രത്തില്‍ ആദ്യമായി വത്തിക്കാന്‍ പത്രം ഒരു യൂറോപ്യനേതര ഭാഷയില്‍ ഇറങ്ങുന്നു, അതും മലയാളത്തില്‍. ഇന്ത്യയിലെ കേരളത്തില്‍ ഉള്ള കത്തോലിക്കര്‍ക്ക് വേണ്ടി ഇങ്ങനെ ഒരു മലയാളം പതിപ്പ് ഇറങ്ങിയതിനെ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ വത്തിക്കാനില്‍ നിന്നും പുറത്തിറക്കിയ സന്ദേശത്തില്‍ സ്വാഗതം ചെയ്തു.

ഇത് കേരളത്തിലെ അറുപത് ലക്ഷത്തിലേറെയുള്ള കത്തോലിക്കര്‍ക്ക് വത്തിക്കാന്റെ പ്രവര്‍ത്തനങ്ങളെ പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ സഹായകമാവും എന്ന് മാര്‍പാപ്പ അഭിപ്രായപ്പെട്ടു.

വത്തിക്കാന്‍ പത്രത്തിന്റെ മുഖ്യ പതിപ്പ് ഇറ്റാലിയന്‍ ഭാഷയില്‍ ദിനപത്രമായാണ് ഇറങ്ങുന്നത്. ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ചുഗീസ്, ഫ്രെഞ്ച്, ജര്‍മ്മന്‍, പോളീഷ് എന്നീ ഭാഷകളില്‍ പത്രം ആഴ്ചപ്പതിപ്പായാണ് ഇറങ്ങുന്നത്. ഇന്ത്യയില്‍ ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിക്കുന്നത് കാര്‍മല്‍ ഇന്റര്‍നാഷണല്‍ പബ്ലിഷിങ് ഹൌസാണ്.

മലയാളം പതിപ്പിന്റെ ആദ്യ കോപ്പികള്‍ ജൂലൈ 3ന് കേരളത്തില്‍ വിതരണം ചെയ്യും എന്ന് വത്തിക്കാന്‍ പത്രം അറിയിച്ചു.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ഫെങ്ഷെന്‍ ചുഴലിക്കാറ്റ് ചൈനയിലെത്തി

June 25th, 2008

ഫിലിപ്പൈന്‍സില്‍ വ്യാപകമായ നാശം വിതച്ച ഫെങ്ഷെന്‍ എന്ന കൊടുങ്കാറ്റ് തായ് ലന്‍ഡിലും ദക്ഷിണ ചൈനയിലും എത്തി. ശക്തി അല്‍പ്പം കുറഞ്ഞിട്ടുണ്ടെങ്കിലും ഹൊങ്കോങ്ങിലെ എല്ലാ വ്യാപാര – വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് അടച്ചിട്ടിരിക്കുകയാണ്.

എണ്ണൂറോളം പേരുമായി പ്രിന്‍സസ്സ് ഓഫ് ദ സ്റ്റാര്‍സ് എന്ന കടത്ത് കപ്പല്‍ കഴിഞ്ഞ ആഴ്ച്ച ഫിലിപ്പൈന്‍സില്‍ ഈ കൊടുങ്കാറ്റ് മൂലം മുങ്ങി പോയിരുന്നു. മുങ്ങിപ്പോയ കപ്പലില്‍ നിന്നുള്ളവരെ രക്ഷിക്കുവാനുള്ള ശ്രമങ്ങള്‍ ഇനിയും വിജയിച്ചിട്ടില്ല.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു.എ.ഇ.യില്‍ ആണവ പദ്ധതി

June 24th, 2008

അറബ് ലോകത്തെ ആദ്യത്തെ ആണവ ശക്തിയാകുവാനുള്ള യു.എ.ഇ.യുടെ മോഹങ്ങള്‍ നടപ്പിലാവാന്‍ ഇനി അധികം വൈകില്ല എന്ന് സൂചന.

കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ആണവ പരിപാടികള്‍ക്ക് യു.എ.ഇ. മന്ത്രിസഭ പച്ചക്കൊടി കാണിച്ചിരുന്നു.

യു.എ.ഇ.യിലെ ആദ്യ ആണവ റിയാക്ടര്‍ സ്ഥാപിക്കുവാനുള്ള കരാറിനായി ഒന്‍പത് വിദേശ കമ്പനികളെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തു. ഇതില്‍ ബ്രിട്ടീഷ് കമ്പനിയായ അമെക് ഉള്‍പ്പെടുന്നു.

ആണവ നിലയങ്ങളുടെ സാങ്കേതിക രൂപകല്‍പ്പനയും, നിര്‍മ്മാണവും, പിന്നീടുള്ള പ്രവര്‍ത്തന മേല്‍നോട്ടവും അടങ്ങുന്നതാണ് കമ്പനികള്‍ സമര്‍പ്പിച്ചിരിക്കുന്ന കരാര്‍ പദ്ധതി‍. യു.എ.ഇ.യില്‍ ഈ പദ്ധതി പ്രകാരം 14 ആണവ നിലയങ്ങളാവും സ്ഥാപിക്കുക. 40 ബില്ല്യണ്‍ പൌണ്ടായിരിക്കും പദ്ധതി ചിലവെന്നും അറിയുന്നു.

2020 ആകുമ്പോഴേയ്ക്കും യു.എ.ഇ.യുടെ വൈദ്യുതി ആവശ്യം 40,000 മെഗാവാട്ടായിരിക്കും എന്നാണ് സര്‍ക്കാരിന്റെ നിഗമനം. ഇത് നേരിടാനാണ് മേഖലയിലെ ഒരു പ്രമുഖ എണ്ണ ഉല്‍പ്പാദക രാജ്യമായ യു.എ.ഇ. ആണവ പദ്ധതികള്‍ സ്ഥാപിക്കുന്നത്.

കഴിഞ്ഞ മാസം ഈജിപ്റ്റ് ആണവ പര്‍ധതികള്‍ക്കായുള്ള ആഗോള ടെണ്ടര്‍ ക്ഷണിച്ചിരുന്നു എങ്കിലും മേഖലയിലെ ആദ്യ റിയാക്ടര്‍ സ്ഥാപിക്കുക യു.എ.ഇ. തന്നെയാവാനാണ് സാദ്ധ്യത. യു.എ.ഇ.യുടെ രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ വിജയമാവും ഇത്. അറബ് ലോകത്തിനോടൊപ്പം നിലയുറപ്പിച്ചു കോണ്ട് തന്നെ ഒരിക്കലും അമേരിക്കയടക്കമുള്ള വന്‍ ശക്തികള്‍ക്ക് രാഷ്ട്രീയമായി ഭീഷണിയാവാതെ നോക്കാന്‍ യു.എ.ഇ. എപ്പോഴും ശ്രദ്ധിച്ചിരുന്നു.

അന്താരാഷ്ട്ര ഏജന്‍സികളുടെ ആണവ ഉടമ്പടികളെല്ലാം ഒപ്പിടാന്‍ യു.എ.ഇ. സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുമായി ആണവ സഹകരണ കരാറുകളില്‍ യു.എ.ഇ. ഒപ്പിട്ടു കഴിഞ്ഞു.

അഡീഷണല്‍ പ്രോട്ടോക്കോള്‍ എന്ന വിവാദ വ്യവസ്ഥയയും യു.എ.ഇ. അംഗീകരിച്ചിട്ടുള്ളതാണ്. ഈ വ്യവസ്ഥ അന്താരാഷ്ട്ര ആണവ പരിശോധകര്‍ക്ക് ആണവ നിലയങ്ങള്‍ പരിശോധിക്കാന്‍ വ്യാപകമായ അധികാരങ്ങള്‍ പ്രദാനം ചെയ്യുന്നതാണ്. ഈ വ്യവസ്ഥ ഇത് വരെ ഈജിപ്റ്റ് അംഗീകരിച്ചിട്ടില്ല. ഇത് തന്നെ ആണ് ഈജിപ്റ്റിന്റെ ആണവ പദ്ധതികള്‍ക്ക് വിലങ്ങു തടി ആവുന്നതും.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ലീഗ് കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ചേയ്ക്കും

June 23rd, 2008

അമേരിയ്ക്കയുമായി സഹകരിച്ച് ആണവ കരാറുമായി മുന്നോട്ട് പോവാനാണ് കോണ്‍ഗ്രസിന്റെ ഉദ്ദേശമെങ്കില്‍ കോണ്‍ഗ്രസിനുള്ള തങ്ങളുടെ പിന്തുണ പിന്‍വലിയ്ക്കുന്ന കാര്യം ചിന്തിയ്ക്കേണ്ടി വരും എന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രസ്ഥാവിച്ചു.

കേന്ദ്ര മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായ ലീഗിന്റെ ശ്രീ ഇ. അഹമ്മദിനെ തിരികെ വിളിയ്ക്കാനും ലീഗ് തയ്യാറായേയ്ക്കും എന്നാണ് സൂചന.

ലോക മുസ്ലിം ജനതയുടെ പ്രഖ്യാപിത ശത്രുവായ അമേരിയ്ക്കയുമായി കേന്ദ്ര സര്‍ക്കാര്‍ യോജിച്ച് പ്രവര്‍ത്തിയ്ക്കുകയാണെങ്കില്‍ ലീഗ് കൈയ്യും കെട്ടി നോക്കി നില്‍ക്കില്ല എന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ശ്രീ കുഞ്ഞാലിക്കുട്ടിയും അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

163 of 1691020162163164»|

« Previous Page« Previous « ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് 14 മില്ല്യണ്‍ കവിഞ്ഞു
Next »Next Page » യു.എ.ഇ.യില്‍ ആണവ പദ്ധതി »



  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine