ബെയ്റൂട്ട് : ഐക്യ രാഷ്ട്ര സഭ നിയോഗിച്ച 5 സന്ധി നിരീക്ഷകർ നിരായുധരായി സിറിയയിലെ കലാപ കലുഷിതമായിരുന്ന ഹോംസ് നഗരത്തിന്റെ ഹൃദയത്തിലൂടെ ശനിയാഴ്ച്ച നടന്നു നീങ്ങിയതോടെ സമാധാനത്തിനുള്ള താൽക്കാലിക സാദ്ധ്യത നഗരത്തിൽ തെളിഞ്ഞു. ഐക്യ രാഷ്ട്ര സഭയുടെ എട്ടംഗ പൈലറ്റ് നിരീക്ഷക സംഘത്തിലെ അംഗങ്ങളായിരുന്നു അവർ. പ്രസിഡണ്ട് ബഷർ അസദിനെ നീക്കം ചെയ്യാൻ വിദേശ സൈനിക സഹായം ആവശ്യപ്പെട്ട് ജനം പ്രക്ഷോഭം നടത്തിയതിനെ കടുത്ത സൈനിക നടപടികൾ കൊണ്ട് ആഴ്ച്ചകളോളം നേരിട്ടതിനെ തുടർന്ന് സിറിയയിൽ നിലനിന്ന പ്രക്ഷുബ്ധ അന്തരീക്ഷത്തിന് താൽക്കാലികമായെങ്കിലും അറുതി വന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര സമാധാന ശ്രമങ്ങളുടെ തുടർച്ചയായി ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതി സിറിയയിലെ സമാധാന നിരീക്ഷകരുടെ എണ്ണം മുന്നൂറായി വർദ്ധിപ്പിക്കാൻ ഇന്നലെ തീരുമാനിക്കുകയുണ്ടായി.