മൊഹാലി : ലോകം കണ്ട ഏറ്റവും നല്ല ബാറ്റ്സ്മാന്മാരില്‍ ഒരാളായ റെക്കോര്‍ഡുകളുടെ തോഴന്‍ ഇന്ത്യന്‍ മനസ് തൊട്ടറിഞ്ഞ് കളിച്ചു. സച്ചിന്‍ എന്ന മഹാനായ കളിക്കാരന്റെ മികച്ച ഇന്നിങ്ങ്സിലൂടെ ഇന്ത്യ ഫൈനലില്‍ എത്തി. തുടര്‍ച്ചയായ ഫോമില്‍ തുടരുന്ന ഇന്ത്യന്‍ വെറ്ററന്‍ താരത്തിന്റെ ബാറ്റില്‍ നിന്നും ശര വേഗത്തില്‍ പാഞ്ഞ ഓരോ പന്തും ഇന്ത്യയുടെ വിജയ ലക്ഷ്യത്തെ അടുത്തെത്തി ക്കുന്നതായിരുന്നു. 85 റണ്ണെടുത്ത സച്ചിന്റെ ബാറ്റിംഗ് ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. 260 എന്നത് പാകിസ്ഥാനെ സംബന്ധിച്ച് അപ്രാപ്യമായ സ്കോറായിരുന്നില്ല എങ്കിലും ഇന്ത്യന്‍ ബൌളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതും ഇന്ത്യയെ വിജയത്തിലേ ക്കടുപ്പിക്കാന്‍ ഏറേ സഹായിച്ചു.
ആദ്യ അമ്പത് റണ്ണിനിടയില്‍ തന്നെ സെവാഗ് (38) ഔട്ടായെങ്കിലും സച്ചിന്‍ ശ്രദ്ധയോടെ ബാറ്റ് വീശുകയായിരുന്നു. തുടര്‍ന്നു വന്ന ഗൌതം ഗംഭീര്‍ (27), ധോണി (25), വിരാട് കൊഹലി (9) ഹര്‍ബജന്‍ സിംഗ് (12), സഹീര്‍ഖാന്‍ (9), നെഹ് റ (1) എന്നിങ്ങനെ സ്കോര്‍ ചെയ്തു. യുവരാജ് സിങ്ങിനെ പൂജ്യത്തില്‍ പൂറത്താക്കിയ വഹാബ് റിയാസിന്റെ മികച്ച ബൌളിംഗിനു മുന്നില്‍ അല്‍പ്പം പതറി ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍. എന്നാല്‍ സുരേഷ് റെയ്ന ഔട്ടാവാതെ നേടിയ 36 റണ്ണിലൂടെ ഇന്ത്യ വിജയ ലക്ഷ്യത്തെ അടുപ്പിച്ചു. റിയാസ് അഞ്ചു വിക്കറ്റുകളാണ് നേടിയത്. സയ്ദ് അജമല്‍ രണ്ടും, മുഹമ്മദ് ഹഫീസ് ഒരു വിക്കറ്റും നേടി.
തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് കളിച്ചെങ്കിലും ഇന്ത്യന്‍ ബൌളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി പാകിസ്ഥാനെ പ്രതിസന്ധിയിലാക്കി. മിസ് ബാഉല്‍ ഹഖ് 59ഉം ഓപണര്‍ മുഹമ്മദ് ഹഫീസ് 43 റണ്ണും നേടി. സഹീര്‍ ഖാന്‍, നെഹ് റ, പട്ടേല്‍, ഹര്‍ബജന്‍, യുവരാജ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
കോടിക്കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ഈ സ്വപ്ന സെമി വീക്ഷിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനിയും ഇന്ത്യന്‍ പ്രധാന മന്ത്രി മന്മോഹന്‍ സിംഗും ഉണ്ടായിരുന്നു. 260നെതിരെ 231 റണ്‍സ് ഏടുക്കാനേ പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്‍ മാര്‍ക്ക് കഴിഞ്ഞുള്ളു. അവസാന നിമിഷം വരെ കാണികളെ മുള്‍മുനയില്‍ നിറുത്തിയ മത്സരം ഇന്ത്യന്‍ വിജയം ആഘോഷ മാക്കുകയായിരുന്നു. ഇന്നു വരെ ഒരു ലോകകപ്പിലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാനായിട്ടില്ല എന്ന പ്രത്യേകത ഇത്തവണയും നിലനിര്‍ത്താന്‍ ധോണിക്കായി. മാന്‍ ഓഫ് ദ മാച്ചായി പ്രഖ്യാപിക്കപ്പെട്ട സച്ചിനാണ് കളിയിലെ താരം.
ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും.