മുംബൈ : കപില്‍ ദേവിന്റെ ചുണക്കുട്ടന്മാര്‍ ലോക കപ്പ് ഇന്ത്യയിലേക്ക് കൊണ്ടു വന്നതിനു 28 വര്‍ഷങ്ങള്‍ക്കു ശേഷം ധോണിയുടെ ചുണക്കുട്ടന്മാര്‍ ചരിത്രം ആവര്‍ത്തിച്ചു. ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച് കൊണ്ടു മഹേന്ദ്ര സിംഗ് ധോണി അടിച്ച സിക്സര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ അവിസ്മരണീയമായ ക്യാപ്റ്റന്‍സ് നോക്ക് ആയി. ധോണിയാണ് മാന്‍ ഓഫ് ദ മാച്ച്. യുവരാജ് സിംഗ് മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യക്കാരെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് ഇന്ത്യന്‍ ഇന്നിംഗ്സ് തുടങ്ങിയത്. സുനാമി പോലെ ആഞ്ഞടിച്ച ലസിത് മലിങ്കയുടെ പന്തേറില്‍ ഇന്നിംഗ്സിലെ രണ്ടാം ബോളില്‍ എല്‍. ബി. ഡബ്ല്യു. ആയി വീരേന്ദ്ര സെഹ്വാഗ് പുറത്തായപ്പോള്‍ ആവേശം കൊണ്ട് ആര്‍ത്തു വിളിച്ച ഗാലറികള്‍ ഒരു നിമിഷം കൊണ്ട് നിശബ്ദമായി.
മലിങ്കയുടെ സുനാമിക്ക് മുന്‍പില്‍ വെറും 18 റണ്ണിനു സച്ചിനും ഔട്ടായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ പരുങ്ങലില്‍ ആയി. ഗാലറിയില്‍ വിഷണ്ണനായി കാണപ്പെട്ട രജനീകാന്ത് കായിക ഇന്ത്യയുടെ ആശങ്കയുടെ പ്രതീകമായി.
275 റണ്സ് എന്ന വിജയ ലക്‌ഷ്യം ദുഷ്കരമായി എന്ന് തോന്നി തുടങ്ങിയപ്പോഴാണ് ഗൌതം ഗംഭീര്‍ – വിരാട് കൊഹലി എന്നിവരുടെ വിവേക പൂര്‍ണ്ണമായ കൂട്ടുകെട്ടില്‍ നിന്നും ഗംഭീറിന്റെ അര്‍ദ്ധ സെഞ്ച്വറി പിറവി എടുത്തത്. ഗാലറികള്‍ വീണ്ടും സജീവമായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ വീണ്ടും ഉണര്‍ന്നു. കൊഹ്‌ലി 35 റണ്‍സ് നേടി. സെഞ്ച്വറിയ്ക്ക് വെറും മൂന്നു റണ്‍ ബാക്കി ഉള്ളപ്പോഴാണ് ഗംഭീര്‍ ഔട്ട് ആയത്. പിന്നീട് വന്ന യുവരാജ് സിംഗ് – ധോണി കൂട്ടുകെട്ട് ഉജ്ജ്വലമായ ക്രിക്കറ്റാണ് കാഴ്ച വെച്ചത്. ധോണിയുടെ സിക്സര്‍ ക്യാപ്റ്റന്‍സ് നോക്ക് ആയതോടെ ഇന്ത്യ വിജയം കണ്ടെത്തുകയും ചെയ്തു. 6 വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചു ലോകകപ്പ് കിരീടം ചൂടിയത്.
ഇതാദ്യമായാണ് ഒരു ആതിഥേയ രാഷ്ട്രം ലോകകപ്പ് നേടുന്നത്. ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ഫൈനലില്‍ കളിച്ചു എന്ന പ്രത്യേകതയും ശ്രീശാന്തിന്റെ പങ്കാളിത്തത്തോടെ ഈ വിജയത്തിനുണ്ട്.
ഒരു കോടി രൂപ ബി.സി.സി.ഐ. ഓരോ കളിക്കാരനും സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, കായികം, ക്രിക്കറ്റ്, ബഹുമതി