മ്യാന്‍മാര്‍ : അത്യപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന വെള്ള ആനയെ മ്യാന്മാറില്‍ കണ്ടെത്തി എന്ന് പട്ടാള ഭരണകൂടം അവകാശപ്പെട്ടു. മ്യാന്മാറിലെ പടിഞ്ഞാറന്‍ തീര ദേശ സംസ്ഥാനമായ റാഖിനിലാണ് ഈ വെളുത്ത പിടിയാനയെ കണ്ടെത്തിയത്. ഇതിനെ അധികൃതര്‍ കീഴ്പ്പെടുത്തിയതായ് മ്യാന്മാറില്‍ നിന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏഴടി രണ്ടിഞ്ച് പൊക്കമുള്ള ആനയ്ക്ക് ഏതാണ്ട് 38 വയസു പ്രായം കണക്കാക്കുന്നു.
വെള്ളാന രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള മൃഗമാണ് മ്യാന്മാറില്‍. വെള്ളാനയുടെ പ്രത്യക്ഷപ്പെടല്‍ വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റത്തെ സൂചിപ്പിക്കുന്നു എന്നാണു ഇവിടത്തെ വിശ്വാസം. കഴിഞ്ഞ 48 വര്‍ഷമായി പട്ടാള ഭരണത്തിന് കീഴിലുള്ള ഇവിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് എന്ന് നടക്കും എന്ന് ഇനിയും തീരുമാനമായിട്ടില്ല.
അധികാരത്തിന്റെയും നീതിപൂര്‍വമായ ഭരണത്തിന്റെയും പ്രതീകമാണ് വെള്ളാന എന്ന വിശ്വാസം നിലവിലുള്ള മ്യാന്‍മറില്‍ വെള്ളാനയെ കണ്ടെത്തിയതായി പട്ടാള ഭരണകൂടം അവകാശപ്പെടുന്നത് തങ്ങളുടെ ഭരണത്തിന് പിന്തുണ ലഭിക്കാന്‍ വേണ്ടിയാണെന്നാണ് പ്രതിപക്ഷം പറയുന്നത്. ഇതിനു മുന്‍പ് 2001 ലും 2002 ലും ഇത് പോലെ വെള്ളാനയെ കണ്ടെത്തിയതായി പട്ടാളം അവകാശപ്പെട്ടിരുന്നു.
pachyderm എന്ന ഈ വെള്ളാനകളെ albino elephant എന്നും വിളിക്കുന്നു. ഔദ്യോഗികമായി മൂന്നു വെള്ളാനകളാണ് സര്‍ക്കാരിന്റെ പക്കലുള്ളത്. ഒരു കൊമ്പനും രണ്ടു പിടിയാനകളും. 18 വയസ്സുകാരനായ കൊമ്പന്റെ പേര്‍ യസ ഗഹ തിരി പിസ്സായ ഗസ യസ എന്നും 32 കാരിയായ പിടിയാനയുടെ പേര്‍ തീങ്കി മാല എന്നും 15 കാരിയായ പിടിയാനയുടെ പേര്‍ യതി മാല എന്നുമാണ്.
നേരത്തെ ഭരണത്തില്‍ ഉണ്ടായിരുന്ന പ്രധാനമന്ത്രി ജനറല്‍ ഖിന്‍ ന്യൂണ്ടിന്റെ കാലത്ത് ഈ വെള്ളാനകള്‍ക്ക് നല്ല പരിചരണം ലഭിച്ചിരുന്നു. മാത്രമല്ല നല്ല ശകുനമായി ഇവയെ കണ്ട് പുണ്യാഹം തളിച്ചു ഇവയെ പൂജിക്കുന്ന പതിവും അന്നുണ്ടായിരുന്നു. പലപ്പോഴും പ്രധാന മന്ത്രി നേരിട്ട് തന്നെ പരിവാര സമേതം ഈ പൂജകള്‍ നടത്താന്‍ വെള്ളാനകളെ സൂക്ഷിക്കുന്ന റോയല്‍ വൈറ്റ് എലിഫന്റ് ഗാര്‍ഡനില്‍ എത്താറുണ്ടായിരുന്നു.
എന്നാല്‍ ഭരണം മാറിയതോടെ ആരും ഇവിടേയ്ക്ക് തിരിഞ്ഞു നോക്കാതായി. അടുത്തയിടെ മുന്‍ പ്രധാനമന്തി വെള്ളാനകളെ പുണ്യാഹം തളിക്കുന്ന ഫോട്ടോകള്‍ ഇവിടെ നിന്നും നീക്കം ചെയ്യുകയുമുണ്ടായി. പകരം ഇപ്പോഴത്തെ പട്ടാള മേധാവിയുടെ ഭാര്യ വെള്ളാനകളെ അനുഗ്രഹിക്കുന്ന ഒരു ഫോട്ടോ ഇവിടെ പ്രതിഷ്ടിച്ചു. കൂടെ ഒരു കുറിപ്പും – “ഒരു മഹാനായ ഭരണാധികാരിയുടെ കാലത്ത് മാത്രമാണ് വെള്ളാനകള്‍ കാണപ്പെടുന്നത്. രാജ്യത്തിന്റെ സമ്പല്‍ സമൃദ്ധിയുടെ പ്രതീകമാണ് വെള്ളാനകള്‍.”