മംഗലാപുരം : ഒരു വലിയ പൊട്ടിത്തെറി കേട്ടത് ഓര്‍ക്കുന്നു അബ്ദുള്ള പുട്ടൂര്‍ ഇസ്മായില്‍. അതോടൊപ്പം വിമാനം രണ്ടു കഷ്ണമായി പിളര്‍ന്നു. 19A എന്ന തന്റെ സീറ്റ് വിമാനത്തിന്റെ ഇടതു ഭാഗത്ത് ജനാലയുടെ അടുത്തായിരുന്നു. വിമാനത്തിന്റെ ചക്രങ്ങള്‍ നിലത്ത് സ്പര്‍ശിച്ചു മൂന്നു മിനിട്ടോളം വിമാനം നിലത്ത് കൂടെ നീങ്ങിയത്തിനു ശേഷമാണ് താഴേയ്ക്ക് വീഴുന്നത് പോലെ അനുഭവപ്പെട്ടത്. അപ്പോഴാണ് വിമാനത്തിന്റെ വലതു വശം പിളരുന്നത് കണ്ടത്. കാലിനു കീഴെ തീ പിടിച്ചതും പെട്ടെന്നായിരുന്നു. പല സ്ഥലങ്ങളിലായി വിമാനം തകരുകയും മധ്യ ഭാഗത്തായി വലിയൊരു പിളര്‍പ്പ് ഉണ്ടാവുകയും ചെയ്തു. അതോടെ വിമാനത്തില്‍ നിന്നും പുറത്തു ചാടാന്‍ തീരുമാനിച്ചു. മധ്യ ഭാഗത്തെ വലിയ പിളര്പ്പിലൂടെ താന്‍ പുറത്തേക്ക് എടുത്തു ചാടി.
മംഗലാപുരത്ത് ഇന്നലെ തകര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട എട്ടു പേരില്‍ ഒരാളാണ് ദുബായിലെ ഇബന്‍ ബത്തൂത്ത മോളിലെ ഒരു ഫാഷന്‍ കടയില്‍ സ്റ്റോര്‍ മാനേജരായ 37 കാരനായ അബ്ദുള്ള. താന്‍ രക്ഷപ്പെട്ട സാഹചര്യം ടെലഫോണ്‍ വഴി e പത്രവുമായി പങ്കു വെയ്ക്കുകയായിരുന്നു അദ്ദേഹം.
അബ്ദുള്ള ആശുപത്രിയില്‍ ചികില്‍സയില്‍
പുറത്തേക്കു ചാടിയ അബ്ദുള്ള കനത്ത ഒരു കാട്ടിലാണ് എത്തിയത്. കുറച്ചു ദൂരം നടക്കുകയും താഴേയ്ക്ക് ഇറങ്ങുകയും ചെയ്ത ഇദ്ദേഹം പെട്ടെന്ന് താഴേയ്ക്ക് വീണു. ഇറക്കത്തില്‍ വീണുരുണ്ട് മരച്ചില്ലകളിലും മറ്റും തട്ടി തെറിച്ചു വീണു. കയ്യും കാലുമെല്ലാം പൊട്ടി വേദനിച്ചു. എങ്കിലും താന്‍ നടത്തം തുടര്‍ന്നു.
ഏതാണ്ട് അര കിലോമീറ്ററോളം എങ്കിലും നടന്നു കാണും. അപ്പോഴേയ്ക്കും ഏതാനും പേര്‍ ഇദ്ദേഹത്തിന്റെ സഹായത്തിനായി ഓടിയെത്തി. അവര്‍ തനിക്ക് വെള്ളം തന്നു എന്നും തന്നെ ഏറെ സഹായിച്ചു എന്നും അബ്ദുള്ള കൃതജ്ഞതയോടെ ഓര്‍ക്കുന്നു. അവശനായിരുന്ന താന്‍ പറഞ്ഞു കൊടുത്ത ഫോണ്‍ നമ്പരില്‍ അവര്‍ തന്റെ ഭാര്യയെ വിളിച്ചു, തനിക്ക് വേണ്ടി അവരെ സമാശ്വസിപ്പിക്കുകയും ചെയ്തു.
തന്റെ ഭാര്യയും, ഭാര്യാ പിതാവും, മകളും, സഹോദരനും കൂടി തന്നെ സ്വീകരിക്കാനായി വിമാന ത്താവളത്തിലേക്ക് വരുന്ന വഴിയിലാണ് അവര്‍ക്ക് ഫോണ്‍ സന്ദേശം ലഭിച്ചത്. തനിക്ക് “ചെറിയ പരിക്ക്” ഏറ്റു എന്ന സന്ദേശം അവരെ നേരിയ തോതില്‍ ആശയ കുഴപ്പത്തില്‍ ആക്കി.
ഞങ്ങള്‍ ശരിക്കും ആശയ കുഴപ്പത്തിലായി എന്ന് അബ്ദുല്ലയുടെ സഹോദരന്‍ മൊഹമ്മദ് താഹ പറയുന്നു. “നിങ്ങളുടെ സഹോദരന്‍ ഞങ്ങളോടൊപ്പം ഉണ്ട്. അദ്ദേഹം സഞ്ചരിച്ച വിമാനത്തിന് തീ പിടിച്ചു. എന്നാല്‍ അദ്ദേഹത്തിന് കുഴപ്പം ഒന്നുമില്ല”. ഇതായിരുന്നു തങ്ങള്‍ക്കു ലഭിച്ച ഫോണ്‍ സന്ദേശം.
അബ്ദുള്ളയെ രക്ഷിച്ച ആളുകള്‍ അദ്ദേഹത്തെ വിമാന താവളത്തില്‍ എത്തിക്കുകയും പിന്നീട് അദ്ദേഹത്തെ മംഗലാപുരത്ത് കെ. എസ്. ഹെഗ്ടെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
കൈ കാലുകളിലും മുഖത്തും ചെറിയ പൊള്ളലുകള്‍ ഏറ്റ അബ്ദുള്ള സുഖം പ്രാപിച്ചു വരുന്നു.