ബറക് ഒബാമ അമേരിക്കന്‍ പ്രസിഡണ്ട് ആവുന്നതിന് മുന്‍പും ശേഷവും തനിക്ക് ദിവസേന കിട്ടുന്ന മര്‍ദ്ദനം അതേ പോലെ തുടരുന്നു എന്ന് കുപ്രസിദ്ധമായ ഈ അമേരിക്കന്‍ തടവറയില്‍ നിന്നും ഫോണില്‍ സംസാരിച്ച ഒരു തടവുകാരന്‍ വെളിപ്പെടുത്തി. ആഫ്രിക്കയിലെ സുഡാന്‍, നൈജര്‍ എന്നീ രാജ്യങ്ങളുടെ ഇടയില്‍ സ്ഥിതി ചെയ്യുന്ന ഷാഡ് എന്ന രാജ്യത്തില്‍ നിന്നുമുള്ള മുഹമ്മദ് അല്‍ ഖുറാനി എന്ന തടവുകാരനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
തീവ്രവാദ കുറ്റത്തില്‍ നിന്നും വിമുക്തമാക്കിയ തടവുകാര്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ഒരു ബന്ധുവിനെ ഫോണില്‍ വിളിക്കുവാന്‍ ഇവിടെ അനുവാദം ഉണ്ട്. ഇങ്ങനെ ഫോണില്‍ ബന്ധുവുമായി സംസാരിക്കുന്നതിന് ഇടയില്‍ ബന്ധു ഫോണ്‍ അല്‍ ജസീറയുടെ റിപ്പോര്‍ട്ടര്‍ക്ക് കൈമാറുകയും അങ്ങനെ ഈ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് വെളിപ്പെടുകയും ആണ് ഉണ്ടായത്.

കുറ്റവിമുക്തം ആക്കപ്പെട്ടതിനു ശേഷവും തന്നെ നടക്കുവാനോ സാധാരണ ഭക്ഷണം കഴിക്കുവാനോ അനുവദിക്കാഞ്ഞതില്‍ താന്‍ പ്രതിഷേധിച്ചു. ഇതിനെ തുടര്‍ന്ന് ആറ് പട്ടാളക്കാര്‍ സുരക്ഷാ കവചങ്ങളും മുഖം മൂടികളും ഒക്കെ ധരിച്ച് തന്റെ മുറിയില്‍ കയറി വന്ന് രണ്ട് കാന്‍ കണ്ണീര്‍ വാതകം പൊട്ടിച്ചു. വാതകം അറയില്‍ നിറഞ്ഞപ്പോള്‍ തനിക്ക് ശബ്ദിക്കുവാനോ കണ്ണ് തുറന്നു പിടിക്കുവാനോ കഴിയാതെ ആയി. ഇരു കണ്ണുകളില്‍ നിന്നും കണ്ണീര്‍ വരുവാനും തുടങ്ങി. തുടര്‍ന്ന് റബ്ബര്‍ ദണ്ട് കോണ്ട് തനിക്ക് പൊതിരെ തല്ല് കിട്ടി. ഒരാള്‍ തന്റെ തല പിടിച്ച് തറയില്‍ ഇടിച്ചു കൊണ്ടിരുന്നു. താന്‍ അലറി കരഞ്ഞു കോണ്ട് പട്ടാളക്കാരുടെ നേതാവിനോട് പരാതിപ്പെട്ടപ്പോള്‍ അവര്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്യുന്നത് എന്നായിരുന്നു പൊട്ടിച്ചിരിച്ചു കൊണ്ട് അയാളുടെ പ്രതികരണം എന്നും ഖുറാനി പറയുന്നു.

ഏതാണ്ട് 240 തടവുകാരാണ് ഇപ്പോള്‍ ഈ തടവറയില്‍ കഴിയുന്നത്. ഇതില്‍ പലരും കുറ്റം പോലും ചുമത്തപ്പെടാതെയാണ് കഴിഞ്ഞ ഏഴു വര്‍ഷമായി ഇവിടെ അകപ്പെട്ടിരിക്കുന്നത്. 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് ഇസ്ലാമിക ഭീകരര്‍ക്ക് എതിരെ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷ് പ്രഖ്യാപിച്ച സന്ധിയില്ലാ യുദ്ധത്തിന്റെ ഭാഗം ആയാണ് ക്യൂബയിലെ അമേരിക്കന്‍ പട്ടാള ക്യാമ്പില്‍ ഈ തടവറ നിര്‍മ്മിക്കപ്പെട്ടത്. സ്ഥാനമേറ്റ ഉടന്‍ ഇവിടത്തെ ഓരോ തടവുകാരന്റേയും കേസ് വിശദമായി പരിശോധിക്കും എന്നും 2010 ഓടെ ഈ തടവറ അടച്ചു പൂട്ടും എന്നും ഒബാമ പ്രഖ്യാപിച്ചിരുന്നു.



ശ്രീലങ്കയിലെ യുദ്ധ ഭൂമിയില്‍ ഒരു ലക്ഷത്തോളം ജനങ്ങളുടെ ജീവന്‍ അപകടത്തിലാണ് എന്ന് ഐക്യ രാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി. ഇവിടെ ശ്രീലങ്കന്‍ സൈന്യം അവസാന ഘട്ട ആക്രമണത്തിനുള്ള തയ്യാറെടുപ്പിലാണ്. സംഘര്‍ഷ പ്രദേശത്ത് കുടുങ്ങി പോയ തമിഴ് വംശജരുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ തങ്ങള്‍ക്കുള്ള ആശങ്ക ഐക്യ രാഷ്ട്ര സഭയുടെ ഒരു സമുന്നത ഉദ്യോഗസ്ഥന്‍ ആണ് വെളിപ്പെടുത്തിയത്. ശ്രീലങ്കന്‍ സൈന്യം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച യുദ്ധ നിരോധിത മേഖലയെ മാനിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
താലിബാനുമായി സന്ധി ചെയ്തതിന്റെ തിക്ത ഫലങ്ങള്‍ പാക്കിസ്ഥാന്‍ അനുഭവിച്ചു തുടങ്ങിയതിന്റെ സൂചനയായി ലോകമെമ്പാടും കഴിഞ്ഞ ദിവസം പ്രചരിച്ച ഒരു മൊബൈല്‍ ഫോണ്‍ വീഡിയോ ചിത്രം. പതിനേഴു കാരിയായ ഒരു പെണ്‍ കുട്ടിയെ താലിബാന്‍ ഭീകരര്‍ പൊതു സ്ഥലത്ത് തറയില്‍ കമിഴ്ത്തി കിടത്തി പൊതിരെ തല്ലുന്നതിന്റെ വീഡിയോ ചിത്രമാണ് ലോകത്തെ നടുക്കിയത്. ഈ പെണ്‍ കുട്ടി തന്റെ ഭര്‍ത്താവ് അല്ലാത്ത ഒരു പുരുഷനോടൊപ്പം വീടിനു വെളിയില്‍ ഇറങ്ങി എന്ന കുറ്റത്തിനാണ് ഈ കുട്ടിയെ ഇങ്ങനെ പൊതു സ്ഥലത്ത് വെച്ച് 34 അടി നല്‍കാന്‍ താലിബാന്‍ വിധിച്ചത്. ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് പകരമായി സ്വാത് താഴ്വരയില്‍ ശരിയത്ത് നിയമം നടപ്പിലാക്കാന്‍ ഉള്ള അധികാരം സന്ധിക്കുള്ള നിബന്ധനയായി താലിബാന്‍ കഴിഞ്ഞ ഫെബ്രുവരി 15ന് നേടി എടുത്തിരുന്നു. ഇതോടെ സ്വാത് താഴ്വരയിലെ ജനത്തിന്റെ ജീവിതം പൂര്‍ണ്ണമായും താലിബാന്റെ ഭീകരരുടെ ദയയിലായി.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി തിരക്കിട്ട് നടപ്പിലാക്കിയ പുതിയ വനിതാ നിയമം അഫ്ഗാനിലെ സ്ത്രീകളുടെ നില താലിബാന്‍ ഭരണത്തിനു കീഴില്‍ ഉണ്ടായതിനേക്കാള്‍ പരിതാപകരം ആക്കിയിരിക്കുന്നു. ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ ഈ നിയമം ഐക്യ രാഷ്ട്ര സഭയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും അഫ്ഗാന്‍ ഭരണ ഘടനക്കും വിരുദ്ധം ആണെന്ന് പറയുന്നു. അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റിലെ വനിതാ അംഗങ്ങളും ഈ നിയമത്തിന് എതിരെ ശക്തമായ് രംഗത്ത് വന്നിട്ടുണ്ട്. ശരിയാം വണ്ണം ചര്‍ച്ച ചെയ്യാന്‍ സമയം നല്‍കാതെ തിരക്കിട്ട് ഈ നിയമം പാസ്സാക്കി എടുക്കുകയായിരുന്നു എന്ന് ഇവര്‍ പറയുന്നു.
താലിബാന്റെ അധീനതയില്‍ ഉള്ള പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ പാക്കിസ്ഥാനും താലിബാനും തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ സൈന്യം ഒഴിഞ്ഞു പോയതോടെ താലിബാന്റെ അഴിഞ്ഞാട്ടം ശക്തമായതായി അവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2001ല്‍ അഫ്ഗാനിസ്ഥാനില്‍ നിലവില്‍ ഉണ്ടായിരുന്ന അവസ്ഥയാണ് ഇപ്പോള്‍ ഇവിടെ. താലിബാന്‍ നിയോഗിച്ച തല മൂടിയ പ്രത്യേക ശരിയത്ത് പോലീസ് സ്വാത് താഴ്വരയാകെ അടക്കി ഭരിച്ച് ഇസ്ലാമിക നിയമത്തിന്റെ താലിബാന്‍ പതിപ്പ് നടപ്പിലാക്കി വരികയാണ്.
ഇറാഖില്‍ അമേരിക്കന്‍ സൈന്യത്തിന്റെ അതിക്രമങ്ങളും ആഭ്യന്തര യുദ്ധവും കെട്ടടങ്ങി വരുന്നു എന്ന് പറയുമ്പോഴും ഇവിടത്തെ സ്ത്രീകളുടെ നില ഇപ്പോഴും പരിതാപകരം തന്നെ എന്ന് അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8ന് പുറത്തിറങ്ങിയ ഒരു പഠനം സൂചിപ്പിക്കുന്നു. ഓക്സ്ഫാം എന്ന ഒരു ബ്രിട്ടീഷ് ദുരിതാശ്വാസ ഏജന്‍സിയാണ് ഈ പഠനം നടത്തിയത്. 2003ല്‍ തുടങ്ങിയ അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് രാജ്യത്ത് സംജാതമായ അരക്ഷിതാവസ്ഥയും കടുത്ത ദാരിദ്ര്യവും മൂലം ഇറാഖിലെ വനിതകള്‍ നിശ്ശബ്ദമായ ഒരു തരം അടിയന്തരാവസ്ഥ നേരിട്ട് കൊണ്ടിരിക്കുകയാണ് എന്ന് ഓക്സ്ഫാം പറയുന്നു. ഇറാഖിന്റെ പുനര്‍ നിര്‍മ്മാണത്തിനു വേണ്ടി കോടി ക്കണക്കിന് ഡോളര്‍ ചിലവഴിക്കുമ്പോഴും ഈ സ്ത്രീകളുടെ കാര്യം ഏവരും വിസ്മരിക്കുന്നു. പഠനത്തിനു വിധേയമായ സ്ത്രീകളില്‍ നാലില്‍ ഒന്ന് പേര്‍ക്കും ദിവസേന ആവശ്യമായ കുടി വെള്ളം പോലും ലഭിക്കുന്നില്ല. മൂന്നിലൊന്ന് സ്ത്രീകള്‍ക്ക് തങ്ങളുടെ കുട്ടികളെ സ്കൂളില്‍ അയക്കാന്‍ സാധിക്കുന്നില്ല. ഇവരില്‍ പകുതി പേരും ഇപ്പോഴും അമേരിക്കന്‍ സൈനികരുടേയും, ചാവേറുകളുടേയും, ഇറാഖി പോലീസിന്റേയും, മത തീവ്രവാദികളുടേയും, പ്രാദേശിക ഗുണ്ടകളുടേയും പക്കല്‍ നിന്ന്‍ ബലാസംഗം, ശാരീരികമായ പീഡനം, തട്ടി കൊണ്ട് പോകല്‍ എന്നിങ്ങനെയുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാവുകയും ചെയ്യുന്നു. മുക്കാല്‍ ഭാഗത്തോളം സ്ത്രീകള്‍ക്ക് തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട കഥയാണ് പറയുവാന്‍ ഉള്ളത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇറാഖ് സര്‍ക്കാര്‍ പ്രതി ദിനം 50 രൂപ പെന്‍ഷന്‍ പ്രഖ്യാപിച്ചത് ഇവരില്‍ 75 ശതമാനത്തിനും ഇതു വരെ ലഭിച്ചിട്ടുമില്ല.
യു.എ.ഇ.യില്‍ മനുഷ്യാവകാശ സംരക്ഷണം പരാജയമാണെന്ന അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട് മെന്‍റിന്‍റെ അഭിപ്രായത്തെ യു.എ.ഇ. വിമര്‍ശിച്ചു. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതും സാമാന്യ വത്ക്കരിച്ചു കൊണ്ടുമുള്ള റിപ്പോര്‍ട്ടാണ് യു.എസ്. പുറത്തിറക്കി യിരിക്കുന്നതെന്ന് യു.എ.ഇ. വിദേശ കാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. 2008 ലെ ആഗോള മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് യു.എ.ഇ.യിലെ സ്ഥിതി നിരാശാ ജനകമാണെന്ന് പരാമര്‍ശിക്കുന്നത്. രാഷ്ട്രീയ പങ്കാളിത്തം, നീതി ന്യായ വ്യവസ്ഥ, സ്ത്രീകളുടെ അവകാശം എന്നീ മേഖലകളിലാണ് യു.എ.ഇ. പരാജയ പ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ രാജ്യത്തിന്‍റെ തുറന്ന സമീപനവും സഹിഷ്ണുതയും മനസിലാക്കുന്നതിലും യഥാര്‍ത്ഥ ചിത്രം പകര്‍ത്തുന്നതിലും അമേരിക്കന്‍ റിപ്പോര്‍ട്ട് പരാജയപ്പെട്ടു വെന്നാണ് യു.എ.ഇ. വിദേശ കാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടത്.
വ്യത്യസ്തവും വൈവിധ്യവും ആയ സമൂഹങ്ങളേയും സംസ്ക്കാരങ്ങളേയും തങ്ങളുടെ മണ്ണിലേക്ക് എന്നും സ്വാഗതം ചെയ്യുകയും, അവരുടെ സാമൂഹ്യ സാംസ്ക്കാരിക സ്വത്വം നഷ്ടപ്പെടാതെ തങ്ങളുടെ പൊതു സാമൂഹിക ധാരയില്‍ നില നില്‍ക്കുകയും ചെയ്യുവാന്‍ കഴിയുന്ന വിശാലമായ സാമൂഹിക കാഴ്ച്ചപ്പാടിനും സഹിഷ്ണുതക്കും പേര് കേട്ട ആസ്ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് നേരെ അടുത്ത കാലത്ത് നടന്ന വംശീയ ആക്രമണങ്ങളെ നേരിടുന്ന ശ്രമത്തിന്റെ ഭാഗമായി മെല്‍ബോണിലെ പോലീസ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇന്ത്യാക്കാര്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ആസ്ത്രേലിയയില്‍ “കറി ബാഷിങ്” എന്നാണ് അറിയപ്പെടുന്നത്.
ലോകത്തിലെ ആദ്യത്തെ സ്വവര്‍ഗ്ഗ രതിക്കാരി പ്രധാന മന്ത്രിയായി ഐസ് ലാന്‍ഡിലെ ജോഹന്ന സിഗുവദര്‍ദോട്ടിര്‍ സ്ഥാനമേറ്റു. മെയ് മാസം തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ ഇവര്‍ പ്രധാന മന്ത്രിയുടെ ചുമതലകള്‍ നിര്‍വ്വഹിക്കും. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയതിനെ തുടര്‍ന്ന് ഭരണത്തില്‍ ഇരുന്ന സര്‍ക്കാര്‍ രാജി വെച്ച സാഹചര്യത്തില്‍ ആണ് ഐസ് ലാന്‍ഡിലെ ഏറ്റവും കൂടുതല്‍ കാലം പാര്‍ലമെന്റ് അംഗം ആയിരുന്ന ഇവര്‍ പ്രധാന മന്ത്രി സ്ഥാനം ഏറ്റെടുത്തറ്റ്. നേരത്തെ ഇവര്‍ സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി ആയിരുന്നു. സ്വവര്‍ഗ്ഗ രതിക്ക് തുറന്ന പിന്തുണ നല്‍കുന്ന, സ്വവര്‍ഗ്ഗ രതിക്കാരിയാണ് താന്‍ എന്ന് തുറന്നു സമ്മതിക്കുന്ന ഇവര്‍ അധികാരത്തില്‍ എത്തുന്നതിനെ ബ്രിട്ടനിലെ സ്വവര്‍ഗ്ഗ രതിക്കാരുടെ അവകാശ സംരക്ഷണത്തിനുള്ള സംഘടനകള്‍ സ്വാഗതം ചെയ്തു. അമേരിക്കയില്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ അധികാരത്തില്‍ ഏറിയ അവസരത്തില്‍ ഇങ്ങനെ ഒരു കാര്യം ഇവിടെ സംഭവിച്ചത് ശുഭ സൂചകം ആണ് എന്നാണ് ഇവരുടെ അഭിപ്രായം.
വളരെ ഏറെ കാലം ഏകാധിപത്യ ഭരണത്തിന് കീഴില്‍ ആയിരുന്ന ഗിനിയില്‍ പട്ടാളം ഭരണം പിടിച്ചെടുത്തു. കഴിഞ്ഞ 24 വര്‍ഷം ഗിനിയില്‍ ഏകാധിപത്യ ഭരണം നടത്തിയ പ്രസിഡന്റ് ലന്സാനാ കൊണ്ടേ തിങ്കളാഴ്ച രാത്രി അന്തരിച്ചതിനു തൊട്ടു പിന്നാലെയാണ് പട്ടാളം ഭരണം പിടിച്ചെടുത്തതായി പ്രഖ്യാപിച്ചത്. ദേശീയ ജനാധിപത്യ കൌണ്‍സില്‍ എന്നു സ്വയം വിശേഷിപ്പിച്ചാണ് പട്ടാളം രാജ്യത്തിന്റെ അധികാരം തങ്ങള്‍ പിടിച്ചെടുത്തതായി ദേശീയ ടെലിവിഷനിലും റേഡിയോയിലും പ്രഖ്യാപിച്ചത്. ഉടന്‍ തന്നെ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തും എന്നും പട്ടാളം അറിയിച്ചിട്ടുണ്ട്.
























