അനുരാധാ കൊയ്‌രാള സി. എന്‍. എന്‍. ഹീറോ ഓഫ് ദ ഇയര്‍

November 25th, 2010

anuradha-koirala-epathram

കാഠ്മണ്ഡു: സി. എന്‍. എന്‍. ഹീറോ ഓഫ് ദ ഇയര്‍ പുരസ്കാരം നേപ്പാളി സ്വദേശിനിയും സാമൂഹ്യ പ്രവര്‍ത്തകയുമായ അനുരാധാ കൊയ്‌രാളയ്ക്ക് ലഭിച്ചു. ലൈംഗിക തൊഴിലാളികളെ പുനരധിവ സിപ്പിക്കുവാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ മുന്‍ നിര്‍ത്തിയാണ് അനുരാധ കൊയ്‌രാളയെ തിരഞ്ഞെടുത്തത്. ഒരു ലക്ഷം ഡോളറാണ് സമ്മാ‍നത്തുക.  ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ ആയിരുന്നു സമ്മാനാര്‍ഹയെ നിശ്ചയിച്ചത്.

മൈഥി നേപ്പാള്‍ എന്ന സംഘടനയുടെ നേതാക്കളില്‍ ഒരാളാണ് അനുരാധാ കൊയ്‌രാള.

പല കാരണങ്ങളാല്‍ വേശ്യാ വൃത്തിയിലേക്ക് എത്തപ്പെടുന്ന ആയിര ക്കണക്കിനു സ്ത്രീകളെ ഇവര്‍ അതില്‍ നിന്നും രക്ഷപ്പെടുത്തി പുനരധിവസിപ്പിച്ചിട്ടുള്ള നേപ്പാളിലെ പ്രധാനപ്പെട്ട എന്‍. ജി. ഓ. കളില്‍ ഒന്നാണ് മൈഥി നേപ്പാള്‍‍.

സി. എന്‍. എന്‍. 2010ലെ ഹീറോ ഓഫ് ദി ഇയര്‍ മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗോള തലത്തില്‍ തെരഞ്ഞെടുക്കപെട്ട പത്തു പേരില്‍ ഇന്ത്യയില്‍ നിന്നും മധുര നിവാസിയായ നാരായണന്‍ കൃഷ്ണനും ഉള്‍പ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അസ്സാന്‍ജെയെ അറസ്റ്റ്‌ ചെയ്യാന്‍ ഉത്തരവ്‌

November 19th, 2010

Julian-Assange-wikileaks-ePathram

സ്റ്റോക്ക്‌ഹോം : വിക്കി ലീക്ക്സ്‌ സ്ഥാപകന്‍ ജൂലിയന്‍ അസ്സാന്‍ജെയ്ക്കെതിരെ സ്വീഡിഷ്‌ കോടതി അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചു. ലൈംഗിക പീഡനം, ബലാല്‍സംഗം എന്നീ കുറ്റങ്ങള്‍ക്കാണ് അസ്സാന്‍ജെയെ അറസ്റ്റ്‌ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. അസ്സാന്‍ജെ സ്വീഡനില്‍ ഇല്ലാത്തതിനാല്‍ അസ്സാന്‍ജെയെ പിടികൂടാനായി അന്താരാഷ്‌ട്ര വാറന്റ് പുറപ്പെടുവിക്കും എന്ന് സ്വീഡന്‍ അറിയിച്ചു.

അസ്സാന്‍ജെ ഓഗസ്റ്റില്‍ സ്വീഡന്‍ സന്ദര്‍ശിച്ച വേളയില്‍ രണ്ടു സ്ത്രീകളുമായി നടന്ന കൂടിക്കാഴ്ചയാണ് കേസിന് ആസ്പദമായത്. എന്നാല്‍ ഈ ആരോപണം അസ്സാന്‍ജെ നിഷേധിച്ചിട്ടുണ്ട്. ഇറാഖ്‌ യുദ്ധ കാലത്തെയും അഫ്ഗാന്‍ യുദ്ധ കാലത്തെയും അമേരിക്കന്‍ സൈന്യത്തെ സംബന്ധിക്കുന്ന രഹസ്യ രേഖകള്‍ വന്‍ തോതില്‍ പരസ്യപ്പെടുത്തിയ വിസില്‍ ബ്ലോവര്‍ (whistleblower) വെബ് സൈറ്റായ വിക്കി ലീക്ക്സ്‌ അമേരിക്കന്‍ സൈനിക കേന്ദ്രമായ പെന്റഗണ് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. തങ്ങളുടെ സൈന്യത്തെ സംബന്ധിക്കുന്ന രഹസ്യ രേഖകള്‍ എത്രയും പെട്ടെന്ന് ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യുവാന്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ്‌ വിക്കി ലീക്ക്സിനോട് ആവശ്യപ്പെട്ടുവെങ്കിലും അസ്സാന്‍ജെ ഈ ആവശ്യം നിരാകരിച്ചു. ഇതിനു പ്രതികാരമായിട്ടാണ് അമേരിക്കന്‍ ചാര സംഘടന അസ്സാന്‍ജെയ്ക്കെതിരെ കള്ളക്കേസ്‌ ചമച്ചത് എന്നാണ് കരുതപ്പെടുന്നത്. അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിക്കി ലീക്ക്സ്‌ വെബ് സൈറ്റിന്റെ ചില സെര്‍വറുകള്‍ സ്ഥിതി ചെയ്യുന്ന സ്വീഡനില്‍ അസ്സാന്‍ജെയ്ക്ക് താമസാവകാശം സ്വീഡന്‍ നിഷേധിച്ചിരുന്നു. ഇന്റര്‍നെറ്റ്‌ സ്വകാര്യത പൂര്‍ണ്ണമായി ഉറപ്പു നല്‍കുന്ന നിയമ പരിരക്ഷയുള്ള രാജ്യമാണ് സ്വീഡന്‍ എന്നതിനാലാണ് വിക്കി ലീക്ക്സ്‌ സെര്‍വറുകള്‍ സ്വീഡനില്‍ സ്ഥാപിച്ചിരുന്നത്.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഔങ് സാന്‍ സൂ ചി മോചിതയായി

November 13th, 2010

aung-san-suu-kyi-epathram
മ്യാന്‍മാര്‍ : കഴിഞ്ഞ പത്തു വര്‍ഷത്തിലേറെ പട്ടാള ഭരണകൂടം തടങ്കലില്‍ പാര്‍പ്പിച്ച മ്യാന്‍മാറിലെ അനിഷേധ്യ പ്രതിപക്ഷ നേതാവ്‌ ഔങ് സാന്‍ സൂ ചി യെ പട്ടാള ഭരണകൂടം മോചിപ്പിച്ചു. തകര്‍ന്നു തുടങ്ങിയ സൂ ചി യുടെ വീടിനു വെളിയില്‍ പട്ടാളം സ്ഥാപിച്ച വേലികള്‍ പൊളിച്ചു മാറ്റി തുടങ്ങിയപ്പോഴേക്കും ആയിര കണക്കിന് അനുയായികള്‍ സൂ ചി യുടെ വീടിനു ചുറ്റും മുദ്രാവാക്യങ്ങളുമായി തടിച്ചു കൂടി. ഉദ്യോഗസ്ഥര്‍ സൂ ചി യുടെ വീട്ടില്‍ ചെന്ന് മോചന ഉത്തരവ് വായിക്കുകയായിരുന്നു.

aung-san-suu-kyi-released-epathram

മോചിതയായ സൂ ചി വീടിനു വെളിയില്‍ കൂടി നില്‍ക്കുന്ന അനുയായികളോട് കൈ വീശുന്നു

ഇതിനു മുന്‍പും പല തവണ സൂ ചി യെ മോചിപ്പിച്ചി രുന്നുവെങ്കിലും അതികം താമസിയാതെ തന്നെ പട്ടാളം ഇവരെ വീണ്ടും തടങ്കലില്‍ ആക്കുകയായിരുന്നു പതിവ്‌.

2200 ലേറെ രാഷ്ട്രീയ തടവുകാര്‍ ഉള്ള മ്യാന്‍മാറില്‍ “ഞങ്ങള്‍ സൂ ചി യുടെ കൂടെ” എന്ന മുദ്രാവാക്യം എഴുതിയ ടീ ഷര്‍ട്ടുകള്‍ അണിഞ്ഞാണ് സൂ ചി യെ ജനം വരവേറ്റത്. സൂ ചി യുടെ വീട്ടില്‍ എത്തിയ ജനത്തിന്റെ ചിത്രം രഹസ്യ പോലീസ്‌ പകര്‍ത്തുന്നതും കാണാമായിരുന്നു.

സൈനിക ഭരണത്തിനെതിരെ ദീര്‍ഘകാലമായി പ്രതിരോധം തുടരുന്ന സൂ ചി യ്ക്ക് ഇതിനിടയില്‍ ഒട്ടേറെ സ്വകാര്യ നഷ്ടങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 1999ല്‍ സൂ ചി യുടെ ബ്രിട്ടീഷുകാരനായ ഭര്‍ത്താവ്‌ മൈക്കല്‍ ആരിസ്‌ ക്യാന്‍സര്‍ ബാധിച്ച് മരിക്കാറായപ്പോഴും സൂ ചി യെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന് പട്ടാളം വിസ അനുവദിച്ചില്ല. ഭാര്യയെ കാണാന്‍ ആവാതെ തന്നെ അദ്ദേഹം മരിച്ചു. പത്തു വര്‍ഷത്തോളമായി സൂ ചി സ്വന്തം മക്കളെ കണ്ടിട്ട്. പേര മക്കളെയാവട്ടെ ഇത് വരെ കണ്ടിട്ടുമില്ല.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മ്യാന്‍മാര്‍ തെരഞ്ഞെടുപ്പ് ഫലം അനിശ്ചിതമായി നീളുന്നു

November 8th, 2010

myanmar-elections-epathram

മ്യവാഡി : മ്യാന്മാറില്‍ 10 വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിന്റെ ഫലത്തിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയങ്ങള്‍ ഇല്ലെങ്കിലും ഫല പ്രഖ്യാപനം അനിശ്ചിതമായി തന്നെ തുടരുന്നു. പട്ടാള ഭരണ കൂടത്തിന്റെ കയ്യില്‍ തന്നെ ഭരണം തുടരും എന്ന് വ്യക്തം ആണെങ്കിലും ഇതുവരെ ഫലം പ്രഖ്യാപിക്കാനോ എന്ന് ഫലം പ്രഖ്യാപിക്കും എന്ന് അറിയിക്കാനോ സര്‍ക്കാര്‍ തയാറായിട്ടില്ല.

തെരഞ്ഞെടുപ്പ്‌ സ്വതന്ത്രമായിരുന്നില്ല എന്നും അന്താരാഷ്ട്രമായി അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെടാതെ നടന്നതാണ് എന്നും അമേരിക്കന്‍ പ്രസിഡണ്ട് ബരാക്‌ ഒബാമ പ്രസ്താവിച്ചു. മ്യാന്മാറില്‍ രാഷ്ട്രീയ മാറ്റം കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ അമേരിക്ക തുടരും എന്നും അദ്ദേഹം അറിയിച്ചു.

ആകെയുള്ള 1159 സീറ്റുകളില്‍ പ്രതിപക്ഷം കേവലം 164 സീറ്റുകളിലേക്ക് മാത്രമേ മത്സരിച്ചിട്ടുള്ളൂ എന്നതിനാല്‍ തെരഞ്ഞെടുപ്പ്‌ ഫലത്തിന് ഭരണ മാറ്റം കൊണ്ട് വരാന്‍ ആവില്ല എന്ന് ഉറപ്പാണ്. പാര്‍ലമെന്റ് സീറ്റുകളില്‍ തന്നെ 25 ശതമാനം സീറ്റുകള്‍ പട്ടാളത്തിന് വേണ്ടി നീക്കി വെച്ചിട്ടുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം എത്ര ശക്തമാണ് എന്ന് അറിയുവാന്‍ തെരഞ്ഞെടുപ്പ്‌ ഫലം സഹായകരമാവും എന്നാണ് ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ നാഷണല്‍ ഡെമോക്രാറ്റിക് ഫോഴ്സ്‌ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ വന്‍ തോതില്‍ കൃത്രിമം നടന്നതായി രാഷ്ട്രീയ നേതാക്കള്‍ ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ബലം പ്രയോഗിച്ചു വോട്ടര്‍മാരെ കൊണ്ട് തങ്ങള്‍ക്കു അനുകൂലമായി സൈന്യം വോട്ടു ചെയ്യിച്ചു, പലയിടത്തും ബോംബ്‌ ഭീഷണിയും അക്രമവും കൊണ്ട് വോട്ടര്‍മാരെ ഭയപ്പെടുത്തി വോട്ട് ചെയ്യാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി എന്നിങ്ങനെ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. വോട്ടര്‍ പട്ടികയിലും വോട്ടെണ്ണലിലും വമ്പിച്ച ക്രമക്കേട്‌ തന്നെ നടന്നു എന്നും സൂചനയുണ്ട്.

1962 മുതല്‍ മ്യാന്മാറില്‍ പട്ടാള ഭരണമാണ്. 1990ല്‍ വന്‍ ഭൂരിപക്ഷവുമായി പട്ടാള ഭരണത്തിനെതിരെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഔങ് സാന്‍ സൂ ചി യുടെ വിജയം അംഗീകരിക്കാതെ പട്ടാളം ഇവരെ വീട്ടു തടങ്കലില്‍ ആക്കുകയായിരുന്നു. ഇപ്പോഴും തടങ്കലില്‍ ആയ സൂ ചിക്ക് സമാധാനത്തിനുള്ള നോബല്‍ സമാനവും ലഭിച്ചു. രണ്ടായിരത്തിലേറെ രാഷ്ട്രീയ തടവുകാര്‍ ഇപ്പോഴും മ്യാന്‍മാറില്‍ തടവില്‍ കഴിയുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിക്കി ലീക്ക്സ്‌ അമേരിക്കയ്ക്കെതിരെ വീണ്ടും

October 24th, 2010

Julian-Assange-wikileaks-ePathram

ബാഗ്ദാദ് : ഇറാഖ്‌ യുദ്ധ കാലത്തെ അമേരിക്കന്‍ സൈന്യത്തെ സംബന്ധിക്കുന്ന രഹസ്യ രേഖകള്‍ വന്‍ തോതില്‍ പരസ്യപ്പെടുത്തിയ വിക്കി ലീക്ക്സ്‌ വെബ് സൈറ്റിനെതിരെ ഇറാഖ്‌ രംഗത്തെത്തി. ഈ രേഖകള്‍ പുറത്തു വിട്ട സമയം കണക്കിലെ ടുക്കുമ്പോള്‍ ഇതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ട് എന്നാണ് ഇറാഖി പ്രധാന മന്ത്രി നുരി അല്‍ മാലികി ആരോപിക്കുന്നത്. ഇന്റലിജന്‍സ്‌ രേഖകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് ഇറാഖില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി അന്വേഷണം നടത്താന്‍ ഐക്യ രാഷ്ട്ര സഭ അമേരിക്കയോട് ആവശ്യപ്പെട്ടു. വിക്കി ലീക്ക്സ്‌ രേഖകള്‍ പുറത്തു വിട്ടത് ഇറാഖിലെ അമേരിക്കന്‍ സൈനികരുടെ ജീവന് ഭീഷണിയായി എന്ന് അമേരിക്ക പറഞ്ഞു. എന്നാല്‍ അടുത്ത് തന്നെ അഫ്ഗാന്‍ യുദ്ധം സംബന്ധിച്ച 15000 ത്തോളം രഹസ്യ രേഖകള്‍ തങ്ങള്‍ പുറത്തു വിടും എന്ന് വിക്കി ലീക്ക്സ്‌ സ്ഥാപകന്‍ ജൂലിയന്‍ അസ്സാന്‍ജെ പ്രഖ്യാപിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മന്ത്രി സ്വവര്‍ഗ്ഗ വിവാഹം ചെയ്തു

September 20th, 2010

gay-german-councillor-epathramജര്‍മ്മനി: ജര്‍മ്മന്‍ വിദേശ കാര്യ മന്ത്രിയും ഡെപ്യൂട്ടി ചാന്‍സിലറുമായ ഗൈവഡോ വെസ്റ്റര്‍ വെല്ലെ സ്വവര്‍ഗ്ഗ പങ്കാളിയെ വിവാഹം ചെയ്തു. മിഖായേല്‍ മ്രോണ്‍സ് എന്ന ബിസിനസ്സു കാരനാണ് വെസ്റ്റര്‍ വെല്ലെയുടെ പങ്കാളി. ഇരുവരും ഏഴു വര്‍ഷത്തോളം പ്രണയത്തില്‍ ആയിരുന്നു. വെള്ളിയാഴ്ച ബോണില്‍ വച്ച് രജിസ്റ്റര്‍ വിവാഹത്തിലൂടെ ഇരുവരും ഒന്നിച്ചു. വിവാഹ ശേഷം ഹോട്ടലില്‍ സല്‍ക്കാരവും നടത്തി. ഇതോടെ ജര്‍മ്മനിയില്‍ ആദ്യത്തെ സ്വവര്‍ഗ്ഗ വിവാഹിതനായ രാഷ്ടീയക്കാരന്‍ എന്ന പദവി വെസ്റ്റര്‍ വെല്ലെക്ക് സ്വന്തമായി.

2001ല്‍ ആണ് ജര്‍മ്മനിയില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കിയത്. ഇതേ തുടര്‍ന്ന് നിരവധി സ്വവര്‍ഗ്ഗാനുരാഗികള്‍ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ സാധാരണ ദമ്പതികളുടെ മുഴുവന്‍ അവകാശങ്ങളും അവിടെ സ്വവര്‍ഗ്ഗ വിവാഹം കഴിക്കുന്നവര്‍ക്ക് ലഭിക്കുകയില്ല.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബുര്ഖ ധരിക്കാന്‍ നിര്‍ബന്ധിച്ചാല്‍ 18 ലക്ഷം പിഴയും ഒരു വര്ഷം തടവും

September 14th, 2010

face-veil-epathram

പാരീസ്‌ : പൊതു സ്ഥലത്ത് മുഖം മറയ്ക്കുന്ന ബുര്‍ഖ യും നിഖാബും ധരിക്കുന്നതിനെതിരെ ഫ്രാന്‍സില്‍ നാളെ അന്തിമ വോട്ടെടുപ്പ്‌ നടക്കും. മതത്തിന്റെ പേരെടുത്തു പറഞ്ഞിട്ടില്ലെങ്കിലും മുസ്ലിം വനിതകളെ മുഖം മറയ്ക്കാന്‍ നിര്‍ബന്ധിത രാക്കുന്നതില്‍ നിന്നും സംരക്ഷിക്കാനാണ് ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളാസ്‌ സര്‍ക്കോസി ഇത്തരമൊരു നിയമ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്.

കഴിഞ്ഞ ജൂലൈ മാസത്തില്‍ തന്നെ പൊതു സ്ഥലത്ത് മുഖം മറയ്ക്കുന്നത് ഫ്രാന്‍സില്‍ നിയമ വിരുദ്ധമാക്കി കൊണ്ട് ദേശീയ അസംബ്ലി ബില്ല് പാസാക്കിയിരുന്നു. ഈ ബില്ലിന്മേലാണ് നാളെ സെനറ്റ്‌ വോട്ടു ചെയ്യുന്നത്.

ബെല്‍ജിയം, സ്പെയിന്‍, ഇറ്റലി എന്നിങ്ങനെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളും സമാനമായ നിയമ നിര്‍മ്മാണം നടത്തുന്ന പ്രക്രിയയിലാണ്.

9000 രൂപയോളം പിഴയാണ് നിയമം ലംഘിച്ചു ബുര്‍ഖ ധരിക്കുന്നവര്‍ക്കുള്ള പിഴ. എന്നാല്‍ സ്ത്രീകളെ മതപരമായ കാരണങ്ങള്‍ പറഞ്ഞ് ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന പുരുഷന്മാര്‍ക്ക്‌ ഏറെ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. 18 ലക്ഷത്തോളം രൂപ പിഴയും ഒരു വര്ഷം തടവുമാണ് ഭാര്യമാരെയും പെണ്‍മക്കളെയും ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന പുരുഷന്മാര്‍ക്കുള്ള ശിക്ഷ.

- ജെ.എസ്.

വായിക്കുക: , , , , ,

2 അഭിപ്രായങ്ങള്‍ »

സ്വകാര്യത പ്രശ്നമില്ല; പണം മതി എന്ന് ബ്ലാക്ക്ബെറി

August 13th, 2010

blackberry-epathramന്യൂഡല്‍ഹി : ഉപയോക്താക്കള്‍ കൈമാറുന്ന ബ്ലാക്ക്ബെറി സന്ദേശങ്ങള്‍ പരിശോധിക്കാന്‍ അവരുടെ പിന്‍ നമ്പരും കോഡും ഇന്ത്യന്‍ സര്‍ക്കാരിന് കൈമാറാന്‍ ബ്ലാക്ക്ബെറി കമ്പനി സമ്മതിച്ചു. യു.എ.ഇ. അടക്കമുള്ള പല രാഷ്ട്രങ്ങളും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടും ഉപയോക്താക്കളുടെ സ്വകാര്യത ഉയര്‍ത്തി പിടിച്ചു ഇത്തരമൊരു ആവശ്യം അനുവദിക്കാതിരുന്ന കാനഡയിലെ റിസേര്‍ച് ഇന്‍ മോഷന്‍ (Research In Motion) കമ്പനിക്ക്  ഇന്ത്യയിലെ വന്‍ പിപണിയെ അവഗണിക്കാന്‍ കഴിയില്ല എന്നതിന്റെ സൂചനയാണിത് എന്നാണു ഈ കാര്യത്തില്‍ വിദഗ്ദ്ധരുടെ നിരീക്ഷണം.

ഇന്ത്യക്ക് പുറമേ യു.എ.ഇ., സൗദി അറേബ്യ, ഇന്‍ഡോനേഷ്യ, ബഹറൈന്‍ എന്നീ രാജ്യങ്ങളും ഇതേ ആവശ്യം ബ്ലാക്ക്ബെറി കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. കമ്പനി വഴങ്ങാത്തതിനെ തുടര്‍ന്ന് സൗദി അറേബ്യ ബ്ലാക്ക്ബെറിയുടെ പ്രവര്‍ത്തനം ഇന്ന് മുതല്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം പിന്നീട് മാറ്റുകയും തിങ്കളാഴ്ച വരെ പ്രവര്‍ത്തനം തുടരാന്‍ കമ്പനിയെ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. യു.എ.ഇ. യാകട്ടെ ഒക്ടോബര്‍ 11 കഴിഞ്ഞാല്‍ രാജ്യത്ത് ബ്ലാക്ക്ബെറിയുടെ സേവനം ലഭ്യമാകില്ല എന്നാണു അറിയിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം വരെ തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ കടന്നു കയറാന്‍ ലോകത്തെ ഒരു സര്‍ക്കാരിനെയും അനുവദിക്കില്ല എന്നും ഇന്റര്‍നെറ്റ്‌ എന്താണ് എന്ന് അറിവില്ലാത്തത്‌ കൊണ്ടാണ് വിദേശ സര്‍ക്കാരുകള്‍ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത് എന്നൊക്കെയായിരുന്നു കമ്പനി പറഞ്ഞു കൊണ്ടിരുന്നത്.

കമ്പനി അധികൃതര്‍ ഇന്ന് ആഭ്യന്തര മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയിലാണ് കമ്പനി നിലപാട് മാറ്റി സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിക്കി ലീക്ക്സിനു അമേരിക്കന്‍ താക്കീത്‌

August 7th, 2010

Julian-Assange-ePathramവാഷിംഗ്ടന്‍ : അഫ്ഗാന്‍ യുദ്ധത്തെ സംബന്ധിക്കുന്ന രഹസ്യ രേഖകള്‍ എത്രയും പെട്ടെന്ന് ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യുവാന്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ്‌ ഇന്റര്‍നെറ്റിലെ വിസില്‍ ബ്ലോവര്‍ വെബ് സൈറ്റായ വിക്കി ലീക്ക്സിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം വിക്കി ലീക്ക്സ്‌ ഏതാണ്ട് 71,000 അമേരിക്കന്‍ രഹസ്യ രേഖകള്‍ തങ്ങളുടെ വെബ് സൈറ്റിലൂടെ പരസ്യപ്പെടുത്തിയത് അമേരിക്കയ്ക്ക് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. ഈ രേഖകള്‍ എത്രയും പെട്ടെന്ന് വെബ് സൈറ്റില്‍ നിന്നും നീക്കം ചെയ്തു തങ്ങളെ തിരികെ ഏല്‍പ്പിക്കാനാണ് ഇപ്പോള്‍ അമേരിക്ക ആവശ്യപ്പെടുന്നത്.

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന പ്രസക്തിക്ക് മറ്റൊരു ഉദാഹരണമാണ് വിക്കിലീക്ക്സ്‌. കേന്ദ്രീകൃതമായ ഒരു ഓഫീസോ, ശമ്പളത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരോ ഇല്ലാത്ത വിക്കി ലീക്ക്സ്‌ വെബ് സൈറ്റ്‌ ഒരു ചെറിയ സംഘം ആളുകളാണ് നടത്തി കൊണ്ട് പോകുന്നത്. 800 ഓളം സന്നദ്ധ പ്രവര്‍ത്തകരും ഇവര്‍ക്ക്‌ സഹായത്തിനുണ്ട്. വിക്കി ലീക്ക്സിന്റെ ഉടമയായ ജൂലിയന്‍ അസ്സാന്‍ജെ ഓസ്ട്രേലിയക്കാരന്‍ ആണെങ്കിലും സുരക്ഷിതത്വ കാരണങ്ങളാല്‍ സ്വീഡനിലും ഐസ് ലാന്‍ഡിലും മാത്രമേ കാണപ്പെടാറുള്ളൂ. ഈ രണ്ടു രാജ്യങ്ങളും പൂര്‍ണ്ണമായ ഇന്റര്‍നെറ്റ്‌ സ്വകാര്യത ഉറപ്പു നല്‍കുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിറിയ പര്‍ദ്ദ നിരോധിച്ചു

July 21st, 2010

niqab-burqa-purdah-epathramഡമാസ്കസ് : അറബ് രാഷ്ട്രമായ സിറിയയും പര്‍ദ്ദ നിരോധിച്ചു. യൂറോപ്പിലും മധ്യ പൂര്‍വ രാഷ്ട്രങ്ങളിലും പര്‍ദ്ദയുടെ നിരോധനം ഏറെ രാഷ്ട്രീയ പ്രാധാന്യം കൈവരിച്ചു കഴിഞ്ഞിരിക്കുന്ന സമയത്ത് തങ്ങളുടെ മത നിരപേക്ഷ പ്രതിച്ഛായക്ക് മാറ്റ് കൂട്ടാനാണ് സിറിയ ഈ നീക്കം നടത്തിയത്. ഇതിന്റെ ഭാഗമായി സിറിയയിലെ സര്‍വകലാശാല കളില്‍ പര്‍ദ്ദ ധരിച്ച സ്ത്രീകളെ പ്രവേശിപ്പിക്കരുത്‌ എന്ന കര്‍ശന നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനികള്‍ക്കും അദ്ധ്യാപികമാര്‍ക്കും നിരോധനം ബാധകമാണ്.

സര്‍വകലാശാല കള്‍ക്ക് പുറമേ പ്രൈമറി വിദ്യാലയങ്ങളിലെ അദ്ധ്യാപികമാര്‍ക്കും നിരോധനം നടപ്പിലാക്കിയിട്ടുണ്ട്. നിരോധനം പാലിക്കാത്ത നൂറു കണക്കിന് അദ്ധ്യാപികമാരെ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അദ്ധ്യാപന ജോലിയില്‍ നിന്നും പഠനേതര ജോലികളിലേക്ക് മാറ്റി നിയമിച്ചു. വിദ്യാഭ്യാസ മന്ത്രാലയം നടപ്പില്‍ വരുത്തിയ ഈ നിരോധനം പക്ഷെ, തലയില്‍ തട്ടമിടുന്നതില്‍ നിന്നും പെണ്‍കുട്ടികളെ വിലക്കുന്നില്ല.

burqa-ban-france-epathram

ഫ്രാന്‍സിലും പര്‍ദ്ദ നിരോധിച്ചു

യാഥാസ്ഥിതിക ഇസ്ലാം മതത്തിന്റെ ഏറ്റവും പ്രകടമായ ചിഹ്നങ്ങളില്‍ ഒന്നായാണ് സ്ത്രീകളുടെ കണ്ണ് ഒഴികെ ശരീരം മുഴുവന്‍ മറയ്ക്കുന്ന പര്‍ദ്ദ കാണപ്പെടുന്നത്.

ഇത്തരമൊരു നിരോധനം ടര്‍ക്കിയില്‍ നേരത്തെ നടപ്പിലാക്കിയിരുന്നു. ആധുനിക ടര്‍ക്കിയുടെ മത നിരപേക്ഷ നിയമങ്ങള്‍ക്ക് വിരുദ്ധമാണ് വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ പര്‍ദ്ദ ധരിച്ചു വരുന്നത് എന്ന് പറഞ്ഞായിരുന്നു ഈ നിരോധനം.

മോഷ്ടാക്കള്‍ ഇത്തരം പര്ദ്ദയ്ക്കുള്ളില്‍ ഒളിച്ചു രക്ഷപ്പെടുന്നു എന്ന് പ്രചരിപ്പിച്ചാണ് ജോര്‍ദ്ദാനില്‍ സര്‍ക്കാര്‍ പര്‍ദ്ദയുടെ ഉപയോഗം തടയുന്നത്.

കഴിഞ്ഞ ദിവസം ഫ്രഞ്ച് നിയമസഭ പര്‍ദ്ദ നിരോധിച്ചു കൊണ്ടുള്ള പ്രമേയം വന്‍ ഭൂരിപക്ഷത്തിനാണ് പാസ്സാക്കിയത്. ഇത് ഫ്രാന്‍സിലെ മുസ്ലിം സമുദായത്തെ ഏറെ ചൊടിപ്പിച്ചിരുന്നു.

തനിക്ക് തന്റെ ശരീരം മറയ്ക്കുവാനുള്ള അവകാശം നിഷേധിയ്ക്കുന്നത് ന്യായമല്ല എന്ന് 20 കാരിയായ സമീറ പറയുന്നു. തന്റെ വിശ്വാസ പ്രമാണങ്ങള്‍ പറയുന്നതനുസരിച്ച് തനിക്ക് പര്‍ദ്ദ ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. ഇത് നിഷേധിയ്ക്കുന്ന പക്ഷം തനിക്ക് വിദ്യാഭ്യാസം തന്നെ നിര്‍ത്തി വെയ്ക്കേണ്ടി വരുന്ന അവസ്ഥയാവും ഉണ്ടാവുന്നത്. പര്‍ദ്ദ ധരിക്കുന്നത് മതം അനുശാസിക്കുന്നതാണ്. ഇത് തന്റെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വിഷയമാണ്.

women-without-burqa-epathram

ഏറെ പ്രായോഗികമാണ് പര്‍ദ്ദ എന്ന് അനുഭവസ്ഥരുടെ പക്ഷം

തന്നെ തെറ്റായ കണ്ണുകള്‍ കൊണ്ട് അന്യ പുരുഷന്മാര്‍ നോക്കുന്നത് തന്നെ അസ്വസ്ഥയാക്കുന്നു. പൊതു സ്ഥലത്ത് തനിച്ചു യാത്ര ചെയ്യേണ്ടി വരുമ്പോള്‍ മാന്യതയില്ലാതെ പെരുമാറുന്ന പുരുഷന്മാര്‍ മൂലം പല ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരുന്നു. ഇതെല്ലാം ഒഴിവാക്കാന്‍ പര്‍ദ്ദ ധരിക്കുന്നത് ഏറെ സഹായകരമാണ് എന്നാണു തന്റെ അഭിപ്രായം എന്നും സമീറ പറയുന്നു.

burqa-ban-in-france

ഇതില്‍ ഏതാണ് അഭികാമ്യം എന്നതാണ് ചോദ്യം

യൂറോപ്പില്‍ ആകമാനം പര്‍ദ്ദയ്ക്കെതിരായ വികാരം ശക്തമായി ക്കൊണ്ടിരി ക്കുകയാണ്. സ്പെയിന്‍, ബെല്‍ജിയം, ഹോളണ്ട് എന്നിങ്ങനെ പല യൂറോപ്യന്‍ രാഷ്ട്രങ്ങളിലും പര്‍ദ്ദ നിരോധിയ്ക്കുന്നത് സംബന്ധിച്ച അഭിപ്രായ രൂപീകരണം നടക്കുകയാണ്.

പരസ്പര ബഹുമാനത്തിലും സഹിഷ്ണുതയിലും അധിഷ്ടിതമാണ് ബ്രിട്ടീഷ്‌ സമൂഹമെന്നും അതിനാല്‍ പര്‍ദ്ദ നിരോധിക്കുന്നത് പോലുള്ള നടപടികളെ ബ്രിട്ടന്‍ സ്വാഗതം ചെയ്യില്ല എന്നും കഴിഞ്ഞ ദിവസം ബ്രിട്ടീഷ്‌ ഇമിഗ്രേഷന്‍ വകുപ്പ്‌ മന്ത്രി പ്രസ്താവിച്ചത് ശ്രദ്ധേയമാണ്.

വര്‍ദ്ധിച്ചു വരുന്ന സാമ്പത്തിക അസമത്വം മത തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു എന്ന് കരുതുന്നവരുണ്ട്. പുതുതായി ശക്തി പ്രാപിച്ചു വരുന്ന ഒരു ന്യൂനപക്ഷ സമ്പന്ന വര്‍ഗ്ഗത്തിന്റെ ആഡംബര പൂര്‍ണ്ണമായ വേഷ വിധാനങ്ങള്‍ ദരിദ്ര വര്‍ഗ്ഗത്തെ പര്ദ്ദയ്ക്കുള്ളില്‍ ഒളിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു എന്നാണു ചില സാമൂഹ്യ ശാസ്ത്രജ്ഞരുടെ അഭിപ്രായം. സമ്പന്ന വര്‍ഗ്ഗത്തിനു മുന്‍പില്‍ ആത്മാവിഷ്ക്കാരത്തിനുള്ള ഉപാധിയായി കടുത്ത മത തീവ്രവാദത്തിലേയ്ക്ക്‌ ഇവര്‍ തിരിയുന്നു എന്നും ഇവര്‍ ആശങ്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: ,

4 അഭിപ്രായങ്ങള്‍ »

20 of 2510192021»|

« Previous Page« Previous « പാക്കിസ്ഥാന് ഏഴര ബില്യന്‍ ഡോളര്‍ അമേരിക്കന്‍ സഹായം
Next »Next Page » ബ്ലാക് ബോക്സിന്റെ ഉപജ്ഞാതാവ് അന്തരിച്ചു »



  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു
  • ചാൾസ് മൂന്നാമന്‍റെ കിരീട ധാരണം 2023 മേയ് ആറിന്
  • രസതന്ത്ര നോബല്‍ സമ്മാനം മൂന്നു പേർക്ക്
  • ക്വാണ്ടം കമ്പ്യൂട്ടിംഗ് : ഭൗതിക ശാസ്ത്ര നോബല്‍ സമ്മാനം മൂന്നു പേര്‍ പങ്കിട്ടു
  • എലിസബത്ത് രാജ്ഞി അന്തരിച്ചു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine