ബാഗ്ദാദ് : സ്ഥാനം ഒഴിയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇറാഖില്‍ ഒരു മിന്നല്‍ സന്ദര്‍ശനം നടത്തി ഇറാഖ് യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല എന്ന് പറഞ്ഞ് യുദ്ധത്തെ ന്യായീകരിച്ചു സംസാരിച്ച അമേരിക്കന്‍ പ്രസിഡന്റിന് പത്ര സമ്മേളനത്തിന് ഇടയില്‍ ചെരിപ്പ് കൊണ്ട് ഏറ് കിട്ടി. തക്ക സമയത്ത് ഒഴിഞ്ഞു മാറിയത് കൊണ്ട് മാത്രം എറിഞ്ഞ രണ്ട് ഷൂസുകളും ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യനായി ഒട്ടനവധി തവണ തെരഞ്ഞെടുക്കപ്പെട്ട ബുഷിന്റെ മുഖത്ത് പതിച്ചില്ല. ഇറാഖ് പ്രധാന മന്ത്രി നൌരി അല്‍ മലീക്കിയുടെ കൂടെ നടത്തിയ പത്ര സമ്മേളനത്തില്‍ നൌറിക്ക് കൈ കൊടുക്കുവാന്‍ ബുഷ് മുന്നോട്ട് വന്നപ്പോഴാണ് ഒരു ടെലിവിഷന്‍ റിപ്പോര്‍ട്ടറായ മുന്‍തദാര്‍ അല്‍ സെയ്ദി വെറും 20 അടി ദൂരെ നിന്ന് തന്റെ രണ്ട് ഷൂസും അമേരിക്കന്‍ പ്രസിഡന്റിനു നേരെ വലിച്ചെറിഞ്ഞത്.
“ഇത് ഒരു വിട നല്‍കല്‍ ചുംബനം ആണെടാ പട്ടീ. ഇറാഖില്‍ ശേഷിക്കുന്ന വിധവകളുടേയും അനാഥരായ കുട്ടികളുടേയും കൊല്ലപ്പെട്ട ഇറാഖി പൊരന്മാരുടേയും വക ആണിത്” എന്ന് ഉറക്കെ അറബിയില്‍ വിളിച്ചു പറഞ്ഞു കൊണ്ടാണ് ഇയാള്‍ ചെരുപ്പ് എറിഞ്ഞത്.
ഇയാളുടെ മേല്‍ ചാടി വീണ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഇയാളുടെ നിലവിളി ഉയര്‍ന്ന് കേള്‍ക്കുകയും ഇയാളെ അവിടെ നിന്നും വലിച്ചിഴച്ച് കൊണ്ട് പോകുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടയില്‍ കൂടി ഇയാളെ കാണാന്‍ കഴിഞ്ഞില്ല എങ്കിലും ഇയാളെ വലിച്ച് ഇഴച്ച് കൊണ്ട് പോയ വഴി നീളെ രക്തം കിടന്നിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു.
ഇയാള്‍ ജോലി ചെയ്യുന്ന അല്‍ ബാഗ്ദാദിയ ടെലിവിഷന്‍ പിന്നീട് ഇയാളുടെ ജീവന്‍ രക്ഷിക്കണം എന്ന് ഇറാഖ് സര്‍ക്കാരിനോട് ടെലിവിഷനിലൂടെ അപേക്ഷിക്കുക യുണ്ടായി. ലോകമെമ്പാടും ഉള്ള മാധ്യമ പ്രവര്‍ത്തകര്‍ അല്‍ സെയ്ദിയുടെ മോചനത്തിനായി ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കണം എന്നും ചാനല്‍ അഭ്യര്‍ത്ഥിച്ചു.



ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട് പ്രകാരം ഇറാഖില്‍ ഇപ്പോഴും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു. ന്യൂന പക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍, തൊഴില്‍ വിദഗ്ധരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍, തടവുകാര്‍ക്കു നേരെയുള്ള പീഡനം, സ്ത്രീകളെ ആക്രമിക്കല്‍ എന്നിങ്ങനെയുള്ള കുറ്റ കൃത്യങ്ങള്‍ ഇറാഖില്‍ നിര്‍ബാധം തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിചാരണ ഇല്ലാതെയും നിയമ സഹായം ലഭ്യം ആക്കാതെയും വര്‍ഷങ്ങളോളം തടവുകാരെ ജെയിലുകളില്‍ പാര്‍പ്പിക്കുന്നത് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശി ക്കപ്പെട്ടിട്ടുണ്ട്. ഡോക്ടര്‍മാര്‍, വക്കീല്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ജഡ്ജിമാര്‍, വിദ്യാഭ്യാസ വിദഗ്ദ്ധര്‍ എന്നിങ്ങനെയുള്ള വിദഗ്ദ്ധരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വളരെ കൂടുതല്‍ ആണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇറാഖിലെ കുര്‍ദിസ്ഥാന്‍ പ്രദേശത്താണ് ഇത്തരം ആക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത്. ന്യൂന പക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും എതിരെ നടക്കുന്ന ആക്രമണങ്ങള്‍ തടയുവാന്‍ വേണ്ട നടപടികള്‍ അടിയന്തിരമായി സര്‍ക്കാര്‍ സ്വീകരിക്കണം എന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ശ്രീലങ്കന്‍ സൈന്യവും തമിഴ് പുലികളും തമ്മില്‍ കിളിനോച്ചിയില്‍ ഇന്നലെ നടന്ന രൂക്ഷമായ ഏറ്റുമുട്ടലില്‍ 120 പുലികളും 43 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുലികളോട് അനുഭാവം പുലര്‍ത്തുന്ന തമിള്‍നെറ്റ് എന്ന വെബ് സൈറ്റില്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തി യിരിക്കുന്നത്. നല്ലൂര്‍ പട്ടണം സൈന്യത്തിന്റെ ആക്രമണത്തില്‍ നിന്നും തങ്ങള്‍ ചെറുത്ത് തോല്‍പ്പിച്ചു. 43 ശ്രീലങ്കന്‍ സൈനികരെ തങ്ങള്‍ വക വരുത്തി. 70ഓളം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് വെബ് സൈറ്റ് അവകാശപ്പെട്ടു. എന്നാല്‍ 27 പട്ടാളക്കാര്‍ മാത്രമാണ് കൊല്ലപ്പെട്ടത് എന്നാണ് സൈനിക വക്താക്കള്‍ അറിയിച്ചത്. കിളിനോച്ചിയെ ഇരു വശത്തു നിന്നും വളഞ്ഞ സൈന്യം തമിഴ് പുലികളുടെ ഈ ശക്തി കേന്ദ്രം പിടിച്ചെടുക്കുന്നതില്‍ ഏറെ പുരോഗതി കൈ വരിച്ചു എന്നാണ് സൈന്യം അവകാശപ്പെടുന്നത്. പുലികളുടെ വയര്‍ലെസ് സന്ദേശങ്ങള്‍ സൈന്യം പിടിച്ചെടുത്തത് സൂചിപ്പിക്കുന്നത് 120 പുലികള്‍ എങ്കിലും ഇന്നലത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നു തന്നെയാണ്.

മലേഷ്യയിലെ ഏറെ ജനപ്രീതി നേടിയ ബ്ലോഗ്ഗറായ രാജ പെട്ര കമറുദ്ദീന്‍ തടവിലായി. തന്റെ ബ്ലോഗ് ആയ മലേഷ്യ ടുഡെ യില്‍ സര്‍ക്കാരിന് എതിരെ നടത്തിയ പരാമര്‍ശ ങ്ങള്‍ക്കാണ് ഇദ്ദേഹത്തെ രണ്ട് വര്‍ഷത്തേയ്ക്ക് തടവിന് ശിക്ഷിച്ചത്. ആഭ്യന്തര സുരക്ഷാ നിയമ പ്രകാരം ആണ് ശിക്ഷ. തായ് പേയില്‍ ഉള്ള കമുണ്‍ തിങ് ജെയിലില്‍ ഇന്ന് രാവിലെയാണ് പെട്രയെ തടവില്‍ ആക്കിയത്.


























